ഭക്ഷണം കഴിക്കാന്‍ വേണ്ടി കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വെച്ചുകൊടുക്കാറുണ്ടോ? അപകടകമാണ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഐ

അത്യാധുനിക സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് പിറന്നു വീഴുന്ന കുട്ടികളുടെ കാലമാണിത്. കൈക്കുഞ്ഞുങ്ങള്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ ഒരു കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. കുസൃതി കാട്ടുന്ന, അനുസരണക്കേട് കാണിക്കുന്ന കുട്ടികളെ കുറച്ച് നേരത്തേക്ക് സ്വസ്ഥമായിരിക്കാന്‍, മൊബൈല്‍ ഫോണ്‍ കൊടുക്കുന്നവര്‍ ധാരാളമുണ്ട്. 

കേരളത്തില്‍ 69 ശതമാനം രക്ഷിതാക്കളും കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ ഏതെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കേരളത്തിലെ ശിശുരോഗ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 10 കുട്ടികളില്‍ ഒമ്പത് പേരും ദിവസവും മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം സമയം ചെലവഴിക്കുന്നുണ്ട്. അണുകുടുംബങ്ങളില്‍, 78 ശതമാനവും, കൂട്ടുകുടുംബങ്ങളില്‍ 91 ശതമാനവും കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നു. ചുരുക്കത്തില്‍, ഡിജിറ്റല്‍ യുഗത്തിലെ രക്ഷാകര്‍തൃത്വത്തിന്റെ ആശങ്കാജനകമായ ചിത്രമാണ് ഈ പഠനം വരച്ചുകാട്ടുന്നത്.

അടക്കിയിരുത്താന്‍ ഫോണ്‍ നല്‍കുമ്പോള്‍
പീഡിയാട്രിക് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴും, കുട്ടികളെ ശാന്തരാക്കാനും ഭക്ഷണം നല്‍കാനും ഉറക്കാനുമുള്ള 'കുറുക്കുവഴി' ആയി, മാതാപിതാക്കള്‍ മൊബൈല്‍ ഫോണിനെ കാണാറുണ്ട്. എന്നാല്‍ ഇത്, കുട്ടികളുടെ ബുദ്ധി വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം ആ ചെറിയ സ്‌ക്രീനില്‍ മാത്രമായി ഒതുങ്ങിപ്പോവുന്നു. അവരുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു.

ഓണ്‍ലൈന്‍ ഗെയിമുകളില്‍ വേണം ജാഗ്രത
കുട്ടികളിലെ സ്‌ക്രീന്‍ ടൈം അഡിക്ഷനെ കുറിച്ച് കാലങ്ങളായി സംസാരിക്കുന്നത് സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെ മാത്രം മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്നത് മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമുകളിലേക്കാണ്. ഈ ഗെയിമുകളില്‍ ഓണ്‍ലൈനായി സംവദിക്കുന്നത് ഒരു കുട്ടിയാണോ, അതോ മുതിര്‍ന്ന വ്യക്തിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും ഗുരുതരമായ പ്രശ്‌നമാണ്. ഓണ്‍ലൈന്‍ ഗെയിമുകളിലെ അജ്ഞാതരായ വ്യക്തികളുമായുള്ള ഇടപഴകല്‍ പലപ്പോഴും തെറ്റായ രീതിയിലേക്കും, അപകടകരമായ അഡിക്ഷനിലേക്കും നയിക്കുന്നു. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍, കുട്ടികള്‍ അധിക്ഷേപങ്ങള്‍ നേരിടുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം അനുവദിക്കുമ്പോള്‍, മൊബൈല്‍ ഗെയിമിങ് അഡിക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കേണ്ടത് അനിവാര്യമാണ്.

മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
 • മൊബൈല്‍ ഫോണിന്റെ അമിതോപയോഗം കുട്ടികളില്‍ സംസാരശേഷിയില്‍ കാലതാമസമെടുക്കുന്നതിന് ഇടയാക്കിയേക്കും.

• സ്‌ക്രീനില്‍ ശ്രദ്ധിക്കുമ്പോള്‍ കുട്ടികള്‍ ഭക്ഷണത്തെക്കുറിച്ചോ, അവരുടെ പരിസരത്തെക്കുറിച്ചോ ശ്രദ്ധിക്കുന്നില്ല. സ്‌ക്രീനിലെ കൂടുതല്‍ പ്രകാശമുള്ള നീല ലൈറ്റുകളും, ഉച്ചത്തിലുള്ള ശബ്ദങ്ങളും, കുട്ടിയുടെ വളര്‍ന്നുവരുന്ന മസ്തിഷ്‌കത്തിന് ഒരു സ്‌ട്രെസ്സ് ഉത്തേജനമാണ് നല്‍കുന്നത്. ഇത് കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറത്തുവിടുകയും മസ്തിഷ്‌ക വികസനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

• ഇത് പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതായത് ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, കൈയ്യക്ഷരം കൃത്യമല്ലാതാവുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍.

• വിഷാദം, ഉത്കണ്ഠ, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും മൊബൈല്‍ അമിതോപയോഗം കാരണമാകുന്നു.

• അമിതവണ്ണം, ഉറക്കമില്ലായ്മ, അലസമായ കിടക്കുന്നതു കാരണം അംഗവിന്യാസ പ്രശ്‌നങ്ങള്‍, നട്ടെല്ലിന് തകരാറുകള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

• അമിത സ്‌ക്രീന്‍ ടൈം ഡോപ്പമിന്‍, സെറടോണിന്‍, എന്‍ഡോര്‍ഫിന്‍സ്, ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും, ഇത് അഡിക്ഷനിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

സ്‌ക്രീന്‍ ടൈം എങ്ങനെ നിയന്ത്രിക്കാം?
• 
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഒരു ലോകത്തേക്ക് തിരിച്ചുപോവുക സാധ്യമല്ലാത്തതിനാല്‍, ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് ഏക പോംവഴി. ഇതിനായി രക്ഷിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

• കുട്ടികളുമായി സംസാരിച്ച് സ്‌ക്രീന്‍ ഉപയോഗത്തിന് കൃത്യമായ സമയം നിശ്ചയിച്ച്, ആ അതിരുകള്‍ കര്‍ശനമായി പാലിക്കുക.

• ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്, സ്‌ക്രീന്‍ സമയം ഒട്ടുംതന്നെ അനുവദിക്കാന്‍ പാടില്ല. രണ്ട് മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പരമാവധി ഒരു മണിക്കൂറാണ് സ്‌ക്രീന്‍ ഉപയോഗിക്കാന്‍ നല്‍കേണ്ടത്. ആറ് മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ സമയം പാടില്ല. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നത് കുട്ടികളെ ഗുരുതരമായ വളര്‍ച്ച-വികസന പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്.

• ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിശ്ചയിക്കുകയും വേണം.

• കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മാതാപ്പിതാക്കൾ എന്ത് ചെയ്യുന്നുവോ അത് അനുകരിക്കാന്‍ കുട്ടികളും ശ്രമിക്കും. അതിനാല്‍, ഫോണ്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കുട്ടികള്‍ക്ക് മാതാപ്പിതാക്കള്‍ മാതൃകയാവാം.

• കുട്ടികളെ വീട്ടില്‍ മാത്രം ഒതുക്കുന്നതിന് പകരം, അവരെ പുറത്ത് കളിക്കാന്‍ വിടുക. നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് സ്‌ക്രീനില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിന് സഹായിക്കും. അവരുടെ ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള ഇന്ധനമാവുകയും ചെയ്യും.

• എന്ത് വിവരങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കഴിയും എന്നൊരു ചിന്ത കുട്ടികളിലുണ്ട്. പഠനത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കുട്ടികള്‍ ഫോണിനെ ആശ്രയിക്കുന്ന രീതി ശരിയല്ല. സ്വയം കണ്ടത്തേണ്ട കാര്യങ്ങള്‍ക്ക് പോലും ഫോണിനെ ആശ്രയിക്കുന്നത് കുട്ടികളുടെ പഠനമികവിനെ ബാധിച്ചേക്കും. അറിവ് ആര്‍ജ്ജിക്കാന്‍ സ്വന്തമായി ശേഷിയില്ലാതെ വരുന്ന സാഹചര്യത്തിലേക്കും നയിച്ചേക്കാം. ഫോണ്‍ ഉപയോഗിക്കാതെ ഗൃഹപാഠം ചെയ്യാന്‍ കുട്ടികളെ ശീലിപ്പിക്കണം. അവര്‍ക്ക് വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമെങ്കില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അത്തരം വിവരങ്ങള്‍ തിരയാന്‍ അനുവദിക്കണം.

വേണം നല്ല ശീലങ്ങള്‍
മൊബൈല്‍ ഒഴിവാക്കുന്ന സമയങ്ങളില്‍ കുട്ടികളില്‍ പുതിയ ശീലങ്ങള്‍ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ക്രിയാത്മകമായ വിനോദങ്ങള്‍ കണ്ടെത്താം. ഇതിനായി കുട്ടികളുമായി ഇടപഴകി, അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ലൈബ്രറി ഒരുക്കി പുസ്തക വായന ശീലിപ്പിക്കാം, ബുദ്ധിവികാസത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന കളികള്‍ പരിശീലിപ്പിക്കാം.

സ്‌ക്രീന്‍ ഉപയോഗം നിര്‍ത്താന്‍ വഴക്ക് പറയുകയോ, ഭീഷണിപ്പെടുത്തുകയോ, ബലം പ്രയോഗിക്കുകയോ ചെയ്യരുത്. സ്നേഹത്തോടെയും ആശയവിനിമയത്തിലൂടെയും അവരെ ബോധവത്കരിക്കുന്ന ഏകീകൃത സമീപനമാണ് സ്വീകരിക്കേണ്ടത്. മൊബൈല്‍ അമിതോപയോഗം കുട്ടികളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കില്‍, മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാന്‍ മടിക്കരുത്.

കൊച്ചിയിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്ററായ, പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സ്ഥാപകനും ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ ഓണററി സെക്രട്ടറിയുമാണ് ലേഖകൻ

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Learn about the alarming rise of mobile phone addiction in children, its harmful effects on development, and expert tips for parents to manage screen time effectively.