കര്‍ക്കടകത്തില്‍ സ്ത്രീകള്‍ക്ക് വേണം പ്രത്യേക പരിചരണം

കര്‍ക്കിടക ചികിത്സ
കര്‍ക്കിടക ചികിത്സ

കര്‍ക്കടകം സ്ത്രീകളുടെ ആരോഗ്യരക്ഷയ്ക്ക് പ്രാധാന്യമുള്ള സമയമാണ്.  ഉചിതമായ ആരോഗ്യചര്യകളിലൂടെ വര്‍ഷഋതു ആരോഗ്യകരമാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. കര്‍ക്കടകത്തിലെ ചികിത്സകള്‍ രോഗപ്രതിരോധശേഷി, ഉണര്‍വ്, ഉത്സാഹം ഇവ നല്‍കുന്നു. ഒപ്പം നിലവിലുള്ള രോഗങ്ങള്‍ക്ക് ശമനം വരുത്തുകയും ചെയ്യുന്നു. 

കൗമാര-യൗവ്വനാരോഗ്യം

കൗമാരക്കാര്‍ക്ക് തവിടുള്ള ധാന്യങ്ങള്‍, എള്ള്, മുതിര, വാഴപ്പിണ്ടി, വെളുത്തുള്ളി, മുട്ട എന്നിവ അടങ്ങിയ ആഹാരം ശീലിക്കാം. ഒപ്പം ലഘുവ്യായാമങ്ങളും ചെയ്യണം. 

  • ച്യവനപ്രാശം, അമൃതപ്രാശം എന്നിവയില്‍ ഏതെങ്കിലും ശീലിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
  • ഗര്‍ഭാശയത്തെയും അണ്ഡങ്ങളുടേയും ആരോഗ്യം ഉറപ്പാക്കുന്ന ആഹാരജീവിതശൈലികളാണ് യൗവനത്തില്‍ പിന്തുടരേണ്ടത്. 
  • സുകുമാരഘൃതം, ധാന്വന്തരം കഷായം, അശോകാരിഷ്ടം എന്നിവയില്‍ ഉചിതമായത് വൈദ്യനിര്‍ദേശാനുസൃതം ഉപയോഗിക്കാം.
  • ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏലാദികേരം, നാല് പാമരാദി കേരം, ലാക്ഷാദികേരം ഇവയിലേതെങ്കിലും പുറമേ പുരട്ടാം.

ഗര്‍ഭം ധരിക്കാനും പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണ് യൗവനം. സ്‌നേഹപാനം, സ്‌നേഹവസ്തി, കഷായവസ്തി ഇവയും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നു.

സുകുമാരഘതം ഫലസര്‍പ്പിസ്, അശോകാരിഷ്ടം, ധാന്വന്തരം കഷായം, സുകുമാരം കഷായം, കല്യാണകം കഷായം, ഇവയില്‍ ഉചിതമായത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കഴിക്കാം. 



ആര്‍ത്തവവിരാമവും വാര്‍ധക്യവും 
ആര്‍ത്തവവിരാമത്തിന്റെ ഫലമായുള്ള അസ്വസ്ഥതകള്‍ മഴക്കാലത്ത് വര്‍ധിക്കാനിടയുണ്ട്. അവര്‍ക്ക് തവിടുള്ള ധാന്യങ്ങള്‍, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയടങ്ങിയ ആഹാരമാണ് ഉചിതം. ചേമ്പ്, ചേന, കാച്ചില്‍ എന്നിവയെല്ലാം മാറിമാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഹൃദ്രോഗം, മറവി, പ്രമേഹം, രക്തസമ്മര്‍ദം, മൂത്രാശയരോഗങ്ങള്‍, കാഴ്ചകേള്‍വി പ്രശ്‌നങ്ങള്‍, വിഷാദം, അസ്ഥി സന്ധിരോഗങ്ങള്‍ ഒക്കെ വാര്‍ധക്യത്തിലുള്ളവര്‍ക്ക് കൂടുതലായി കാണപ്പെടാറുണ്ട്.

  • മഹാരാസ്താദി കഷായം, രാനേരണ്ഡദി കഷായം ഇവ വാതവേദനയും നീരുമകറ്റും. 
  • ആവണക്കിന്റെ ഇല ചതച്ച് മു ട്ടില്‍ രണ്ടുമണിക്കൂറോളം കെട്ടി വയ്ക്കുന്നത് മുട്ടുവേദനയ്ക്കാശ്വാസമേകും. 
  • കിഴി, പിഴിച്ചില്‍, ധാര, വസ്തി തുടങ്ങിയവ ആവശ്യമുള്ള ഘട്ടത്തില്‍ ചെയ്യാവുന്നതാണ്
     

Content Highlights: karkitaka treatment for women