'എനിക്ക് ആ അസുഖമുണ്ട്, പക്ഷേ അത് വലിയൊരു കാര്യമാക്കി മാറ്റാൻ താത്പര്യമില്ല'

നേരത്തെ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് / ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്കും ഈ അസുഖമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.

രഞ്ജിനി ഹരിദാസുമായുള്ള സംഭാഷണത്തിനിടെയാണ് പാർവതി ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻകാലങ്ങളിൽ വർഷത്തിൽ കുറച്ചു ദിവസങ്ങൾ മാത്രമേ തനിക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നുള്ളൂ എന്നും അവർ പറഞ്ഞു. തന്നിൽത്തന്നെ പ്രചോദനവും വളർച്ചയും തേടിയതിന്റെ ഫലമായാണ് ഇപ്പോൾ ഇത്രയധികം അവസരങ്ങൾ ലഭിക്കുന്നതെന്ന് പറഞ്ഞ പാർവതി, മുമ്പൊരിക്കലും ഇല്ലാത്ത വിധം ഊർജ്ജസ്വലമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് പാർവതി അഭിനയിച്ചത്. 2022-ൽ പുഴു, വണ്ടർ വിമൻ തുടങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം 'കദക് സിങ്' എന്ന ഹിന്ദിസിനിമയിൽ മാത്രം. 2024-ൽ ഉള്ളൊഴുക്ക്, തങ്കലാൻ, ഹെർ എന്നീ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2026-ൽ ഇതിനകം തന്നെ അഞ്ച് സിനിമകളിൽ അവർ അഭിനയിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ പാർവതിയുടെ ജീവിതത്തിലെ ഏറ്റവും 'വേഗതയേറിയ ഘട്ടങ്ങളിൽ' ഒന്നാണിതെന്ന് രഞ്ജിനി സംസാരത്തിനിടെ പരാമർശിച്ചു. പാർവതിയും ഇക്കാര്യം ശരിവെച്ചു. 2023-ൽ 'തങ്കലാൻ' എന്ന ചിത്രത്തിനായി 75 ദിവസം മാത്രമാണ് അവർ പ്രവർത്തിച്ചത്. എന്നാൽ അതിനുശേഷം എന്തോ മാറിയെന്ന് പാർവതി പറയുന്നു.

കഴിഞ്ഞ വർഷം താൻ ഒരു സുപ്രധാന തീരുമാനമെടുത്തതായി പറഞ്ഞുകൊണ്ട് പാർവതി ഇങ്ങനെ വെളിപ്പെടുത്തി, ''അടുത്ത മൂന്ന് വർഷം, മുമ്പൊരിക്കലും ചെയ്യാത്ത വിധം കഠിനമായി പരിശ്രമിക്കാം. നിങ്ങൾ മരിച്ചുപോകില്ല, കേട്ടോ? പരാജയപ്പെട്ടേക്കാം, പക്ഷേ ഗംഭീരമായിത്തന്നെ പരാജയപ്പെടുക. പരാജയപ്പെടാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഒരുപക്ഷേ നിങ്ങൾ പൂർണ്ണമായും തകർന്നുപോയേക്കാം, എന്നാൽ ആ തകർച്ചയിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപത്തിൽ നിങ്ങൾ വീണ്ടും കെട്ടിപ്പടുക്കപ്പെടും. എന്തായാലും മുന്നോട്ട് പോവുക. കാരണം, പ്രചോദനത്തിനും വളർച്ചയ്ക്കും വേണ്ടി പുറത്തേക്ക് നോക്കുന്നത് മടുപ്പിക്കുന്ന ഒന്നായി മാറിയിരുന്നു. ഞാൻ സ്വയം കർമ്മനിരതയായി; സ്വാഭാവികമായും പ്രപഞ്ചം എന്റെ ആഗ്രഹങ്ങൾ സാധിച്ചുതന്നു. എനിക്ക് വളരെ രസകരമായ അവസരങ്ങൾ ലഭിച്ചു''.

താത്പര്യമുണർത്തുന്ന പ്രോജക്റ്റുകളാണ് തിരഞ്ഞെടുത്തതെന്നും പാർവതി പറയുന്നു, ''എനിക്ക് എഡിഎച്ച്ഡി ഉണ്ട്. എന്നാൽ അതിനെക്കുറിച്ച് വലിയൊരു കാര്യമാക്കി മാറ്റാൻ എനിക്ക് താത്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം സമയം ഒരേ രീതിയിലല്ല പ്രവർത്തിക്കുന്നത്. സമയം ഒരു റബ്ബർ പോലെ വലിച്ചുനീട്ടാവുന്ന ഒന്നാണ്; എനിക്ക് വേണമെങ്കിൽ അതിനെ നീട്ടാം. എന്നാൽ അതിനർത്ഥം ഞാൻ ഉറങ്ങില്ല എന്നല്ല. ഞാൻ കൃത്യമായി ഉറങ്ങുകയും ചെയ്യും''.

മുമ്പ് തന്റെ ദിനചര്യകളിൽ, പ്രത്യേകിച്ച് ജോലി കഴിഞ്ഞാൽ അതിരുകൾ നിശ്ചയിക്കുന്ന കാര്യത്തിൽ, താൻ കൂടുതൽ കർക്കശക്കാരിയായിരുന്നുവെന്ന് പാർവതി ഓർത്തെടുത്തു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും, അക്കാലത്ത് അത് തനിക്ക് ഗുണകരമായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.

''ഇതെല്ലാം എനിക്ക് പുതിയ കാര്യങ്ങളാണ്. മുമ്പ് എല്ലാം കൃത്യമായ ചട്ടക്കൂടുകൾക്കുള്ളിലായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ ആരോടും സംസാരിക്കില്ലായിരുന്നു. അന്ന് ആ 'പാർവതി'ക്ക് അത് ശരിയായ രീതിയായിരുന്നു; അവൾ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇപ്പോൾ, തിരിച്ചെത്തിയാൽ ഞാൻ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്'', അവർ പറഞ്ഞു.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത 'തൂ യാ മേം' എന്ന ചിത്രത്തിൽ അതിഥിവേഷം ചെയ്തുകൊണ്ടാണ് ഈ വർഷം പാർവതി തുടങ്ങിയത്. പിന്നീട് ഐ, നോബഡി, പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അടുത്തതായി 'സ്‌റ്റോം' എന്ന വെബ്‌സീരീസാണ് റിലീസ് ചെയ്യാനുള്ളത്. ഹൃത്വിക് റോഷനും ഇഷാൻ റോഷനുമാണ് സീരീസ് നിർമിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Parvathy Thiruvothu publicly shared that she has ADHD (Attention Deficit Hyperactivity Disorder)., She discussed her exceptional career momentum in 2026, working on multiple projects including the web series Storm., Parvathy emphasized taking risks, working hard, and shifting her perspective on time and career boundaries.