ഈ വേദനയൊക്കെ സ്വാഭാവികമല്ലേ?; മുട്ടുവേദനയെക്കുറിച്ചുള്ള തെറ്റായ ധാരണകളും യാഥാർത്ഥ്യങ്ങളും

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

പ്രായം കൂടുന്തോറും മുട്ടുവേദന വരുന്നത് സ്വാഭാവികമാണെന്നാണ് മിക്കവരുടെയും ധാരണ. വ്യായാമം ചെയ്താൽ മുട്ടിന്റെ തേയ്മാനം കൂടുമെന്നും, സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിയുന്നത്ര വൈകിപ്പിക്കണമെന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ പലരുടെയും ചികിത്സ വൈകിപ്പിക്കാറുമുണ്ട്. ഇത്തരത്തിൽ മുട്ടുവേദനയെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട തെറ്റിധാരണകളും അവയുടെ യാഥാർഥ്യങ്ങളെക്കുറിച്ചും വിദഗ്ധർ പറയുന്നത് നോക്കാം. 

പ്രായമാകുമ്പോൾ മുട്ടുവേദന സ്വാഭാവികമാണ്
പ്രായം കൂടുമ്പോൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെങ്കിലും, വേദന എപ്പോഴും സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. തുടർച്ചയായുള്ള വേദനയോ, നീരോ, നടക്കാൻ ബുദ്ധിമുട്ടോ തോന്നിയാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്. 

വ്യായാമം ചെയ്താൽ മുട്ടിന് കേടുപാടുകൾ സംഭവിക്കും
ഇത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു തെറ്റായ ധാരണയാണ്. ശരിയായ രീതിയിലുള്ള വ്യായാമങ്ങൾ മുട്ടുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തുടകളിലെയും ഇടുപ്പിലെയും പേശികൾ ശക്തമാകുമ്പോൾ സന്ധികൾക്ക് കൂടുതൽ പിന്തുണ ലഭിക്കും. നടത്തം, സൈക്ലിങ്, നീന്തൽ, കൃത്യമായ മേൽനോട്ടത്തിലുള്ള കരുത്തു കൂട്ടുന്ന വ്യായാമങ്ങൾ എന്നിവയെല്ലാം സന്ധികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

ആർത്രൈറ്റിസ് ഉണ്ടെങ്കിൽ പൂർണ്ണമായും വിശ്രമം വേണം
വേദന കൂടുമെന്ന ഭയം കാരണം പലരും അനങ്ങാതിരിക്കാറുണ്ട്. എന്നാൽ ദീർഘകാലമായുള്ള അനക്കമില്ലായ്മ പേശികളുടെ ബലക്ഷയത്തിനും കാഠിന്യത്തിനും കാരണമാകും. ആർത്രൈറ്റിസ് ഉള്ളവർ പൂർണ്ണമായ വിശ്രമത്തിന് പകരം അളന്നുമുറിച്ചുള്ള ചലനങ്ങളാണ് ശീലിക്കേണ്ടത്. വ്യക്തികളുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഫിസിയോതെറാപ്പി ചെയ്യേണ്ടതാണ്.

സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ പരമാവധി ഒഴിവാക്കണം
കടുത്ത ആർത്രൈറ്റിസ് മൂലം തുടർച്ചയായ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉറക്കമില്ലായ്മയും ഉണ്ടാകുമ്പോഴോ മറ്റ് ചികിത്സകൾ ഫലം കാണാതെ വരുമ്പോഴോ ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്. മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ട് ഭയന്ന് മാറ്റിവെക്കൽ നീട്ടിക്കൊണ്ടുപോകേണ്ടതില്ല.

ശസ്ത്രക്രിയക്ക് ശേഷം വ്യായാമം ചെയ്യാൻ കഴിയില്ല
സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ ആളുകളെ കൂടുതൽ സജീവമാക്കാൻ സഹായിക്കുമെന്നത് പലരെയും അത്ഭുതപ്പെടുത്താറുണ്ട്. കൃത്യമായ പുനരധിവാസത്തിന് ശേഷം രോഗികൾക്ക് നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ കാര്യങ്ങളിലേക്ക് തിരികെ പോകാൻ സാധിക്കും.

റോബോട്ടിക് സർജറിയിൽ റോബോട്ടാണ് എല്ലാം ചെയ്യുന്നത്
'റോബോട്ടിക്' എന്ന വാക്ക് തെറ്റായ ധാരണകൾ ഉണ്ടാക്കാറുണ്ട്. റോബോട്ടിക്-അസിസ്റ്റഡ് ജോയിന്റ് റിപ്ലേസ്മെന്റിൽ ശസ്ത്രക്രിയ നിയന്ത്രിക്കുന്നത് ഡോക്ടർ തന്നെയാണ്. കൃത്യത ഉറപ്പാക്കാനും അളവുകൾ കൃത്യമാക്കാനും മാത്രമാണ് ഈ സാങ്കേതികവിദ്യ സഹായിക്കുന്നത്.

തരുണാസ്ഥിക്ക് (Cartilage) കേടുപാടുകൾ സംഭവിച്ചാൽ സന്ധിമാറ്റിവെക്കൽ നിർബന്ധമാണ്
എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമായി വരില്ല. രോഗിയുടെ ലക്ഷണങ്ങൾ, പ്രായം, സന്ധികൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സ. ഫിസിയോതെറാപ്പി, ശരീരഭാരം നിയന്ത്രിക്കൽ, മരുന്നുകൾ എന്നിവയിലൂടെയും പലപ്പോഴും പരിഹാരം കാണാറുണ്ട്.

വേദനസംഹാരികൾ കഴിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല
വേദനസംഹാരികൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്താതെ ഇത് തുടരുന്നത് ശാശ്വത പരിഹാരമല്ല. ആർത്രൈറ്റിസ്, ലിഗമെന്റുകൾക്കേറ്റ പരിക്കുകൾ, പേശികളുടെ ബലക്ഷയം തുടങ്ങി പല കാരണങ്ങൾ കൊണ്ടും മുട്ടുവേദന വരാം.

എല്ലാവർക്കും ഒരേ ചികിത്സയല്ല ഫലം ചെയ്യുന്നത്
ഓരോ രോഗിയും വ്യത്യസ്തരാണ്. സമാനമായ എക്‌സ്-റേ ഉള്ള രണ്ടുപേർക്ക് വേദനയുടെ അളവ് വ്യത്യസ്തമായിരിക്കാം. ഒരാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമ്പോൾ മറ്റൊരാൾക്ക് വ്യായാമത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും സുഖം പ്രാപിക്കാൻ സാധിക്കും.

തെറ്റായ ധാരണകൾ ഒരിക്കലും നമ്മുടെ ചികിത്സാ തീരുമാനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്. സന്ധിവേദന ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടുകതന്നെ വേണം. സജീവമായിരിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പേശികളെ ബലപ്പെടുത്തുക എന്നിവയിലൂടെ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ സാധിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: knee-pain-myths-vs-reality-arthritis-treatment