ഷക്കീലയുടെ ഈയവസ്ഥയ്ക്കു കാരണം ഫോൺ ഭ്രമം, ആവശ്യമില്ലാത്ത വീഡിയോകൾ കാണരുതെന്ന് നടി

ഷക്കീല |ഫോട്ടോ: മധുരാജ്
ഷക്കീല |ഫോട്ടോ: മധുരാജ്

ഫോൺ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് എങ്ങനെയാണ് വില്ലനാവുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നടി ഷക്കീലയ്ക്കുണ്ടായ ദുരനുഭവം. മൊബൈൽ ഗെയിമിങ്ങിനും വീഡിയോകൾക്കും അടിമപ്പെട്ടതു കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തനിക്കു നേരിടേണ്ടി വന്നുവെന്ന് പറയുകയാണ് ഷക്കീലയിപ്പോൾ. 3 ലക്ഷം രൂപ ചെലവഴിച്ച് കഴുത്തിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. സ്വയം ട്രോളിക്കൊണ്ട് യൂട്യൂബ് ചാനലിലൂടെയാണ് നടി അനുഭവം പങ്കിട്ടത്.

ചെന്നൈയിലെ ആശുപത്രിയിലുള്ള തന്റെ ദൃശ്യങ്ങളും, ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിനെക്കുറിച്ചും ഷക്കീല വ്ലോഗിൽ വ്യക്തമാക്കുന്നുണ്ട്. പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ കഴുത്തിൽ കോളറിടാനാണ് (neck collar) ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. “ഫോൺ വളരെ ഉപയോഗപ്രദമായ ഒരു വസ്തുവാണ്, എന്നാൽ അത് ആവശ്യത്തിലധികം ഉപയോഗിക്കരുത്. ഞാൻ കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കുമായിരുന്നു. ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുക. ചായ കുടിച്ച ശേഷം, തിരിച്ചെത്തി അതേ ഗെയിം വീണ്ടും തുടരും. അതിനുശേഷം, യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീലുകൾ കണ്ട് മണിക്കൂറുകൾ ചെലവഴിക്കും. തെറ്റായ ഇരിപ്പുവശവും ഫോണിന്റെ അമിത ഉപയോഗവും എന്റെ കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ എന്നെ ഓപ്പറേഷൻ ടേബിളിൽ എത്തിക്കുകയും ചെയ്തു."-ശസ്ത്രക്രിയയ്ക്ക് ശേഷം കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നുവെന്നും അവർ പറയുന്നു.

"ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കുക. ആവശ്യമില്ലാത്ത വീഡിയോകൾ കാണുന്നത് ഒഴിവാക്കുക, എന്റെ വീഡിയോകൾ പോലും കാണരുത്, ഉപയോഗപ്രദമായവ മാത്രം കാണുക. അല്ലെങ്കിൽ, നിങ്ങൾക്ക് 3 ലക്ഷം രൂപ നഷ്ടപ്പെടുകയും വേദന സഹിക്കേണ്ടി വരികയും ചെയ്യും." കഴുത്തിൽ ടൈറ്റാനിയം സ്ക്രൂ ഉപയോഗിക്കേണ്ടി വന്നുവെന്നും വീഡിയോയിൽ ഷക്കീല വിശദീകരിക്കുന്നുണ്ട്.

ചെന്നൈയിലാണ് ഷക്കീല ജനിച്ചുവളർന്നത്. അമ്മ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്, അച്ഛൻ തമിഴ്‌നാട്ടുകാരനും. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് പഠനം നിർത്തേണ്ടി വന്ന അവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോഡലിങ്ങിലും സിനിമയിലും ഭാഗ്യം പരീക്ഷിച്ചു.

1995-ൽ സിൽക്ക് സ്മിതയും അഭിനയിച്ച 'പ്ലേ ഗേൾസ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. ഷക്കീലയുടെ അഡൾട്ട് സിനിമകൾ ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്കും നേപ്പാളി, ചൈനീസ് ഭാഷകളിലേക്കും ഡബ്ബ് ചെയ്യപ്പെട്ടിരുന്നു. 2002-ൽ, ഇനി ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും മുഖ്യധാരാ വേഷങ്ങൾ സ്വീകരിക്കാൻ തുടങ്ങുമെന്നും ഷക്കീല പ്രഖ്യാപിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Shakeela underwent a ₹3 lakh neck surgery due to severe health issues caused by mobile phone addiction., She spent hours lying sideways playing games and watching reels, damaging main veins in her neck., A titanium screw was used during the surgery performed by Dr Balamurugan at Medway Hospital, Chennai., Shakeela strongly warned parents and fans against excessive phone usage and watching unnecessary videos.