പ്രിയപ്പെട്ട ലിപ് ഷേഡുകൾ ആസ്വദിച്ചു കൊണ്ടു തന്നെ ചുണ്ടുകളിലെ പിഗ്മെന്റേഷൻ അകറ്റാം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

ലിപ്സ്റ്റിക് തരുന്ന ആത്മവിശ്വാസം ഒന്നു വേറെത്തന്നെയെന്ന് അഭിപ്രായമുള്ളവരായിരിക്കും ഇന്നേറെയും. എന്നാൽ ലിപ്സ്റ്റിക് നമ്മുടെ നമ്മുടെ ചുണ്ടുകളിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം. ലിപ്സ്റ്റിക്കിന്റെ നിറം ചുണ്ടുകളുടെ സ്വാഭാവിക നിറത്തെ പതിയെ പതിയെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ചുണ്ടുകളിലെ പിഗ്മെന്റേഷന് കാരണമാകുന്നു. നമ്മുടെ ചുണ്ടുകളിലെ ചർമത്തിന് നിറംമാറ്റം സംഭവിക്കുകയോ ഇരുണ്ടുപോവുകയോ ചെയ്യുന്ന അവസ്ഥയാണ് ലിപ് പിഗ്മെന്റേഷൻ. ചുണ്ടുകളിലെ കോശങ്ങളിൽ മെലാനിൻ ഉത്പാദനം വർധിക്കുന്നതാണ് ഇതിനു കാരണം. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവമനുസരിച്ചാണ് തീവ്രതയും മങ്ങലും വെളിപ്പെടുക. ഒരിക്കൽ ആത്മവിശ്വാസം തന്നിരുന്ന കാര്യം ക്രമേണ നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തുന്നതിലേക്ക് നയിക്കാനും ഇതിലൂടെ സാധ്യതയുണ്ട്. 

അമിതമായ മെലാനിൻ ഉത്പാദനത്തിന് കാരണമാകുന്ന സിന്തറ്റിക്, രാസ സംയുക്തങ്ങൾ ഇന്നത്തെ പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയിട്ടുണ്ട്. ഇവ തുടർച്ചയായി പുരട്ടുകയും പരുക്കനായി നീക്കം ചെയ്യുകയും ചെയ്യുന്നത് ചുണ്ടുകളിലെ ലോലമായ ചർമ്മത്തിന് ചെറിയ മുറിവുകൾ (മൈക്രോ-ട്രോമ) ഉണ്ടാക്കുന്നു. ഇതൊരു പ്രതിരോധ സംവിധാനമെന്ന നിലയിൽ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കാൻ നിങ്ങളുടെ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയാണ് ലിപ്സ്റ്റിക് നമ്മുടെ ചുണ്ടുകളിൽ പ്രവർത്തിക്കുന്നത്. ലിപ്സ്റ്റിക്ക് മൂലമുള്ള പിഗ്മെന്റേഷൻ ഒഴിവാക്കാൻ ചില വഴികളുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഷേഡുകൾ ആസ്വദിച്ചു കൊണ്ടു തന്നെ ചുണ്ടുകളിലെ പിഗ്മെന്റേഷനെ ഒരു പരിധി വരെ നമുക്ക് അകറ്റി നിർത്താം.

ആദ്യമായി ചെയ്യേണ്ടത് ഒരുപാടു ലിപ്സ്റ്റിക്കുകൾ വാങ്ങുന്നതിനു പകരം അവയുടെ ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകുക. ലെഡും അതുപോലുള്ള മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടില്ലെന്ന് വ്യക്തമായി പറയുന്ന ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക. ഏതൊരു ലിപ്സ്റ്റിക് വാങ്ങുന്നതിന് മുൻപും അതിന്റെ ചേരുവകളുടെ ലിസ്റ്റ് വായിക്കേണ്ടത് പ്രധാനമാണ്. അലുമിനിയം സംയുക്തങ്ങൾ അടങ്ങിയവയും, അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കാത്ത ബ്രാൻഡുകളും ഒഴിവാക്കുക. സ്വാഭാവിക മെഴുകുകളും വിറ്റാമിൻ ഇ പോലുള്ള ചേരുവകളും മികച്ചതാണ്. കൂടാതെ ശരിയായ ലിപ്സ്റ്റിക് ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഒരിക്കലും ലിപ്സ്റ്റിക്ക് ഇട്ടുകൊണ്ട് ഉറങ്ങരുത്, കാരണം ഇത് ദീർഘനേരം ചർമ്മത്തിൽ തങ്ങുന്നത് അസ്വസ്ഥതകൾക്കും കറകൾക്കും കാരണമാകും. ഉറങ്ങുന്നതിന് മുൻപ് എല്ലായ്‌പ്പോഴും മൃദുവായ, എണ്ണ അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് റിമൂവർ ഉപയോഗിച്ച് ചുണ്ടുകൾ വൃത്തിയാക്കുക. അതിനുശേഷം പോഷകഗുണമുള്ള ഒരു ലിപ് ബാം പുരട്ടുക.

ലിപ്സ്റ്റിക്ക് ഇടുന്നതിന് മുൻപും ഒരു ലിപ് പ്രൈമറോ അല്ലെങ്കിൽ എസ്പിഎഫ് അടങ്ങിയ ലിപ് ഭാമോ പുരട്ടണം. ഇത് ചർമത്തിന് നേരിയ സംരക്ഷണം നൽകും. മാറ്റ് ഫിനിഷ്, ലോങ്ങ്-ലാസ്റ്റിങ് ഫോർമുലകൾ മിക്കവാറും എല്ലാവർക്കും പ്രിയപ്പെട്ടതാവും. എന്നാലും അവ പരിമിതപ്പെടുത്താൻ ശ്രമിക്കുക. ദീർഘനേരം നിലനിൽക്കുമെങ്കിലും, അവ ചുണ്ടുകളെ വല്ലാതെ വരണ്ടതാക്കും. നിങ്ങൾക്ക് അവ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ഉപയോഗശേഷം നന്നായി നീക്കം ചെയ്യുകയും നന്നായി മോയിസ്ചറൈസ് ചെയ്യുകയും വേണം.

ലിപ്സ്റ്റിക്കുകൾ മാത്രമല്ല ചുണ്ടുകളിലെ പിഗ്മെന്റേഷനു കാരണം. ജനിതകപരമായ കാരണങ്ങളാലോ പ്രായമാകുന്നതിനാലോ ഒരു പരിധി വരെ ചുണ്ടുകൾക്ക് ഇരുണ്ട നിറം വരുന്നത് സ്വാഭാവികമാണ്. സ്വാഭാവികമായി ചുണ്ടുകളിലെ കോശങ്ങളിൽ മെലാനിൻ ഉത്പാദനം വർധിക്കുന്നതാണ്  ഇതിന് പ്രധാന കാരണം. ജനിതകപരമായ പ്രവണത, ഹോർമോൺ വ്യതിയാനങ്ങൾ, അല്ലെങ്കിൽ അമിതമായി വെയിലേൽക്കുന്നത്, പുകവലി പോലുള്ള പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവയും ഇതിന് കാരണമാകുന്നു.

(പൊതുവായ നിർദേശങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോവുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: love lipstick but worried about pigmentation? Learn how to choose the right products and maintain lip health for a vibrant, natural look.