കുട്ടികൾ പഠനത്തിൽ പുറകോട്ടാവുന്നുണ്ടോ? കാരണങ്ങൾ ഇവയാവാം

മറ്റെല്ലാ കാര്യങ്ങള്‍ക്കും മിടുക്കനാണ്. പക്ഷേ പഠിക്കാന്‍ മാത്രം പിന്നോട്ടാണ്...
കുട്ടികള്‍ പഠനത്തില്‍ പുറകോട്ട് പോകുമ്പോള്‍, മാതാപിതാക്കളും അധ്യാപകരും മിക്കപ്പോഴും പറയുന്ന വാക്കുകളാണിത്. ശ്രദ്ധക്കുറവ്, താല്‍പര്യമില്ലായ്മ, മടി അങ്ങനെ പല ലേബലുകളും നാം അവര്‍ക്കു മേല്‍ ചാര്‍ത്തും. യഥാര്‍ഥത്തില്‍ കുട്ടികള്‍ പഠിക്കാത്തതിന് കാരണം ഈ പറയുന്നവയാണോ? സെന്‍സറി പ്രൊസസിങ് ഡിസോര്‍ഡര്‍, ലേണിങ് ഡിസെബിലിറ്റി തുടങ്ങിയ പദങ്ങള്‍ മാതാപിതാക്കളും, അധ്യാപകരും അറിഞ്ഞിരിക്കണം.
പഠനത്തില്‍ മികവ് പ്രകടിപ്പിക്കാത്ത കുട്ടികളുടെ ഈ 'മടി'ക്ക് പിന്നില്‍, ഒരുപക്ഷേ അവര്‍ അനുഭവിക്കുന്ന ചില അടിസ്ഥാന ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ശാരീരികവും, സംവേദനാപരവും (Senosry), വൈജ്ഞാനികവും (Cognitive), സാമൂഹിക-വൈകാരികപരവുമായ (Socio-Emotional) പല ഘടകങ്ങള്‍ അതിനെ സ്വാധീനിക്കും. ഈ സാഹചര്യത്തില്‍ കുട്ടികളിലെ പഠിക്കാനുള്ള ബുദ്ധിമുട്ടിനെ, കൃത്യമായ വിലയിരുത്തലിലൂടെ കണ്ടെത്തുക അനിവാര്യമാണ്.
സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ പിന്തുണയോടെ, യഥാര്‍ഥ കാരണം കണ്ടെത്താനും, കുട്ടികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താനുമാകും. കുട്ടികള്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാരണങ്ങള്‍ ഇവയില്‍ ചിലതാണ്.
1. സംവേദന പ്രക്രിയയിലെ താളപ്പിഴകള്‍ (Senosry Processing Disorder)
കുട്ടികളിലെ അക്കാദമിക് പ്രകടനത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് സംവേദന പ്രക്രിയയിലെ ബുദ്ധിമുട്ടുകള്‍. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ തലച്ചോറ് സ്വീകരിക്കുകയും, വ്യാഖ്യാനിക്കുകയും, പ്രതികരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് 'സംവേദന പ്രക്രിയ' അഥവാ സെന്‍സറി പ്രോസസ്സിങ്.
ഈ പ്രക്രിയയില്‍ ഉണ്ടാകുന്ന തകരാറാണ് എസ്.പി.ഡി. (Senosry Processing Disorder). ഈ അവസ്ഥയിലുള്ള കുട്ടികളുടെ തലച്ചോറിന് സംവേദനങ്ങള്‍ ക്രമീകരിക്കുന്നതില്‍ തടസ്സങ്ങളുണ്ടാകും. ഇതോടെ ശരീരത്തിനകത്തുനിന്നോ പുറത്തുനിന്നോ ലഭിക്കുന്ന വിവരങ്ങള്‍ തലച്ചോറില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. അങ്ങനെ രൂപപ്പെടുന്ന താളപ്പിഴകള്‍ ഒരു കുട്ടിയുടെ പഠനത്തെ തടസ്സപ്പെടുത്താം.
റോഡിലെ വാഹനങ്ങളുടെ ശബ്ദം, ക്ലാസുകളിലെയും കളിസ്ഥലങ്ങളിലെയും മറ്റും ബഹളം, തുടങ്ങിയവയെല്ലാം, സെന്‍സറി ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വലിയ ശല്യമായി തോന്നാം. ടീച്ചര്‍ ക്ലാസ് എടുക്കുന്ന സമയം, ചുറ്റുപാടും ഉണ്ടാകാവുന്ന മറ്റു ശബ്ദങ്ങളെ വേര്‍തിരിച്ചറിയാന്‍, അവര്‍ക്ക് കഴിയാതെ വന്നേക്കും. ഇത് കുട്ടിക്ക് ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു.
ക്ലാസ് മുറിയിലെ അമിതമായതോ, കണ്ണഞ്ചിപ്പിക്കുന്നതോ ആയ ലൈറ്റുകള്‍ പോലും ചില കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പ്രയാസമുണ്ടാക്കാറുണ്ട്. എസ്.പി.ഡി. ഒരു പഠനവൈകല്യമല്ല, എന്നാല്‍ സംവേദന പ്രക്രിയയിലുണ്ടാകുന്ന താളപ്പിഴകള്‍ കുട്ടിയുടെ ശ്രദ്ധ, ഏകാഗ്രത, സ്വഭാവം, ശാരീരിക ഏകോപനം എന്നിവയെ ഗുരുതരമായി ബാധിക്കുമ്പോള്‍ അത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
2. പഠനവൈകല്യം (Learning Disability)
ഒരു കുട്ടിയുടെ ബൗദ്ധികശേഷി സാധാരണ നിലയിലോ, ശരാശരിക്ക് മുകളിലായിരിക്കുകയോ ചെയ്യുമ്പോഴും, വായിക്കാനും, എഴുതാനും, ഗണിതശാസ്ത്രപരമായ കഴിവുകള്‍ നേടാനും പ്രയാസം നേരിടുന്ന അവസ്ഥയാണ് പഠനവൈകല്യം അഥവാ ലേര്‍ണിങ് ഡിസെബിലിറ്റി. ഇത് പ്രധാനമായും തലച്ചോറ് വിവരങ്ങളെ സ്വീകരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സംഭരിക്കുന്നതിലുമുള്ള ന്യൂനതകള്‍ മൂലമാണ് ഉണ്ടാകുന്നത്.
പഠനവൈകല്യത്തിലേക്ക് നയിക്കുന്ന ശാരീരിക വൈജ്ഞാനിക ഘടകങ്ങള്‍ പലതുണ്ട്. അക്കാദമിക് രംഗവുമായി ബന്ധപ്പെട്ട നിരവധി കഴിവുകള്‍ ശാരീരികവും വൈജ്ഞാനികവുമായ ശേഷികളെ ആശ്രയിച്ചിരിക്കുന്നതാണ്.
• മോട്ടോര്‍ സ്‌കില്‍സ്: ശരിയായ അംഗവിന്യാസത്തില്‍ ഇരിക്കുന്നതിന് കോര്‍ മസിലുകളുടെ പിന്തുണ ആവശ്യമാണ്. ഈ മസിലുകള്‍ ദുര്‍ബലമായ കുട്ടികള്‍ക്ക്, ഒരുപാട് സമയം നേരെ ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും. അവര്‍ ഡെസ്‌കിലേക്ക് ചാരിയിരുന്നും കൈകുത്തി ഇരുന്നുമൊക്കെ എഴുതുന്നത് കാണാം. ഇത് എഴുത്തിനെ മാത്രമല്ല, ദീര്‍ഘനേരം ശ്രദ്ധിക്കുന്നതിനെയും ബാധിക്കുന്നു.
• ഫൈന്‍ മോട്ടോര്‍ സ്‌കില്‍സ്: വിരലുകളുടെയും കൈകളുടെയും മസിലുകള്‍ക്ക് വേണ്ടത്ര ശക്തിയില്ലെങ്കില്‍, പെന്‍സില്‍ ശരിയായ രീതിയില്‍ പിടിക്കാനും, ആവശ്യമായ പ്രഷര്‍ നല്‍കി എഴുതാനും, കത്രിക ഉപയോഗിച്ച് മുറിക്കാനുമെല്ലാം കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും. ഇത് അവരുടെ അക്കാദമിക് പ്രകടനത്തെ പിന്നോട്ട് വലിച്ചേക്കാം.
• വിഷ്വല്‍-മോട്ടോര്‍, വിഷ്വല്‍ പെര്‍സെപ്ഷന്‍ ഡിഫിക്കല്‍റ്റീസ്: ബോര്‍ഡില്‍ നോക്കി പുസ്തകത്തിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ വാക്കുകള്‍ വിട്ടുപോകുക, വരികള്‍ തെറ്റുക തുടങ്ങിയവ വിഷ്വല്‍ മോട്ടോര്‍ കോര്‍ഡിനേഷനിലെ ബുദ്ധിമുട്ടുകള്‍ കൊണ്ടാകാം.
അക്ഷരങ്ങളുടെ വിപരീതമായ എഴുത്തും ഇതുപോലെയാകാം. ഉദാഹരണത്തിന്, ഇംഗ്ലീഷിലെ 'b', 'd', 'p', 'q' പോലുള്ള അക്ഷരങ്ങള്‍ തിരിഞ്ഞ് എഴുതുന്നത് ഈ കാരണത്താലാകാം. വായിക്കുമ്പോഴും എഴുതുമ്പോഴും ഏത് വരിയിലാണ് നില്‍ക്കുന്നത് എന്ന് ട്രാക്ക് ചെയ്യാന്‍ കഴിയാതെ വരിക, ഒരേ വരി തന്നെ ആവര്‍ത്തിച്ച് വായിക്കുന്നതും വരികള്‍ വിട്ടുപോകുന്നതുമെല്ലാം വിഷ്വല്‍ പെര്‍സെപ്ഷന്‍ ഡിഫിക്കല്‍റ്റീസിന്റെ ഭാഗമാണ്.
എഴുതുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ ശരിയായ അകലം നല്‍കാനും, വരിക്കുള്ളില്‍ ഒതുക്കി എഴുതാനും കഴിയാതെ വരുന്നത്, വേഗത്തില്‍ എഴുതാനും വായിക്കാനുമുള്ള കുട്ടിയുടെ ശേഷിയെ ബാധിക്കും. ഇത് പരീക്ഷകളില്‍ സമയത്തിന് ഉത്തരം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണമാകുന്നു. ഗണിതം പോലെയുള്ള വിഷയങ്ങള്‍ പഠിക്കുമ്പോള്‍, പല സ്റ്റെപ്പുകളുള്ള ചോദ്യങ്ങള്‍ക്ക്, അതിലെ ഓരോ സ്റ്റെപ്പും ഓര്‍ത്ത് ഫോളോ ചെയ്യാനുള്ള പ്രയാസം ഉണ്ടാകുന്നതും ഇതിന്റെ ഭാഗഗമാണ്.
ബാഗ് അടുക്കി വെക്കുക, ആവശ്യമായ സാധനങ്ങള്‍ എടുക്കുക, പഠിക്കുമ്പോള്‍ ഒരു ടാസ്‌ക് എവിടെ നിന്ന് തുടങ്ങണം എന്ന് തീരുമാനിക്കുക എന്നിവയിലൊക്കെ പ്രയാസം നേരിട്ടേക്കാം. പരീക്ഷകളില്‍ ഉത്തരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതിത്തീര്‍ക്കാന്‍ കഴിയാതെ വരുന്നത് ഇതിന്റെ ഭാഗമാകാം. പഠിച്ച കാര്യങ്ങള്‍ മറന്നുപോവുക, ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചെങ്കിലും പെട്ടെന്ന് മറന്നുപോകുക എന്നിവ, കുട്ടിയുടെ അക്കാദമിക് മികവിനെ ഗുരുതരമായി ബാധിക്കാം.
3. സാമൂഹിക-വൈകാരിക ഘടകങ്ങള്‍ (Socio-Emotional Factors)
കുട്ടികള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നതില്‍, കാരണമായേക്കാവുന്ന, എന്നാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഘടകമാണിത്. സാമൂഹികപരമായി നന്നായി പഠിക്കാന്‍ ഒരു കുട്ടിയില്‍ സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദവും, പ്രതീക്ഷയുടെ അമിതഭാരവും. നല്ല മാര്‍ക്ക് വാങ്ങണം എന്ന വീട്ടിലെ അല്ലെങ്കില്‍ സ്‌കൂളിലെ സമ്മര്‍ദ്ദം കുട്ടികളില്‍ ഉത്കണ്ഠ സൃഷ്ടിക്കും.
ഇത് പഠിച്ച കാര്യങ്ങള്‍ പരീക്ഷാ സമയത്ത് കൃത്യമായി ഓര്‍ത്തെടുക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുട്ടിയില്‍ തടസ്സമുണ്ടാക്കും. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടികളില്‍ ആത്മവിശ്വാസം കുറയുന്നതിന് കാരണമാകും. അതിലൂടെ അവര്‍ പഠനത്തില്‍ നിന്ന് പിന്നോട്ട് പോയേക്കാം.
പരിഹാരവും പിന്തുണയും
കുട്ടികളിലെ ഇത്തരം ബുദ്ധിമുട്ടുകളെ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്തണം. ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് കുട്ടിയുടെ സെന്‍സറി പ്രോസസ്സിങ്, മോട്ടോര്‍ സ്‌കില്‍സ്, വിഷ്വല്‍-പെര്‍സെപ്ച്വല്‍ കഴിവുകള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
അധ്യാപകരുടെ പങ്കും വളരെ വലുതാണ്. ഓരോ കുട്ടിയുടെയും ശേഷിയും ബുദ്ധിമുട്ടുകളും, ക്ലാസ് മുറികളില്‍ നിന്നു തന്നെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കാകണം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക, വ്യക്തിപരമായ പിന്തുണ നല്‍കുക, ആവശ്യമെങ്കില്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നിവരിലേക്ക് റഫര്‍ ചെയ്യുക എന്നിവയിലൂടെ കുട്ടികളെ പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
അക്കാദമിക് പ്രകടനം കുറയുമ്പോള്‍, 'മടി' എന്ന ലേബല്‍ മാറ്റി, 'എന്തുകൊണ്ട്' എന്ന് ചോദിച്ച്, കുട്ടിയെ പിന്തുണയ്ക്കുന്നതിലൂടെയാണ് ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുക. എസ്.പി.ഡി. അല്ലെങ്കില്‍ പഠനവൈകല്യം എന്നത് ഒരു കുട്ടിയുടെ കുറവല്ല, മറിച്ച് അവന്റെ മസ്തിഷ്‌കം ലോകത്തെ കൈകാര്യം ചെയ്യുന്നതിലെ വ്യത്യസ്തതയാണ്. അവധാനത എന്ന വാക്ക് ഇവിടെ ഏറെ പ്രധാനമാണ്. കുട്ടിയെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം, കുട്ടിയുടെ ആവശ്യങ്ങള്‍ക്കനുരിച്ച് അവര്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ മാറ്റാന്‍ ശ്രമിക്കുക.
ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെങ്കില്‍, മോശം വിദ്യാര്‍ത്ഥിയെന്ന് മുന്‍വിധിയെഴുതാതെ, അതിന് പിന്നിലെ കാരണങ്ങള്‍ എന്തായിരിക്കാം എന്ന് ചിന്തിക്കുക. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഉറപ്പാക്കുക.
കൊച്ചിയിലെ 'പ്രയത്‌ന' (സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്) യുടെ സ്ഥാപകനാണ് ലേഖകൻ
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Is your child struggling to learn? Discover common causes like Sensory Processing Disorder and Learning Disabilities. Find expert solutions and support for better academic performance