തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരമുണ്ട്, അറിഞ്ഞിരിക്കേണ്ടതെല്ലാം

റാബിസ് അഥവാ പേവിഷബാധ ഒരു മൃഗജന്യ രോഗമാണ്. ലൈസ വര്‍ഗത്തില്‍പ്പെട്ട റാബിസ് വൈറസാണ് പേവിഷബാധയുണ്ടാക്കുന്നത്. മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്ക് ഇവ വേഗം പടരും. പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ ചെറുമുറിവുകളിലൂടെയും മ്യൂകോസ എന്ന ശ്ലേഷ്മചര്‍മത്തിലൂടെയും മനുഷ്യശരീരത്തില്‍ കടക്കുന്നു.
ഇത് നാഡീഞരമ്പുകളിലൂടെ തലച്ചോറിലെത്തി നീര്‍വീക്കം ഉണ്ടാക്കുകയും ഹൃദയസ്തംഭനം, ശ്വാസതടസ്സം എന്നീ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അങ്ങനെയാണ് മരണം സംഭവിക്കുന്നത്.
മുറിവുകളുടെ എണ്ണം, ആഴം, വലിപ്പം, മുറിവേറ്റ ഭാഗം, കടിച്ച മൃഗത്തിന്റെ രോഗാവസ്ഥ ഇവ അനുസരിച്ചാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. കൂടുതല്‍ നാഡീവ്യൂഹമുള്ള മുഖത്തും കണ്ണിലും ഗുഹ്യഭാഗങ്ങളിലുമെല്ലാം കടിയേറ്റാല്‍ വളരെവേഗം അണുക്കള്‍ തലച്ചോറിലെത്താന്‍ സാധ്യതയുണ്ട്.
മനുഷ്യരില്‍ പ്രധാനമായി പട്ടികടിമൂലമാണ് (96%) പേവിഷബാധയുണ്ടാകുന്നത്. പൂച്ച, കുറുക്കന്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകും. എന്നാല്‍ എലി, മുയല്‍, അണ്ണാന്‍ എന്നീ കരണ്ടുതീനികള്‍ രോഗകാരികളല്ല.
ലക്ഷണങ്ങള്‍
- കടിയേറ്റാല്‍ മൂന്നുമുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
- കടിയേറ്റ ഭാഗത്ത് ചെറിയ തരിപ്പും ചൊറിച്ചിലും കണ്ടേക്കാം. തലവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.
- പേവിഷബാധയേറ്റ ഭൂരിഭാഗം പേരിലും മസ്തിഷ്‌കജ്വരം കാണാറുണ്ട്.
- കഴുത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതുമൂലം വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
- ശബ്ദം, പ്രകാശം എന്നിവയോട് അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം.
ഫസ്റ്റ് എയ്ഡ്
- മുറിവേല്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്ന അണുക്കള്‍ അവിടെ പെരുകി നാഡികളിലൂടെ വളരെവേഗം തലച്ചോറിലെത്താം. അതിനാല്‍ കാലതാമസം കൂടാതെ പ്രാഥമികശുശ്രൂഷ സ്വീകരിക്കണം.
- കടിയേറ്റ ഭാഗം തുറന്ന ടാപ്പിനടിയില്‍ വെച്ച് പത്തോ പതിനഞ്ചോ മിനിറ്റ് നന്നായി കഴുകുക. കടിയേറ്റ കാര്യം ദിവസങ്ങള്‍ കഴിഞ്ഞാണ് അറിയുന്നതെങ്കിലും ഇങ്ങനെ കഴുകണം.
- സോപ്പോ മറ്റ് അണുനാശിനികളോ (ആല്‍ക്കഹോള്‍, ബീറ്റാഡിന്‍, ഷേവിങ് ലോഷന്‍) കഴുകാന്‍ ഉപയോഗിക്കാം. എവിടെയെല്ലാം മുറിവുണ്ടോ അവിടെയെല്ലാം നന്നായി കഴുകണം. 80 % പേവിഷബാധയും ഇങ്ങനെ വൈറസുകളെ നശിപ്പിക്കുന്നതുവഴി തടയാവുന്നതാണ്.
- നഗ്‌നമായ കൈകൊണ്ട് മുറിവില്‍ സ്പര്‍ശിക്കരുത്.
- മുറിവുകളില്‍ കാപ്പിപ്പൊടി, ടൂത്ത് പേസ്റ്റ്, ഇലച്ചാറുകള്‍ എന്നിവയൊന്നും പുരട്ടരുത്.
- കടിയേറ്റ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും ഉടനെ തുന്നിക്കെട്ടരുത്. ആന്റീ റാബിസ് ചികിത്സ നല്‍കിയ ശേഷം മാത്രമേ തുന്നാന്‍ പാടുള്ളൂ.
- ആവശ്യമെങ്കില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കാം.
ആരെല്ലാം വാക്‌സിനെടുക്കണം
പ്രാഥമികശുശ്രൂഷ സ്വീകരിച്ച് ഉടന്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുക്കണം. ഇതിനായി മുറിവ് ഏതുവിഭാഗത്തിലുള്ളതാണെന്ന് മനസ്സിലാക്കണം. മുറിവുകളെ മൂന്ന് കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.
തൊലിയില്‍ മുറിവില്ലാതെ പട്ടി മാന്തുകയോ, നക്കുകയോ മറ്റോ ചെയ്താല്‍ ആദ്യ കാറ്റഗറിയില്‍
പെടുത്താം. ചെറിയ മുറിവുകള്‍ രണ്ടാം കാറ്റഗറിയിലും ആഴത്തിലുള്ള മുറിവുകളും രക്തംവരുന്ന തരത്തിലുള്ള കടികളും, ശ്ലേഷ്മചര്‍മത്തിലുള്ള എല്ലാ മുറിവുകളും മൂന്നാമത്തെ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കു
ന്നത്.
കാറ്റഗറി രണ്ടിലും മൂന്നിലുമുള്ള മുറിവുകള്‍ക്കാണ് പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പ് നല്‍കാറുള്ളത്.
കടിച്ചദിവസംതന്നെ കുത്തിവെപ്പ് എടുക്കണം. കാറ്റഗറി മൂന്നിലുള്ളവര്‍ക്ക് കുത്തിവെപ്പിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിന്‍ സെറം കൂടി നല്‍കും. മുറിവിന് ചുറ്റുമാണ് ഇത് നല്‍കുന്നത്. ശരീരഭാരം അനുസരിച്ചാണ് ഇതിന്റെ അളവ് നിശ്ചയിക്കാറുള്ളത്.
പ്രതിരോധ കുത്തിവെപ്പിലൂടെ സംരക്ഷണം ലഭിക്കുന്നതുവരെ ഇമ്മ്യൂണോഗ്ലോബുലിന്‍ വൈറസുകളെ നശിപ്പിക്കാന്‍ സഹായിക്കും.
കുത്തിവെപ്പുകള്‍
- പേശിയില്‍ എടുക്കുന്നത്, തൊലിപ്പുറത്തുള്ളത് എന്നിങ്ങനെ രണ്ടു വിധത്തിലാണ് വാക്‌സിന്‍ നല്‍കുന്നത്. പണ്ടത്തെപ്പോലെ പൊക്കിളിനുചുറ്റും ഇപ്പോള്‍ കുത്തിവെയ്ക്കാറില്ല.
- തൊലിപ്പുറത്തുള്ള കുത്തിവെപ്പ് നല്‍കുന്നത് രണ്ട് കൈത്തണ്ടയിലുമാണ്. കുത്തിവെപ്പിനുശേഷം കോട്ടണ്‍ ഉപയോഗിച്ച് തുടയ്ക്കരുത്.
- പേശിയിലുള്ള കുത്തിവെപ്പ് മുതിര്‍ന്നവരില്‍ കൈയില്‍ ഡെല്‍റ്റോയ്ഡ് പേശിയിലാണ് വെക്കുന്നത്. കുട്ടികളില്‍ തുടയുടെ പുറത്തും.
- ആദ്യത്തെ കുത്തിവെപ്പ് എടുത്തശേഷം 3, 7, 28 ദിവസങ്ങളില്‍ അടുത്ത ഡോസുകള്‍ എടുക്കണം. ആകെ നാല് ഡോസുകള്‍.
- പേശികളിലാണ് കുത്തിവെപ്പ് എങ്കില്‍ 14-ാമത്തെ ദിവസവും ഒരു ഡോസ് നല്‍കേണ്ടതുണ്ട്. ആകെ 5 ഡോസ്.
വാക്‌സിനെടുത്താലും വളരെ വിരളമായി രോഗി മരണത്തിന് കീഴടങ്ങാറുണ്ട്. അതിനു കാരണം വാക്‌സിന്റെ ശേഷിക്കുറവ് അല്ല. വാക്‌സിനെടുത്ത് ആന്റിബോഡി ഉണ്ടാകുന്നതിന് മുന്‍പുതന്നെ വൈറസ് തലച്ചോറിലെത്തുന്നതുകൊണ്ടാണ്. മുഖത്തോ കണ്ണിലോ മുറിവേല്‍ക്കുമ്പോള്‍ ഇതിന് സാധ്യത ഏറെയാണ്. മുറിവ് കഴുകുന്നത് ഉള്‍പ്പടെയുള്ള ഫസ്റ്റ്എയ്ഡ് സ്വീകരിക്കാതിരുന്നാലും വൈകിയാലും വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗബാധയുണ്ടാക്കാം.
പ്രതിരോധം എത്രനാള്‍
മുഴുവന്‍ഡോസ് വാക്‌സിനും എടുത്താല്‍ ലഭിക്കുന്ന പ്രതിരോധശേഷി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും. എന്നാല്‍ കുത്തിവെപ്പ് എടുത്ത് മൂന്നുമാസം കഴിഞ്ഞ് മൃഗങ്ങളുടെ കടിയേറ്റാല്‍ വീണ്ടും വാക്‌സിന്‍ എടുക്കേണ്ടിവരും. ഒരുതവണ പേവിഷബാധക്കെതിരെ കുത്തിവെപ്പ് എടുത്തയാള്‍ക്ക് വീണ്ടും എത്ര വര്‍ഷം കഴിഞ്ഞ് കടിയേറ്റാലും രണ്ട്‌ഡോസ് മാത്രം കൊടുത്താല്‍ മതിയാകും (ആദ്യ ദിവസവും, മൂന്നാമത്തെ ദിവസവും). ആദ്യം കുത്തിവെച്ച തീയതി ഓര്‍ക്കാത്തവരും മുന്‍പ് മുഴുവന്‍ കുത്തിവെപ്പ് എടുക്കാത്തവരും മുഴുവന്‍ കോഴ്‌സും വീണ്ടും എടുക്കുന്നതാണ് നല്ലത്. കുത്തിവെപ്പെടുത്ത ശേഷം സാധാരണജീവിതം തുടരാവുന്നതാണ്. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവര്‍ക്ക് അത് തുടരാം. കുറച്ചുദിവസത്തേക്ക് കഠിനമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കാം. വാക്‌സിന്‍ എടുത്തശേഷം പഥ്യമോ പ്രത്യേകിച്ച് വിശ്രമമോ ആവശ്യമില്ല.
വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷന്‍
വളര്‍ത്തുമൃഗങ്ങള്‍ക്ക് മൂന്നാംമാസവും ഒന്‍പതാംമാസവും കുത്തിവെപ്പ് എടുക്കണം. തുടര്‍ന്ന് ഓരോ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതാണ്. കുത്തിവെപ്പെടുത്ത സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചുവെക്കണം. ഇത്തരത്തില്‍ വാക്‌സിന്‍ എടുത്ത മൃഗങ്ങളില്‍നിന്ന് പേവിഷബാധ ഉണ്ടാവാന്‍ സാധ്യത കുറവാണ്. എങ്കിലും അവയുടെ കടിയേറ്റാല്‍ പത്തുദിവസം നിരീക്ഷിക്കാന്‍ കാത്തുനില്‍ക്കാതെ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്.
കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അവസരമുണ്ട്. അതിനായി കൊച്ചിയില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. തെരുവുനായ ആക്രമിക്കുകയോ തെരുവുനായമൂലം വാഹനാപകടം സംഭവിക്കുകയോ ചെയ്താല്‍ ആ വിവരങ്ങള്‍ ഒരു വെള്ളക്കടലാസില്‍ എഴുതി അയയ്ക്കണം. ഒപ്പം ആശുപത്രി ബില്ലുകള്‍, ഒ. പി. ടിക്കറ്റ്, മരുന്നുബില്ല്, വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവായ തുകയുടെ ബില്ല് എന്നിവയുടെ മൂന്ന് കോപ്പികളും അയയ്ക്കണം.
വിലാസം:
Justice Siri Jagan Committee
UPAD Building, Paramara Road, Kochi-682018.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9746157240
Content Highlights: antirabies vaccine, street dog attack in kerala, street dog