എ.ഡി.എച്ച്.ഡി രോഗം എനിക്ക് ഗുണം ചെയ്തു- ഷെെൻ ടോം ചാക്കോ

ഷെെൻ ടോം ചാക്കോ, ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ
ഷെെൻ ടോം ചാക്കോ, ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ

41-ാം വയസ്സില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എ.ഡി.എച്ച്.ഡി) ബാധിച്ചതായി ഫഹദ് ഫാസിലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ, തനിക്കും ഇതേ രോഗമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രകടനങ്ങള്‍ക്കും വിവാദ പരാമര്‍ശങ്ങള്‍ക്കും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് ഷൈന്‍. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് മാത്രമാണ് ഇതൊരു രോഗം, എനിക്ക് എ.ഡി.എച്ച്.ഡി ഏറെ ഗുണം ചെയ്‌തെന്നും താരം വെളിപ്പെടുത്തി.

സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എ.ഡി.എച്ച്.ഡി). ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ക്ഷമയില്ലാതെ എടുത്ത് ചാടി ഓരോന്ന് ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ് എ.ഡി.എച്ച്.ഡിയുള്ളവരില്‍ കണ്ടുവരുന്നത്. മിക്ക കേസുകളിലും 12 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗനിര്‍ണയം നടത്തുന്നത്. എന്നാല്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ പോലും പ്രകടമാവില്ല. എ.ഡി.എച്ച്.ഡി രോഗം വരാന്‍ ഒരു പ്രത്യേക കാരണമില്ല, പക്ഷേ ജനിതക ഘടകങ്ങള്‍ പലപ്പോഴും ഇതിനു കാരണമാകാറുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

''എനിക്ക് എ.ഡി.എച്ച്.ഡിഎന്ന അവസ്ഥയാണ്. രോഗനിര്‍ണയം നടത്തിയിട്ടേയുള്ളൂ. ഈ അവസ്ഥയുള്ള ആളുകള്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഒരു നടന്‍ ശരിക്കും മറ്റുള്ളവരുടെ  ശ്രദ്ധകൊണ്ടുമാത്രം ഉയര്‍ന്നുവരുന്ന ആളാണ്. അല്ലാത്തപക്ഷം അടച്ചിട്ട മുറിയില്‍ കിടന്നാൽ മതിയല്ലോ? എല്ലാ മനുഷ്യരിലും എ.ഡി.എച്ച്.ഡി ചെറിയതോതില്‍ കാണപ്പെടുന്നു. അതുകൊണ്ടാണ് നമ്മളെല്ലാവരും നല്ലവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത്.  എ.ഡി.എച്ച്.ഡി ഉള്ളവരില്‍, ഈ സ്വഭാവം കൂടുതല്‍ പ്രകടമാണ്, അതിനാലാണ് ഇതിനെ ഒരു ഡിസോര്‍ഡറായി കാണക്കാക്കുന്നത്. ഈ അവസ്ഥയുള്ളവർ എപ്പോഴും ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുകയും മറ്റ് അഭിനേതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ നേടുന്നതിനായി അവര്‍ കഥാപാത്രത്തിനനുസരിച്ച് പ്രകടനം നടത്തും. പുറത്തുനിന്നുള്ളവര്‍ മാത്രമാണ് ഇതിനെ ഒരു കുഴപ്പമായി കാണുന്നത്. ചിലർ പറയും  'ചെറിയൊരു കറ നല്ലതാണ്,' അല്ലേ? ഇത് എല്ലാവര്‍ക്കും ഗുണമായിരിക്കില്ല, പക്ഷേ എനിക്ക് ഈ അവസ്ഥ വളരെ ഗുണം ചെയ്തു.'' ഷൈന്‍ പറഞ്ഞു. 

Content Highlights: shine tom chacko diagnosed with adhd