കുട്ടികള്‍ക്ക് ബോറടിച്ചാലും ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും മധുരത്തോട് ആര്‍ത്തി തോന്നാം

കുട്ടികള്‍ മധുരപ്രിയരാണ്. എന്നാല്‍ അമിതമായാല്‍ എന്തും ആരോഗ്യത്തിന് കേടുതന്നെ. കുട്ടികള്‍ക്ക് ബോറടിച്ചാലും ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും മധുരത്തോട് ആര്‍ത്തി തോന്നാം. വൈകാരികമായ ആശ്വാസത്തിന് വേണ്ടിയും കരച്ചിലടക്കാനും മിഠായികളെ കൂട്ടുപിടിക്കുന്ന കുട്ടികളുമുണ്ട്. ക്രോമിയം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കുറവുണ്ടെങ്കിലും മധുരം കഴിക്കാനുള്ള അതിയായ ത്വരയുണ്ടാകാം. അപ്പോള്‍ തുടര്‍ച്ചയായി ധാരാളം മധുരം കഴിക്കുകയും ചെയ്യുന്നു. മധുരപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങളില്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാറുമുണ്ട്. കുട്ടിയുടെ മധുരക്കൊതിക്ക് പിന്നിലെ കാരണം കണ്ടെത്തി വേണം അതിന് പരിഹാരം കാണാന്‍.
കുട്ടികള്‍ക്ക് എത്ര മധുരം കഴിക്കാം?
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മധുരത്തിന് പുറമെ ചേര്‍ക്കുന്ന പഞ്ചസാര (ആഡഡ് ഷുഗര്‍) പൂര്‍ണമായും ഒഴിവാക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനങ്ങളില്‍ പറയുന്നത്. രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഒരു ദിവസം 6 ടീസ്പൂണ്‍ (30 ഗ്രാം) പഞ്ചസാരവരെയാകാം. വിപണിയില്‍ വിപുലമായി കിട്ടുന്ന ലഹരിപാനീയങ്ങളുടെ ചെറിയ പാക്കറ്റില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് ഇതിലും കൂടുതലാണ്. എന്നാല്‍ ദിവസേന 30 ഗ്രാം പഞ്ചസാര കഴിക്കുന്നതുപോലും ആരോഗ്യകരമല്ലെന്ന് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസും നിര്‍ദേശിക്കുന്നു. നാലുമുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ദിവസം 19 ഗ്രാമില്‍ കൂടുതല്‍ മധുരം കൊടുക്കരുതെന്നാണ് അവിടുത്തെ മാനദണ്ഡം. ഏഴുമുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 25 ഗ്രാം പഞ്ചസാര വരെ ഒരു ദിവസം കഴിക്കാമെന്നും പറയുന്നു.
അമിതമധുരത്തിന്റെ പ്രശ്‌നങ്ങള്‍
അമിതമായി മധുരം കഴിക്കുന്ന കുട്ടികളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. കുട്ടികളുടെ രോഗപ്രതിരോധശേഷിയെ തന്നെ അത് ബാധിക്കുന്നുണ്ട്.
പല്ലുകളുടെ ആരോഗ്യം: അമിതമായ പഞ്ചസാര ഉപയോഗം വായ്ക്കുള്ളില്‍ ഹാനികരമായ ബാക്ടീരിയകള്‍ വളരുന്നതിന് കാരണമാകുന്നു. ഇനാമലിന്റെ ശക്തി ക്ഷയിക്കാനും പല്ലുകളില്‍ കുഴികള്‍ രൂപപ്പെടാനും ഇടയാക്കുന്നു.
അമിതവണ്ണം: അമിതമായി മധുരം കഴിക്കുന്ന കുട്ടികള്‍ക്ക് ശരീരഭാരം കൂടും. അമിതവണ്ണം കാരണം ഫാറ്റി ലിവര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം എന്നുതുടങ്ങി നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികള്‍ എപ്പോഴും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
സ്വഭാവത്തിലും ബൗദ്ധികവളര്‍ച്ചയിലുമുണ്ടാകുന്ന മാറ്റങ്ങള്‍: എ.ഡി.എച്ച്.ഡി പോലുള്ള പ്രശ്‌നങ്ങളുള്ള കുട്ടികള്‍ അമിതമായ മധുരം കഴിച്ചാല്‍ അവരുടെ ലക്ഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. പെട്ടെന്ന് ദേഷ്യപ്പെടുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്‌തേക്കാം. ബുദ്ധിവളര്‍ച്ചയിലും ശേഷിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഊര്‍ജവും ക്ഷീണവും: അമിതമായ അളവില്‍ പഞ്ചസാര ഉള്ളിലെത്തുമ്പോള്‍ കുട്ടികളുടെ ഊര്‍ജം കൂടും. അതോടെ കൂടുതല്‍ വികൃതിയും ഓട്ടവും ചാട്ടവുമെല്ലാം പ്രതീക്ഷിക്കാം. എന്നാല്‍ തൊട്ടുപിന്നാലെ ആ ഊര്‍ജം നഷ്ടമാകുകയും ചെയ്യുന്നു. അതോടെ കുട്ടികള്‍ അലോസരപ്പെടുകയും മൂഡ് ഓഫ് ആവുകയും ചെയ്യും. പിന്നെ മധുരം കിട്ടിയാലേ സ്ഥിതി സാധാരണഗതിയിലെത്തൂ. ഈ സ്ഥിതി തുടര്‍ന്നുപോയാല്‍ ഭാവിയില്‍ കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാം. പഠനത്തിലും മറ്റും ശ്രദ്ധിക്കാനുള്ള ശേഷിയെയും അത് ബാധിക്കുന്നു.
ആരോഗ്യകരമായി മധുരക്കൊതി മാറ്റാനുള്ള വഴികള്‍
അമിതമായ മധുരം ഉള്ളിലെത്താതെ തന്നെ കുട്ടികളുടെ മധുരക്കൊതി മാറ്റാനുള്ള മാര്‍ഗങ്ങള്‍ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. പഴങ്ങള്‍ അതിനുപറ്റിയൊരു പോംവഴിയാണ്. പ്രകൃതിദത്ത മധുരവും ധാരാളം നാരുകളും അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ കുട്ടികളുടെ വയര്‍ പെട്ടെന്ന് നിറഞ്ഞ പ്രതീതിയുണ്ടാവും.
മറ്റൊരുമാര്‍ഗം പാലും വെള്ളവുമാണ്. ശീതളപാനീയങ്ങളും സോഡകളും പാക്കറ്റിലുള്ള ജൂസുകളും വാങ്ങിക്കൊടുക്കുന്നതിന് പകരം പാല്‍ നല്‍കാം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കാനും പ്രോത്സാഹിപ്പിക്കാം. പഴച്ചാറുകളും ജൂസുകളും അമിതമാകാതെ ശ്രദ്ധിക്കണം. അവയിലും ധാരാളം മധുരം അടങ്ങിയിട്ടുണ്ട്. കൂടാതെ കടകളില്‍ കൂടുതല്‍ മധുരം ചേര്‍ക്കുകയും ചെയ്യും. ജൂസാക്കുന്നതിന് പകരം പഴങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. ഇതിനെല്ലാം പുറമെ കെച്ചപ്പുകള്‍ (ടൊമാറ്റോ സോസ്), സാലഡ് ഡ്രസിങ്ങുകള്‍ (മയോണൈസ് പോലെയുള്ളവ), ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയില്‍ ധാരാളം മധുരം ഒളിച്ചിരിപ്പുണ്ടെന്ന കാര്യം മറക്കരുത്. ഇവയിലൂടെയും കുട്ടികളുടെയുള്ളില്‍ ധാരാളം മധുരമെത്തുന്നുണ്ട്.
ഷുഗര്‍ അഡിക്ഷന്‍ മാറ്റാന്‍
കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പോഷകസമ്പുഷ്ടമായ ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വിശന്നിരിക്കേണ്ട സാഹചര്യമുണ്ടായാല്‍ മധുരം കഴിക്കാനുള്ള കൊതിയും കൂടും. അതൊഴിവാക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങളും സ്നാക്കുകളും വെള്ളവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രോടീനും ഫൈബറും അടങ്ങിയ സമീകൃതാഹാരമാണ് നല്‍കേണ്ടത്. അതോടെ ദീര്‍ഘനേരം വിശക്കാതിരിക്കും. കുട്ടികള്‍ മിടുക്ക് കാണിക്കുമ്പോഴെല്ലാം മധുരം കൊടുത്ത് സന്തോഷിപ്പിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്താം. മധുരക്കൊതിയുണ്ടാകുമ്പോള്‍ ആരോഗ്യകരമായ മറ്റ് ഭക്ഷണങ്ങളിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കാനായാല്‍, ആരോഗ്യകരമായ ഒരു ശരീരവും ഭാവിയും കുട്ടികള്‍ക്കുണ്ടാകും.
Content Highlights: sugar addiction in kids