ആണുങ്ങൾക്കുമുണ്ടോ ആർത്തവവിരാമം? പുരുഷൻമാർ അറിയണം ഈ ശാരീരികമാറ്റത്തെപ്പറ്റി

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

മുമ്പൊന്നുമില്ലാത്ത അക്ഷമ, തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം ദേഷ്യം, ലൈംഗികതാത്പര്യം കുറയുക, സംശയം, മറവി, മൂഡ് സ്വിങ്സ്.... അത്രനാൾ ശാന്തശീലനായിരുന്ന വ്യക്തിക്ക് ഇപ്പോൾ മൊത്തത്തിൽ എന്തോ ഒരു കുഴപ്പമുണ്ടല്ലോ എന്ന് മറ്റുള്ളവർക്ക് തോന്നുന്ന അവസ്ഥ. ദാമ്പത്യത്തിൽ ഈ ഘട്ടത്തിൽ ഭാര്യയ്ക്കു പലപ്പോഴും സംശയം തോന്നാം: ''ഇതെന്താണു സംഭവിക്കുന്നത്? എന്റെ കുറ്റമോ മറ്റോ ആണോ?'' ചില പുരുഷന്മാരാകട്ടെ തൊഴിലിടത്തിൽപ്പോലും പെട്ടെന്ന് മുൻകോപക്കാരാവും.

'ആൻഡ്രോപോസ്', അല്ലെങ്കിൽ 'മെയിൽ മെനോപോസ്' എന്ന് പൊതുവേ വിളിക്കപ്പെടാറുള്ള പ്രതിഭാസമാവാം ഇവിടെ യഥാർഥ പ്രശ്നം.

സ്ത്രീകളിൽ ആർത്തവവിരാമം എല്ലാവരിലും നടക്കുന്ന സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയാണ്. അണ്ഡാശയത്തിന്റെ പ്രവർത്തനക്ഷമത പതിയെ, വർഷങ്ങൾ എടുത്ത്, ദുർബലമാവുകയും ലൈംഗിക ഹോർമോണായ ഈസ്ട്രജന്റെ അളവ് വളരെ കുറയുകയും അവസാനം ആർത്തവം നിലയ്ക്കുന്നതുമാണ് ആർത്തവവിരാമം.

പക്ഷേ, പുരുഷന്മാർ ഇക്കാര്യത്തിലെല്ലാം വ്യത്യസ്തരാണ്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണും തീർച്ചയായും പ്രായത്തിനൊത്ത് കുറയുന്നുണ്ട്. പക്ഷേ, അത് ഭാഗികവും വളരെ പതിയേയുമാണ്. യൂറോപ്പിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത്, ഒരു വർഷത്തിൽ, ആകെ ടെസ്റ്റോസ്റ്റിറോൺ 0.4 ശതമാനവും ശരീരത്തിന് നേരിട്ട് ഉപയോഗിക്കാവുന്ന 'ഫ്രീ' ടെസ്റ്റോസ്റ്റിറോൺ 1.3 ശതമാനവും മാത്രമാണ് കുറയുന്നതെന്നാണ്. ലക്ഷണങ്ങളോടുകൂടിയ ടെസ്റ്റോസ്റ്റിറോൺ അപര്യാപ്തത നാല്പതുകളിലുള്ളവരിൽ കേവലം ആയിരത്തിൽ ഒരാൾക്കാണ് ഉണ്ടായിരുന്നത്. എഴുപതുകളിലെത്തിയവരിലും ആ നിരക്ക് ഇരുപതിൽ ഒരാൾക്ക് എന്ന തോതിലേക്കു മാത്രമായിരുന്നുതാനും. അതായത്, ആൻഡ്രോപോസ് എന്നത് മെനോപോസിന് സമാനമായ ഒരു മെഡിക്കൽ അവസ്ഥയല്ല. എന്നാൽ ചില പുരുഷന്മാരിൽ പ്രായം, അമിതവണ്ണം, പ്രമേഹം, ഉറക്കക്കുറവ്, മറ്റു രോഗങ്ങൾ തുടങ്ങിയവയാൽ ടെസ്റ്റോസ്റ്റിറോൺ കുറയുകയും അതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യാം. അതിനെ late-onset hypogonadism എന്നാണ് വിളിക്കുന്നത്.

ലക്ഷണങ്ങളും കാരണങ്ങളും

ശാരീരികവും ലൈംഗികവും വൈകാരികവുമായ ലക്ഷണങ്ങൾ പലരിലും കാണാം. ഉദ്ധാരണം ദുർബലമാവുക, ലൈംഗികേച്ഛ കുറയുക, സദാ ക്ഷീണം തോന്നുക, മസിലുകൾ ശോഷിക്കുക, കൊഴുപ്പ് (പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്) കൂടുക, ഉറക്കത്തിന് ബുദ്ധിമുട്ട്, ഒന്നിലും താത്പര്യമില്ലാതാവുക, ഏകാഗ്രത കുറയുക, നിരാശ, ആത്മവിശ്വാസക്കുറവ്, കുടുംബത്തിൽനിന്നും സാമൂഹിക ചടങ്ങുകളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത എന്നിവ ഇതിൽപ്പെടുന്നു. ഇതിൽ പങ്കാളികളെ ഏറ്റവും അധികം കുഴപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങളാണ്. പെട്ടെന്നു ദേഷ്യം വരുന്നതും കൂട്ടുകാരെ ഒഴിവാക്കാൻ തുടങ്ങുന്നതും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതും ഉദാഹരണങ്ങളാണ്.

ഇത്തരം മാറ്റങ്ങൾ പക്ഷേ, മറ്റു കാരണങ്ങളാലും വരാം. ചിലരിൽ അവ വിവിധ ജീവിതപ്രശ്നങ്ങളോടുള്ള പ്രതികരണമാവാം. ജോലിയിലെ ക്ലേശങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അച്ഛനമ്മമാർക്ക് പ്രായമാകുന്നതോ ജോലിയിൽനിന്നു വിരമിക്കുന്നതോ കുട്ടികളുടെ പഠനമോ അവർ വീട്ടിൽനിന്നു മാറുന്നതോ ഒക്കെയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ശാരീരിക രോഗങ്ങൾ, ദാമ്പത്യ അസ്വാരസ്യങ്ങൾ എന്നിവ ഉദാഹരണമാണ്.

ഉറക്കക്കുറവുള്ളവർക്കും ദേഷ്യം കൂടാം. വിഷാദരോഗം (ഡിപ്രഷൻ) ഉള്ള പുരുഷന്മാരിൽ പലപ്പോഴും സങ്കടത്തെക്കാളും ദേഷ്യമാവാം മുന്നിൽ നിൽക്കുന്നത്.

ഇതൊന്നും എല്ലാവരിലും കാണപ്പെടണമെന്നില്ല. ഒരാളിൽത്തന്നെ എല്ലാ ലക്ഷണങ്ങളും ഉണ്ടാവണം എന്നുമില്ല. എന്നാൽ ഇപ്പറഞ്ഞതിൽ പല ലക്ഷണങ്ങളും ഒന്നിച്ചു പ്രകടമാവുകയും മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്താൽ വിദഗ്ധ പരിശോധന തേടേണ്ടതുണ്ട്. ''ഹോർമോണിന്റെ കളികളാണ്, എന്തു ചെയ്യാനാണ്?!'' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറരുത്. പങ്കാളിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിന് 'ഹോർമോൺ' എന്ന ന്യായീകരണം പയറ്റുന്നതു ശരിയുമല്ല.

വിഷാദം തിരിച്ചറിയാം

മേൽപ്പറഞ്ഞ മാറ്റങ്ങൾ വിഷാദരോഗത്തിന്റെ ഭാഗമാണോ എന്നും ശ്രദ്ധിക്കണം.

  • അമിതമായ നിരാശയോ ദേഷ്യമോ.
  • എല്ലാവരിൽനിന്നുമുള്ള ഉൾവലിയൽ.
  • താത്പര്യമുണ്ടായിരുന്ന ഹോബികളിൽനിന്നും വിനോദങ്ങളിൽനിന്നും പിൻവാങ്ങുക.
  • ലൈംഗിക ബുദ്ധിമുട്ടുകൾ.
  • ഏകാഗ്രതക്കുറവ്.
  • പ്രത്യാശ നഷ്ടമാവുക.
  • ആത്മവിശ്വാസം ദുർബലമാവുക.
  • 'തന്നെ ഒന്നിനും കൊള്ളില്ല' എന്നൊക്കെയുള്ള ചിന്താഗതികൾ.
  • ഉറക്കവും വിശപ്പും കുറയുകയോ കൂടുകയോ ചെയ്യുക.

ഇവ നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ ദിവസങ്ങളോളം നിലനിൽക്കുന്നെങ്കിൽ ചികിത്സ തേടേണ്ടതുണ്ട്. വിഷാദത്തിനുള്ള മരുന്നുകൾ ചിലരിൽ ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കാം. ഡോക്ടറുടെ നിർദേശമനുസരിച്ച് പാർശ്വഫലങ്ങൾ കുറവുള്ള മരുന്നുകൾ കഴിക്കാം.

ഉദ്ധാരണപ്രശ്നങ്ങളെ ഗൗരവത്തിലെടുക്കാം

ലൈംഗികതാത്പര്യം കുറഞ്ഞുപോയെന്നും ഉദ്ധാരണം എപ്പോഴും ഉദ്ദേശിച്ച രീതിയിൽ സാധ്യമാകുന്നില്ലെന്നും തിരിച്ചറിയുന്ന പുരുഷന് ജാള്യതയും പ്രശ്നം ആവർത്തിച്ചേക്കുമോ എന്ന ഭീതിയും തോന്നാം. അത് പങ്കാളിയുമായി തുറന്നു ചർച്ചചെയ്യുന്നതിനു പകരം അയാൾ ലൈംഗികബന്ധത്തിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കാം. അത്തരം സാഹചര്യത്തിൽ പങ്കാളി, തന്റെ പ്രശ്നംകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നു തെറ്റായി വ്യാഖ്യാനിക്കാം. ഇരുവരുടെയും ഈ പിശകുള്ള ചിന്താരീതികൾ ഒന്ന് മറ്റേതിനെ വഷളാക്കുകയും രണ്ടുപേർക്കുമിടയിൽ വൈകാരിക അകലം രൂപപ്പെടുകയും ചെയ്യാം.

ഉദ്ധാരണശേഷി കുറയുന്നത് ശരീരത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങളുടെ ഒരു പ്രാരംഭ സൂചനയാകാം.

പ്രമേഹം, അമിത രക്തസമ്മർദ്ദവും കൊളസ്ട്രോളും, പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ മൂലം രക്തക്കുഴലുകൾ അടഞ്ഞുവരുന്നത് എന്നിവയുമാകാം അടിസ്ഥാന പ്രശ്നങ്ങൾ. ഹൃദ്രോഗമോ പക്ഷാഘാതമോ പോലുള്ള മാരകമായ രോഗങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ ഉദ്ധാരണപ്രശ്നങ്ങളിലൂടെ ശരീരം മുന്നറിയിപ്പു തരുന്നതുമാകാം. വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതികളും ശീലമാക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ മറികടക്കാം.

ഇതിനുപുറമേ, ഉത്കണ്ഠ, വിഷാദം, പൊണ്ണത്തടി, ചില മരുന്നുകൾ, ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയവയും ഉദ്ധാരണപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. ഇതൊക്കെ അവഗണിച്ചുകൊണ്ട്, പ്രശ്നം പ്രായമാകുന്നതിന്റെ സ്വാഭാവികമായ ഭാഗം മാത്രമാണ് എന്നു വിധിയെഴുതുന്നത് തെറ്റാണ്. അതേസമയം, ഇടയ്ക്ക് എപ്പോഴെങ്കിലും മാത്രം ഉദ്ധാരണം കിട്ടാതെ പോകുന്നത് ഗൗരവത്തിൽ എടുക്കേണ്ടതുമില്ല.

''ഈയിടെയായി അല്പം തളർച്ചയും ഒഴിഞ്ഞുമാറലും കാണുന്നല്ലോ. എനിക്കു ചെറിയ ടെൻഷൻ തോന്നുന്നു. നമുക്കു രണ്ടുപേർക്കും ഒരു ചെക്കപ്പിനു പോയാലോ?'' എന്ന രീതിയിൽ പങ്കാളിയോട് കാര്യം അവതരിപ്പിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാകാം. തർക്കം ജയിക്കുകയോ ഉടനടി ഒരു വിശദീകരണം കൈവശപ്പെടുത്തുകയോ അല്ല ഇവിടെ ലക്ഷ്യം, ആൾക്ക് സുരക്ഷിതമായി സംസാരിക്കാനുള്ള ഒരു സാഹചര്യം ഒരുക്കുക മാത്രമാണ്.

തളർച്ചയുടെ കാരണം, ബി12 പോലുള്ള വിറ്റാമിനുകളുടെ അപര്യാപ്തതയോ രക്തക്കുറവോ തൈറോയ്ഡ്, കരൾ, വൃക്ക എന്നിവയുടെ ആരോഗ്യപ്രശ്നങ്ങളോ ആവാം. പൊണ്ണത്തടിയുള്ള ഒരാൾ അമിതമായി കൂർക്കം വലിക്കുകയും അതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നത് ഉറക്കത്തെ ബാധിക്കാം. ഇതും തളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.

ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞാൽ

താടിമീശകളുടെ വളർച്ചയ്ക്കു വേഗം കുറയുക, അമിതമായി മുടികൊഴിയുക, സ്തനങ്ങൾക്ക് വലിപ്പം വെക്കുക എന്നിവ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന്റെ സൂചനയാവാം. ടെസ്റ്റോസ്റ്റിറോൺ പരിശോധന രാവിലെ വെറും വയറ്റിലാണ് ചെയ്യേണ്ടത്. അളവ് കുറവാണെങ്കിൽ പരിശോധന ആവർത്തിച്ച ശേഷം സ്ഥിരീകരിക്കാം. അളവ് കുറവാണെങ്കിൽ മാത്രം വൈദ്യസഹായം തേടേണ്ടതില്ല, മുമ്പ് പറഞ്ഞ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിലേ late-onset hypogonadism നിർണയിക്കപ്പെടാറുള്ളൂ.

ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലും മറ്റും ചെന്നടിയുക പോലുള്ള പാർശ്വഫലങ്ങൾ ടെസ്റ്റോസ്റ്റിറോൺ അമിതമായാൽ സംഭവിക്കാം. അതിനാൽത്തന്നെ സൂക്ഷിച്ച്, അത്യാവശ്യമുള്ളവർക്കു മാത്രമാണ് ടെസ്റ്റോസ്റ്റിറോൺ നൽകേണ്ടതുള്ളൂ. ചികിത്സ തുടരുന്ന കാലയളവിൽ പ്രോസ്റ്റേറ്റിന്റെ പരിശോധനകൾ നടത്തേണ്ടതുമുണ്ട്.

പൊണ്ണത്തടിയോ ഉറക്കമിളപ്പോ മദ്യപാനമോ പോലുള്ള കാരണങ്ങൾ കൊണ്ടാണ് ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞത് എങ്കിൽ അവ പരിഹരിക്കുകയാണ് ആദ്യപടി. ടെസ്റ്റോസ്റ്റിറോൺ എടുക്കുന്നത് ബീജോത്പാദനം കുറയ്ക്കാം എന്നതിനാൽ ഇനിയും കുട്ടികൾ വേണം എന്നുള്ളവർ അക്കാര്യം ഡോക്ടറോടു പ്രത്യേകം പറയണം.

ടെസ്റ്റോസ്റ്റിറോൺ ചികിത്സ കൊണ്ട് ലൈംഗികപ്രശ്നങ്ങളിലും വിഷാദരോഗത്തിലും നേരിയ പുരോഗതി കാണാറുണ്ട്. എന്നാൽ തളർച്ചയിൽ വലിയ കുറവു വരാറില്ല. ടെസ്റ്റോസ്റ്റിറോൺ ചികിത്സ വാർധക്യത്തെ തടയാനുള്ള ഒരുപാധിയല്ല എന്നും ഓർക്കേണ്ടതുണ്ട്.

ഡോക്ടറുടെ നിർദേശമില്ലാതെ ഹോർമോൺ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നത് ഹാനികരമാകാം. ഹോർമോൺ ബൂസ്റ്ററുകൾ എന്ന പേരിൽ വിപണിയിലുള്ള പല ഉത്പന്നങ്ങളും ദോഷകരമായ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. അവ ടെസ്റ്റോസ്റ്റിറോൺ കൂട്ടും എന്നതിനു തെളിവൊന്നുമില്ലതാനും. രണ്ടാഴ്ചയ്ക്കുള്ളിൽ ഏറെ ഉണർവ് തരുന്നവയെ ഫലപ്രദം എന്നഭിനന്ദിക്കുകയല്ല, സംശയദൃഷ്ടിയോടെ വീക്ഷിക്കുകയാണു വേണ്ടത്.

പ്രതിരോധ നടപടികൾ

  • ശരീരഭാരം നിയന്ത്രിക്കുക. കൊഴുപ്പ് ടെസ്റ്റോസ്റ്റിറോണിനെ സ്ത്രീ ലൈംഗികഹോർമോണായ ഈസ്ട്രജനാക്കി മാറ്റുകയും, തന്മൂലം ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം പിന്നെയും കുറയുകയും ചെയ്യാം (കുടവയർ കുറയ്ക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്.
  • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സർവേ പ്രകാരം കേരളത്തിൽ പ്രമേഹവും അമിതവണ്ണവും, പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രശ്നവും ഏറെ സാധാരണമാണ്. വണ്ണം കുറയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് മെച്ചപ്പെടുത്തുകയും ഉറക്കത്തിനും ഊർജസ്വലതയ്ക്കും സഹായമാവുകയും ചെയ്യും.
  • ദീർഘനാളത്തെ അമിത മദ്യപാനം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ലൈംഗികപ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും നിരാശയ്ക്കും വിഷാദരോഗത്തിനും ഇടയാക്കുകയും ചെയ്യാം.
  • വേണ്ടത്ര ഉറങ്ങുന്നില്ലെങ്കിൽ അത് വൈകാരിക നിലയെയും ഉന്മേഷത്തെയും ഏകാഗ്രതയെയും ലൈംഗികതയെയും പ്രതികൂലമായി ബാധിക്കാം.
  • ചിട്ടയായ വ്യായാമം മൂഡിനും ഉറക്കത്തിനും ഹൃദയാരോഗ്യത്തിനും അതുവഴി ലൈംഗികതയ്ക്കും നല്ലതാണ്.
  • പ്രോസ്റ്റേറ്റ് വീക്കം, പ്രഷർ തുടങ്ങിയവയ്ക്കു കൊടുക്കുന്ന ചില മരുന്നുകൾ, ചില വേദനസംഹാരികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ തുടങ്ങിയവ ലൈംഗികതയെ ബാധിക്കാം. അതുകൊണ്ടുതന്നെ, അവ കഴിക്കുന്നവർ ലൈംഗിക ബുദ്ധിമുട്ടുകൾ വന്നാൽ ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതാണ്. സ്വയം മരുന്നു നിർ ത്തുകയോ മാറ്റുകയോ അരുത്.
  • മധ്യവയസ്സിൽ ഭർത്താവിൽ സംഭവിക്കുന്ന മാറ്റങ്ങൾ രണ്ടുപേർക്കുമിടയിൽ തെറ്റിദ്ധാരണകൾ വളർത്താൻ അനുവദിക്കരുത്. മറിച്ച്, കാര്യങ്ങൾ തുറന്നു ചർച്ച ചെയ്ത്, പരസ്പരം കൂടുതൽ ശ്രദ്ധ കൊടുത്ത്, അടുപ്പം ബലപ്പെടുത്താനുള്ള ഒരവസരമായി ഉപയോഗിക്കുകയാണു വേണ്ടത്.

കടപ്പാട്: ഡോ. ഷാഹുൽ അമീൻ,

സൈക്യാട്രിസ്റ്റ്,

സെന്റ് തോമസ് ഹോസ്പിറ്റൽ,

ചങ്ങനാശ്ശേരി

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Andropause is a gradual decline in testosterone, unlike the sudden cessation of hormones in female menopause., Symptoms include mood swings, fatigue, sexual dysfunction, depression, and physical changes like belly fat., Erectile dysfunction can be an early warning sign of underlying cardiovascular diseases or diabetes., Lifestyle modifications such as weight management, regular exercise, and adequate sleep help improve testosterone levels., Medical evaluation is essential before taking testosterone supplements or hormone boosters.