വായ്‌നാറ്റത്തിന് ഉപ്പിട്ട ചൂടുവെള്ളവും പെരുംജീരകവും മല്ലിയിലയും

വായ്‌നാറ്റം രോഗമല്ല, പക്ഷേ അത് രോഗത്തേക്കാള്‍ വലിയ അസ്വസ്ഥതയുണ്ടാക്കും. വായ്‌നാറ്റം മൂലം ആളുകളുമായി അടുത്തിടപഴകാനോ ആത്മവിശ്വാസത്തോടെ സംസാരിക്കാനോ സാധിക്കാതെവരുന്നു. ദഹനം ശരിയാകാത്തതും ദന്തരോഗം, മോണവീക്കം എന്നീ പ്രയാസങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. കഫക്കെട്ട്, ജലദോഷം, കരള്‍രോഗങ്ങള്‍ എന്നിവയും വായ്‌നാറ്റത്തിന് കാരണമാകാം. വായ്‌നാറ്റം തടയാനും നല്ല ശ്വാസോച്ഛ്വാസത്തിനും ഇനിപറയുന്ന ആയുര്‍വേദമാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
- ഉപ്പിട്ട ചെറുചൂടുവെള്ളം കവിള്‍കൊള്ളുന്നത് വായിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കും.
- എള്ളെണ്ണ, വെളിച്ചെണ്ണ, അരിമേദാദി തൈലം എന്നിവ കവിള്‍കൊള്ളുന്നത് വായ്‌നാറ്റം അകറ്റും.
- ഭക്ഷണശേഷം തുളസിയില, മല്ലിയില, പുതിനയില എന്നിവ ചവച്ചുനോക്കൂ, വായ്‌നാറ്റം ഒരുപരിധിവരെ തടയാം.
- പെരുംജീരകം, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, അയമോദകം എന്നിവ ആഹാരശേഷം ചവയ്ക്കുന്നതും നല്ലതാണ്.
ഡയറ്റ് മാറ്റാം
ആഹാരത്തില്‍ ചില പ്രത്യേകവിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വായ്‌നാറ്റം തടയാനും നല്ലതാണ്.
- ചുവന്നുള്ളി, സവാള, വെളുത്തുള്ളി എന്നിവ കുറച്ചുമാത്രം ഉപയോഗിക്കാം.
- ഓറഞ്ച്, ആപ്പിള്‍, നെല്ലിക്ക, പേരക്ക എന്നീ പഴങ്ങള്‍ കഴിക്കാം.
- ഉപ്പുചേര്‍ത്ത വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചുനോക്കൂ.
- സാലഡുകള്‍ നല്ലതാണ്. കക്കിരി, വെള്ളരി, കാരറ്റ്, തക്കാളി എന്നിവ ചേര്‍ത്ത സാലഡില്‍ കുരുമുളകും ഉപ്പും ചേര്‍ത്ത് കഴിക്കാം.
- വായിലെ വ്രണങ്ങള്‍ ഒഴിവാക്കാനായി തേന്‍ അല്പം കവിള്‍കൊള്ളാം.
- മദ്യപാനം, പുകവലി, പാന്‍മസാല എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
- വായില്‍ വരള്‍ച്ച തോന്നുകയാണെങ്കില്‍ ധാരാളം വെള്ളംകുടിക്കാം.
Content Highlights: remedies for bad breath