കുഞ്ഞ് നിർത്താതെ കരഞ്ഞാൽ ശ്രദ്ധിക്കണം; ഇതായിരിക്കാം കാരണം

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ, രോഗം കണ്ടെത്തി ചികിത്സിച്ചാലേ ടെൻഷൻ തീരൂ. പ്രതിരോധശേഷി കുറവായതിനാൽ കുട്ടികൾക്ക് രോഗംവരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പകർച്ചവ്യാധികളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധവേണം. എന്തെങ്കിലും അസുഖം വന്നാൽ തന്നെ അമിതമായി ആശങ്കപ്പെടാതെ കൃത്യമായ വൈദ്യോപദേശം തേടുകയും വേണം.

നിർത്താതെ കരയുമ്പോൾ
കുട്ടികൾ നിർത്താതെ കരയുന്നത് പല വേദനകളുടെയും ലക്ഷണമാണ്. കുഞ്ഞിന് അസ്വസ്ഥതയുണ്ട് എന്നതിന്റെ ലക്ഷണമാണ് കരച്ചിൽ. വിശക്കുമ്പോഴും ചൂട്, തണുപ്പ് എന്നിവ അസഹനീയമാകുമ്പോഴും കുട്ടി കരയും. പരിഭ്രമിക്കാതെ കുട്ടിയെ പരിശോധിക്കണം. ദേഹത്ത് തടിപ്പോ തിണർപ്പോ ഇല്ലെന്ന് ഉറപ്പാക്കണം. ഓരോ അവയവങ്ങളും പരിശോധിക്കണം. എവിടെയെങ്കിലും തൊടുമ്പോൾ കരയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

ചെവിവേദനിച്ചാൽ
കുട്ടി നിർത്താതെ കരയുന്നത് ചിലപ്പോൾ ചെവി വേദനകൊണ്ടാകാം. പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. വേദനയുള്ള ചെവി കുട്ടി കൈകൊണ്ട് തൊട്ടുകരയും. ചെവി തൊടുമ്പോൾ കരച്ചിൽ കൂടുന്നുണ്ടെങ്കിൽ വേദന ഉറപ്പിക്കാം. മരുന്നുകളോ മറ്റ് ദ്രാവകങ്ങളോ ഒന്നും ആ സമയത്ത് ചെവിയിൽ ഒഴിക്കരുത്. സ്വയംചികിത്സ പാടില്ല. ചെവി വേദനയ്‌ക്കൊപ്പം പനി കൂടിയുണ്ടെങ്കിൽ ഡോക്ടറെ കാണുന്നതാണ് ഉചിതം.

വയറുവേദന വന്നാൽ
വയറുവേദനയുള്ള കുട്ടികളും ചിലപ്പോൾ നിർത്താതെ കരയാറുണ്ട്. മുലപ്പാൽ കുടിച്ചുകഴിഞ്ഞാൽ കുട്ടിയെ നേരെയിരുത്തി ഗ്യാസ് കളഞ്ഞാൽ ചെറിയ വയറുവേദനകളെല്ലാം മാറും. ഇങ്ങനെ ചെയ്തിട്ടും കരച്ചിൽ നിൽക്കുന്നില്ലെങ്കിൽ മറ്റെന്തെങ്കിലും രോഗമാണെന്ന് കരുതാം. ഡോക്ടറുടെ സഹായം തേടാം.

സ്വയം ചികിത്സ വേണ്ട
കുട്ടികളായാലും മുതിർന്നവരായാലും സ്വയംചികിത്സ അപകടം ചെയ്യും. കുട്ടിക്ക് രാത്രി പനിച്ചാൽ ഡോക്ടർ മുൻപ് നിർദേശിച്ച പാരസിറ്റാമോൾ പോലുള്ള മരുന്ന് നൽകാം. എന്നാൽ പനി മറ്റ് രോഗങ്ങളുടെ ലക്ഷണവുമാകാം. അതുകൊണ്ടുതന്നെ പനിക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ സ്വയംചികിത്സ തുടരാതെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Common reason for infants crying and how to solve it