‘പക്ഷാഘാതം വന്നപ്പോള്‍, അത് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മാറുമെന്ന് കരുതി’; 'ഗോള്‍ഡന്‍ അവര്‍' പ്രധാനമാണ്

നിതിൻ കാമത്ത് / x/Nithin0dha
നിതിൻ കാമത്ത് / x/Nithin0dha

ഇന്ന് ലോക പക്ഷാഘാത ദിനമാണ്. കഴിഞ്ഞ ജനുവരിയില്‍ പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന്, സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത് ആശുപത്രിയിലായിരുന്നു. തന്റെ അനുഭവത്തില്‍ നിന്നും പഠിച്ച ഒരു സുപ്രധാന പാഠം എക്സിലൂടെ പങ്കുവെക്കുകയാണ് അദ്ദേഹം. വിശദമായ പോസ്റ്റില്‍, തനിക്ക് എന്ത് വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. കൂടാതെ, സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കണമെന്ന് മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തനിക്ക് പക്ഷാഘാതം വന്നപ്പോള്‍, അത് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മാറുമെന്ന് കരുതിയതായി കാമത്ത് വെളിപ്പെടുത്തി. പക്ഷാഘാതം സംഭവിച്ച് ആദ്യ ഒരു മണിക്കൂര്‍ വളരെ പ്രധാനമാണ്. ആദ്യത്തെ നാലര മണിക്കൂറിനുള്ളിലെങ്കിലും, താന്‍ ആശുപത്രിയില്‍ പോകണമായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തു.

ഡോക്ടര്‍മാര്‍ 'ഗോള്‍ഡന്‍ അവര്‍' എന്ന് വിളിക്കുന്ന സമയമാണത്. ഈ സമയത്തിനുള്ളില്‍ നല്‍കുന്ന ചികിത്സ തലച്ചോറിന് സ്ഥിരമായ തകരാറുകള്‍ സംഭവിക്കുന്നത് തടയാന്‍ ഏറ്റവും ഫലപ്രദമാണ്. സ്‌ട്രോക്ക് ഉണ്ടാകുമ്പോള്‍ ഓരോ മിനിറ്റിലും തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതിനാല്‍, ലക്ഷണങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഉടനടി നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്.

എനിക്കൊന്നും സംഭവിക്കില്ല എന്ന ഈ മനോഭാവം, പ്രത്യേകിച്ച് 50 വയസ്സില്‍ താഴെയുള്ളവരില്‍ സാധാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പക്ഷാഘാതം യുവാക്കളെ കൂടുതലായി ബാധിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 30-നും 50-നും ഇടയില്‍ പ്രായമുള്ളവരില്‍ പക്ഷാഘാതത്തിന്റെ തോത് കുത്തനെ വര്‍ധിച്ചു. ഇത് മൊത്തം പക്ഷാഘാതങ്ങളുടെ 30 ശതമാനം വരെ വരും' അപകട സൂചനകളെക്കുറിച്ച് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കാമത്ത് കുറിച്ചു.

പക്ഷാഘാതത്തിന്റെ കാര്യത്തില്‍ സമയം തലച്ചോറാണ് എന്ന് കാമത്ത് തന്റെ ഫോളോവേഴ്സിനെ ഓര്‍മ്മിപ്പിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, കാരണം ഉടനടിയുള്ള വൈദ്യസഹായം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും രോഗമുക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വളരെ വ്യക്തിപരമായ ഒരനുഭവം സത്യസന്ധതയോടെയും തുറന്നുപറച്ചിലോടെയും പങ്കുവെച്ചതിന് നിരവധി ഉപയോക്താക്കള്‍ അദ്ദേഹത്തെ പ്രശംസിച്ചു.

'ഇതൊരു സുപ്രധാനമായ ഓര്‍മ്മപ്പെടുത്തലാണ്. നമ്മളില്‍ ഭൂരിഭാഗവും കരുതുന്നത് ഇത്തരം ബോധവല്‍ക്കരണം മറ്റുള്ളവര്‍ക്കുള്ളതാണെന്നാണ്. പക്ഷെ അത് അങ്ങനെയല്ലാതാവുന്നത് വരെ മാത്രം.' ഒരു ഉപയോക്താവ് കമന്റ് ചെയ്തു. 'ചികിത്സ വൈകുന്ന ഓരോ സെക്കന്‍ഡിലും ന്യൂറോണുകള്‍ക്ക് മാറ്റാനാവാത്ത നാശം സംഭവിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ശരീരത്തിലെ മറ്റ് കോശങ്ങളെപ്പോലെ ന്യൂറോണുകള്‍ വിഭജിക്കുന്നില്ല. അതിനാല്‍ നഷ്ടപ്പെടുന്ന ഓരോ ന്യൂറോണും സ്ഥിരമായ നഷ്ടമാണ്.' മറ്റൊരു ഉപയോക്താവും കുറിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: zerodha`s nithin kamath shares his personal stroke experience & lessons learned, emphasizing prompt action during the `golden hour` to prevent permanent brain damage.