ഐസ് കഴിക്കാറുണ്ടോ, മുടി,മണ്ണ്, കടലാസ്സ് എന്നിവ കഴിക്കുന്നതും അതേ ഡിസോര്‍ഡര്‍ തന്നെ

കുട്ടിക്കാലത്ത് ഒരു കൗതുകത്തിന് മണ്ണ് വാരിക്കഴിച്ചവരാകും പലരും. കടലാസ് ചെറിയ കഷണങ്ങളാക്കി വായിലിടുന്നവരും കുറവല്ല. മറ്റു ചിലര്‍ക്ക് ഐസ് കഴിക്കുന്നതാകും താത്പര്യം. ഇങ്ങനെ ശരീരത്തിന് ഗുണമൊന്നുമില്ലാത്ത, ഭക്ഷണമല്ലാത്ത വസ്തുക്കളെ ആഹാരമാക്കുന്ന അവസ്ഥയാണ് പൈക്ക ഡിസോര്‍ഡര്‍. പൊതുവെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാറില്ലെങ്കിലും അപകടകരമായ വസ്തുക്കള്‍ കഴിക്കുന്നവര്‍ക്ക് ജീവാപായം പോലും സംഭവിച്ചേക്കാം.
ലാറ്റിന്‍ അമേരിക്കയില്‍ ധാരാളമായി കാണപ്പെടുന്ന മാഗ്പൈ പക്ഷികളില്‍ നിന്നാണ് ഈ അവസ്ഥയ്ക്ക് ഇങ്ങനെയൊരു പേര്. ഈ പക്ഷികളെ പൈക്ക എന്നാണ് വിളിക്കാറ്. നിരന്തരം ചിലച്ചുകൊണ്ടിരിക്കുന്ന ഈ വായാടി പക്ഷികള്‍ പുള്ള് ഇനത്തില്‍പെടുന്നു. അസ്വാഭാവികമായ ആഹാരരീതിയാണ് ഇവയ്ക്ക്. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറിന് ഇവയുടെ പേരുവീണത്.
പൈക്ക അവസ്ഥ പലതരത്തിലുണ്ട്. അവയില്‍ ചിലത് ഏതൊക്കെയെന്ന് നോക്കാം
- അക്യുഫാഗിയ- ആണി പോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കഴിക്കുന്നത്
- അമൈലോഫാഗിയ- അന്നജം കഴിക്കുന്നത്
- ഹയാലോഫാഗിയ- ഗ്ലാസ് വസ്തുക്കള്‍ കഴിക്കുന്നത്
- ജിയോഫാഗിയ- മണ്ണ്, കളിമണ്ണ് എന്നിവ കഴിക്കുന്നത്
- ലിത്തോഫാഗിയ- കല്ലോ പാറയോ കഴിക്കുന്നത്
- ക്‌സൈലോഫാഗിയ- മരക്കഷ്ണം അതില്‍നിന്നുണ്ടാക്കുന്ന പേപ്പര്‍ എന്നിവ കഴിക്കുന്നത്
- പാഗോഫാഗിയ- ഐസ് കഴിക്കുന്നത്
- ട്രൈക്കോഫാഗിയ- മുടി, കമ്പിളി എന്നിങ്ങനെയുള്ള ഫൈബറുകള്‍ കഴിക്കുന്നത്
രക്തത്തിനോട് താത്പര്യമുള്ളവര്‍ മുതല്‍ വിസര്‍ജ്യത്തോട് താത്പര്യമുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ഏതു പ്രായക്കാര്‍ക്കും ഏതവസ്ഥയിലുള്ളവര്‍ക്കും ഈ ഡിസോര്‍ഡര്‍ വന്നേക്കാം. എന്നാലും ആറ് വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, സ്‌കീസോഫ്രീനിയ പോലുള്ള മാനസിക പ്രശ്നങ്ങളുള്ളവര്‍ എന്നീ വിഭാഗക്കാരിലാണ് പൊതുവെ പൈക്ക കണ്ടുവരുന്നത്.
ട്രൈക്കോഫാഗിയ എന്ന മുടി തിന്നുന്ന അവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണുള്ളത്. മുടി ദഹനവയവങ്ങളില്‍ അടിഞ്ഞുകൂടി തടസ്സമായേക്കാം. മണ്ണ് തിന്നുന്നവരില്‍ (ജിയോഫാഗിയ) സൂക്ഷ്മാണുക്കള്‍ ഉള്ളില്‍ചെന്ന് രോഗങ്ങള്‍ വരാന്‍ സാധ്യതയുമുണ്ട്. ആവശ്യത്തിനുള്ള പോഷകങ്ങള്‍ കിട്ടാതെയുള്ള വിളര്‍ച്ച, മലബന്ധം തുടങ്ങി വിഷബാധയേറ്റുള്ള മരണം വരെയാണ് പൈക്കയുടെ പ്രത്യാഘാതം.
വളരുന്നതോടെ കുട്ടികളില്‍ ഈ അവസ്ഥ സ്വാഭാവികമായി മാറാറുണ്ട്. ഗര്‍ഭിണികളിലും പ്രസവാനന്തരം മാറ്റമുണ്ടാകും. പൈക്ക കൃത്യസമയത്ത് തിരിച്ചറിയാനുള്ള ടെസ്റ്റുകളുണ്ട്. തെറാപ്പികളിലൂടെ ഈ അവസ്ഥയില്‍ നിന്ന് കര കയറാനാകും.
Content Highlights: pica eating disorder