ഭാരം കുറയ്ക്കാൻ മാതൃകയായത് വിദ്യാ ബാലൻ;മൂന്നുമാസം കൊണ്ട് ജ്യോതിക കുറച്ചത് ഒമ്പതുകിലോ

'ഡോളി സജാകെ രഖ്‌നാ' എന്ന ബോളിവുഡ് സിനിമയിലൂടെയാണ് നടി ജ്യോതിക അഭിനയത്തിലേക്ക് കടന്നത്. അത് വമ്പൻ പരാജയമായിരുന്നു. അതിനുശേഷമാണ് ജ്യോതിക കോളിവുഡിലെത്തിയത്. വാലി, ഖുഷി, തെനാലി, പൂവെല്ലാം ഉൻ വാസം, കാക്ക കാക്ക, പേരഴകൻ, വേട്ടയാട് വിളൈയാട്, മൊഴി...തുടങ്ങിയ സിനിമകളിലൂടെ അവരുടെ കരിയർഗ്രാഫ് ഉയരുകയും ചെയ്തു. നീണ്ട 25 വർഷങ്ങൾക്കുശേഷം ജോ ബോളിവുഡിൽ തിരിച്ചെത്തി. 'ശൈത്താൻ' എന്ന ആ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനുശേഷം 'ശ്രീകാന്ത്' എന്ന സിനിമയിലും അവർ അഭിനയിച്ചു. ഈയിടെ പുറത്തിറങ്ങിയ 'ഡബ്ബാ കാർട്ടൽ' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
അതിനുപിന്നാലെ ജ്യോതികയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവും ശരീരഭാരം കുറച്ചതുമെല്ലാം ചർച്ചയാവുകയാണ്. ബോളിവുഡിൽ സജീവമാകുന്നതിന്റെ ഭാഗമായി ജ്യോതികയും സൂര്യയും കുട്ടികളും ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് താമസം മാറിയിരുന്നു.
''കഴിഞ്ഞ 25 വർഷത്തിനിടയിൽ ബോളിവുഡിൽനിന്ന് ഒരവസരം പോലും എന്നെ തേടിവന്നിരുന്നില്ല. ആദ്യസിനിമ വിജയിച്ചാലേ നമ്മളെ തേടി പിന്നെയും അവസരങ്ങൾ എത്തുകയുള്ളൂ. എന്നാൽ, എന്റെ ആദ്യ ബോളിവുഡ് ചിത്രം പരാജയമായത് തിരിച്ചടിയായി. എങ്കിലും ഭാഗ്യം കൊണ്ട് ഒരു തമിഴ് ചിത്രം കിട്ടി. അങ്ങനെയാണ് ഞാൻ തമിഴിലേക്ക് പോവുന്നത്'', തിരിച്ചുവരവിനെക്കുറിച്ച് ജ്യോതിക പറഞ്ഞതിങ്ങനെ.
കുറേക്കൂടി മെലിഞ്ഞ ജ്യോതികയെയാണ് സിനിമാ പ്രൊമോഷനിടയിൽ കാണാൻ കഴിഞ്ഞത്. മൂന്നുമാസം കൊണ്ട് താൻ ഒമ്പതുകിലോ കുറച്ചെന്നാണ് ജോ പറയുന്നത്. ''ഭാരം നിയന്ത്രിക്കുന്ന കാര്യത്തിൽ എനിക്ക് എപ്പോഴും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. കഠിനമായ വ്യായാമങ്ങളും ഡയറ്റുമൊന്നും ഞാൻ ആഗ്രഹിച്ച ഫലങ്ങൾ നൽകിയില്ല. അതിനിടയിൽ ഭാരം കുറയ്ക്കാനായി ഞാൻ പരീക്ഷിക്കാത്തതൊന്നുമില്ല. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും പലതരം ഡയറ്റും പരീക്ഷിച്ചു. ഒന്നും വിജയം കണ്ടില്ല. പിന്നീട് കൃത്യമായ മാർഗനിർദേശം ലഭിച്ചതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. ഇപ്പോൾ കൂടുതൽ ആരോഗ്യവും ഊർജവും ലഭിച്ചതുപോലെ തോന്നുന്നു''. ഭാരം കുറയ്ക്കാനായി മാജിക്കുകളൊന്നുമില്ലെന്നും ജോ പറയുന്നു.
''ഇതെന്നെ തന്നെ തിരിച്ചറിയാനുള്ള യാത്ര കൂടിയായിരുന്നു. ഓരോ ഭക്ഷണവും നമ്മുടെ മൂഡിനെയും എനർജി ലെവലിനെയും എങ്ങനെ ബാധിക്കുമെന്നുകൂടി എനിക്ക് ബോധ്യമായി''. ദഹനപ്രക്രിയയ്ക്ക് ഗുണംചെയ്യുന്ന, ശരീരത്തിലെ നീർവീക്കം ഇല്ലാതാക്കുന്ന തരം ഭക്ഷണമാണ് ജ്യോതിക തിരഞ്ഞെടുത്തത്. ശരീരത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ്, അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ ഭാരം കുറയ്ക്കാൻ കഴിയുമെന്ന് അവർ പറയുന്നു. വണ്ണം കുറയ്ക്കാൻ ജ്യോതികയ്ക്ക് മാതൃകയായത് നടി വിദ്യാ ബാലനാണ്. ശരീരത്തിന് ആവശ്യമുള്ളതുമാത്രം കഴിച്ച് വിദ്യ കുറച്ചത് 10 കിലോയാണ്.
പച്ചക്കറികൾ, പഴങ്ങൾ, നട്‌സ്, മഞ്ഞൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി കുറവുള്ള ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. ആവശ്യത്തിന് വെള്ളം കുടിക്കണം. മീനും മറ്റും എണ്ണയിൽ വറുത്തുകഴിക്കുന്നതിന് പകരം ഗ്രിൽ ചെയ്ത് ഉപയോഗിക്കാം. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കാനിത് സഹായിക്കും. കൃത്രിമമധുരമുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതാണ്.
Content Highlights: jyothika on weight loss journey