'പക്ഷാഘാതത്തിന് 70 ശതമാനം സാധ്യത, മരിക്കാനുള്ള സാധ്യത 30 ശതമാനം', റാണ ദഗ്ഗുബാട്ടി

റാണ ദഗ്ഗുബതി / ANI
റാണ ദഗ്ഗുബതി / ANI

മികച്ച കഥാപാത്രങ്ങൾക്കായി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് തെലുഗുനടൻ റാണ ദഗ്ഗുബാട്ടി. കടുത്ത ഡയറ്റ് പിന്തുടർന്ന് ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊന്നും അദ്ദേഹത്തിന് യാതൊരു മടിയുമില്ല.

ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ അതിജീവിച്ചാണ് റാണ മുന്നോട്ടുപോകുന്നത്. വലതുകണ്ണിലെ കോർണിയ മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ തുടങ്ങി ഒട്ടേറെ ചികിത്സകൾക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. അതിനൊക്കെ ഇടയിലും അഭിനയത്തോടുള്ള അഭിനിവേശമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആരോഗ്യപ്രശ്നങ്ങൾക്ക് ശേഷം ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറയുന്നു. തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയത് വർഷങ്ങൾക്കുമുമ്പ് നടി സാമന്തയുടെ ടോക്ക്‌ഷോയിലാണ്.

''ജീവിതം വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ, പെട്ടെന്ന് ഒരു പോസ് ബട്ടൺ മുഴങ്ങി. രക്തസമ്മർദ്ദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി. ഇതെല്ലാം ചേർന്ന് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു''. അസുഖം മൂലം താൻ മരിക്കാൻ 30 ശതമാനം വരെ സാധ്യതയുണ്ടായിരുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.

''എന്റെ സിനിമകളാണ് എന്നെ ഓരോന്നും അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്'', റാണ വെളിപ്പെടുത്തി. ഇപ്പോഴിതാ റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ ആ കാലം ഓർത്തെടുക്കുകയാണ് താരം. ''എനിക്ക് ആദ്യമായി രോഗനിർണയം നടത്തിയപ്പോൾ, അതൊരു ഞെട്ടലായിരുന്നു. നിങ്ങൾക്ക് ഒന്നും സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല, അല്ലേ? നിങ്ങൾ സാധാരണയായി ചിന്തിക്കുന്നത് അങ്ങനെയല്ലേ. നിങ്ങളുടെ ചിന്തയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം തന്നെ നിങ്ങളാണ്. എനിക്ക് സ്ഥാനഭ്രംശം സംഭവിക്കാമെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കിയത് അസുഖം വന്നപ്പോഴാണ്. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സുഖമില്ലെങ്കിൽ എന്തു തോന്നണമെന്ന് നിങ്ങൾക്കറിയാം; എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയാം. എന്നാൽ നിങ്ങൾക്ക് അത് സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയില്ല. അതെ, നിങ്ങൾക്ക് ധാരാളം ആളുകളിൽ നിന്ന് സഹതാപം ലഭിക്കുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ ശരിക്കും ആഗ്രഹിക്കുന്നു, കാരണം അവരും ഞെട്ടലിലാണ്''.

അതോടെ സിനിമകളെല്ലാം നിർത്തിവെച്ചു റാണ. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ''ഞാനൊറ്റയ്ക്കാണ് പോയത്. ഞാനും എന്റെ ചിന്തകളും മാത്രം. അങ്ങനെ മതിയെന്ന് തീരുമാനിച്ചതും ഞാൻ തന്നെ''. രോഗവിമുക്തിക്കുശേഷമുള്ള കാലത്തെ, തന്റെ ജീവിതത്തിലെ 'സെക്കന്റ് ചാപ്റ്റർ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rana Daggubati reveals his battle with a 30% death risk, kidney failure, and stroke. Discover how he overcame health challenges and found a new perspective on life. Learn about his inspiring journey of resilience and comeback.