സമൂസയും ജിലേബിയും ഇത്രയും പ്രശ്നക്കാരോ?

ഇടവേളകളിലും സന്തോഷനിമിഷങ്ങളിലും കൊതിയോടെ നുണയുന്ന ജിലേബിയും സമൂസയും. മധുരം കിനിയുന്ന ജിലേബിയും എണ്ണയൂറുന്ന സമൂസയും പ്രശ്‌നക്കാരണെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പോടെയായിരിക്കും ഈ ഇഷ്ടവിഭവങ്ങള്‍ ഇനി മുന്നിലെത്തുക.
രാജ്യത്ത് അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജിലേബിക്കും സമൂസയ്ക്കും എതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. സിഗരറ്റ് കവറില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് നല്‍കുന്നതു പോലെ എണ്ണയും മധുരവും ഉള്ള ഭക്ഷണങ്ങള്‍ക്ക് എതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ലഘു ഭക്ഷണങ്ങളില്‍ എത്രത്തോളം കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നുള്ള കൃത്യമായ വിവരം ഓയില്‍ ആന്‍ഡ് ഷുഗര്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.
അതേസമയം ഇത് നിരോധനം അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതഭാരമുള്ളവരാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യയെ അമിതഭാരമുള്ളവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്തെത്തിക്കും. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തെറ്റായ ഭക്ഷണക്രമവും വ്യായാമക്കുറവും മൂലം ചെറുപ്പത്തില്‍ തന്നെ ഭാരം വര്‍ധിക്കുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
‘ഒരു ഗുലാബ് ജാമുനില്‍ അഞ്ച് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകള്‍ക്ക് അറിയാമെങ്കില്‍ അത് കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിച്ചേക്കാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇതിനെ കാണുന്നത്.’- പ്രമേഹരോഗ വിദഗ്ധന്‍ സുനില്‍ ഗുപ്ത പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: samosas and jalebis faces a warning from the health ministry due to rising lifestyle diseases