സ്‌ട്രോക്കിന് കാരണമാകുന്ന ഘടകങ്ങള്‍ ഇവയാണ്; നിങ്ങള്‍ക്കുണ്ടോ ഈ ലക്ഷണങ്ങള്‍

ജീവിതശൈലീരോഗങ്ങളുടെ അനന്തരഫലമായാണ് സ്‌ട്രോക്ക് സംഭവിക്കാറുള്ളത്. അതായത് ബി.പി., കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം നിയന്ത്രിച്ചുനിര്‍ത്തിയില്ലെങ്കില്‍ സ്‌ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണെന്നര്‍ഥം. കേരളം ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായതിനാല്‍ സ്‌ട്രോക്കും മറ്റ് സങ്കീര്‍ണതകളും കൂടുതലായി കണ്ടുവരുന്നു. ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ സാധിക്കും; അതിന് കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിച്ചാല്‍.
സ്‌ട്രോക്കിന് ഇടയാക്കുന്ന ആപത്ഘടകങ്ങളെ രണ്ടായി തിരിക്കാം. ഒന്ന് സ്വയം നിയന്ത്രിക്കാവുന്ന ഘടകങ്ങളാണ്. അമിത ബി.പി, പ്രമേഹം, ഷുഗര്‍, അമിതവണ്ണം, മാനസികസമ്മര്‍ദം എന്നിവയെല്ലാമാണ് ഇക്കൂട്ടത്തില്‍ വരുന്നത്. പ്രായം, പാരമ്പര്യഘടകങ്ങള്‍ എന്നിവ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഘടകങ്ങളാണ്.
പ്രമേഹം
ദീര്‍ഘകാലമായി നിയന്ത്രണത്തിലല്ലാത്ത പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കും. ഇത്തരം രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ്കൂടാനുള്ള സാധ്യത കൂടുതലാണ്. അത് ഒടുവില്‍ സ്‌ട്രോക്കായി പരിണമിക്കും.
അമിത ബി.പി.
സ്‌ട്രോക്കിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് അമിത രക്തസമ്മര്‍ദമാണ്. ഉയര്‍ന്നുനില്‍ക്കുന്ന രക്തസമ്മര്‍ദം രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് തകരാറുകള്‍ക്ക് കാരണമാകും. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ സ്‌ട്രോക്കിന് ഇടയാക്കും.
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ അളവ് നിയന്ത്രണത്തിലല്ലെങ്കില്‍ രക്തത്തില്‍ കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം നേരിടുമ്പോള്‍ സ്‌ട്രോക്കിന് സാധ്യതകൂടുന്നു.
ടെന്‍ഷന്‍
കടുത്ത മാനസികസമ്മര്‍ദം ശരീരത്തിലെ ഹോര്‍മോണ്‍ നിലകളില്‍ മാറ്റംവരുത്തും. അതിന്റെ ഫലമായി ഹൈപ്പോതലാമസ് കൂടുതല്‍ സ്ട്രസ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. അതോടെ രക്തപ്രവാഹത്തിന് ശക്തികൂടി സ്‌ട്രോക്കിനുള്ള അവസരമൊരുങ്ങും.
ലഹരിയുടെ ഉപയോഗം
അമിതമായി മദ്യപിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതുവഴി രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാവും. മാത്രമല്ല മദ്യത്തിന്റെ അമിതോപയോഗം കൊഴുപ്പടിഞ്ഞ് രക്തക്കുഴല്‍ തകരാറാവുന്ന അതിറോസ്‌ക്ലീറോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.
Content Highlights: ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലമാണ് സ്‌ട്രോക്ക്