രോഗപ്രതിരോധശേഷിക്കും ക്ഷീണമകറ്റാനും മൂന്ന് ഔഷധക്കഞ്ഞികള്‍

മഴക്കാലചര്യകളില്‍ പ്രധാനമാണ് കഞ്ഞി. വിശപ്പും ദാഹവും അകറ്റുന്നതിനൊപ്പം ശരീരക്ഷീണം അകറ്റി രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ കഞ്ഞി സഹായിക്കുന്നു. കഞ്ഞിയുടെ രസക്കൂട്ട് തലമുറകള്‍ കൈമാറിവന്നതാണ്, എന്നാല്‍ പുതുകാലത്തിന് ഈ അറിവുകള്‍ പലതും അന്യമായിക്കൊണ്ടിരിക്കുകയാണ്.
ശരീരത്തിനേറ്റവും ബലക്കുറവുവരുന്ന മഴക്കാലത്ത്, ദേഹാസ്വാസ്ഥ്യങ്ങള്‍ വന്നുചേരാന്‍ എളുപ്പമാണ്. വായുവും ജലവും മലിനമാകുന്ന ഈ കാലത്ത് പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളോട് പിടിച്ചുനില്ക്കാന് നമ്മള് ഭക്ഷണക്രമത്തിലും കാര്യമായ മാറ്റംവരുത്തേണ്ടത് അത്യാവശ്യമാണ്. കൈമാറിക്കിട്ടിയ ഔഷധക്കൂട്ടുകള്‍ നമുക്ക് തിരിച്ചുപിടിക്കാം....
കഞ്ഞിയെന്നാല്‍ പലപ്പോഴും പൊടിയരിക്കഞ്ഞിമാത്രമാണ് നമുക്ക്. കഞ്ഞികളുടെ കൂടുതല്‍ പേരുകളിലേക്കൊന്നും എളുപ്പത്തില്‍ ചിന്തപോകാന് സാധ്യതയില്ല. എന്നാല്‍ ശരീരകാന്തിക്കും പുഷ്ടിക്കും ബുദ്ധിശക്തിക്കും പ്രതിരോധശക്തിക്കുമെല്ലാം ഉതകുന്ന പലതരം കഞ്ഞികളുണ്ട്. കര്‍ക്കടകക്കഞ്ഞി നമ്മുടെ അടുക്കളയില്‍ തന്നെ തിളയ്ക്കട്ടെ...
1.പൊടിയരിക്കഞ്ഞി
ചേരുവകള്‍:
1. പൊടിയരി 80 ഗ്രാം
2. വെള്ളം ഒന്നര ലിറ്റര്‍
3. ഉപ്പ് ആവശ്യത്തിന്
80 ഗ്രാം പൊടിയരി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വേവിച്ച് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കഴിക്കുക. പനി, രോഗപ്രതിരോധശക്തി എന്നിവയ്ക്കും ശരീരക്ഷീണം അകറ്റാനും ഇത് നല്ലതാണ്.
2.ഔഷധക്കഞ്ഞി
ചേരുവകള്‍:
1. ഔഷധ കഞ്ഞിക്കൂട്ട് 10 ഗ്രാം
2. വെള്ളം ഒരു ലിറ്റര്‍
3. തേങ്ങാപ്പാൽ 500 മില്ലി
4. അരി 80 ഗ്രാം
5. ചുവന്നുള്ളി ഒരെണ്ണം
6. ജീരകം അര ടീസ്പൂണ്‍
10 ഗ്രാം ഔഷധി ഔഷധകഞ്ഞിക്കൂട്ട് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി 500 മില്ലി പാലും 80 ഗ്രാം അരിയും (നവര/പുഴക്കലരി) ചേര്‍ത്ത് തിളപ്പിച്ച് കഞ്ഞി പാകത്തില്‍ ഇറക്കി ജീരകവും ചുവന്നുള്ളിയും താളിച്ച് ചെറുചൂടോടെ കുടിക്കാം. താളിക്കാതെയും ഉപയോഗിക്കാം. ദഹനശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. പ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.
3. ജീരകക്കഞ്ഞി
ചേരുവകള്‍:
1. പൊടിയരി 80 ഗ്രാം
2. തേങ്ങ (ചിരവിയത്) ഒരു കപ്പ്
3. ജീരകം രണ്ട് ടീസ്പൂണ്‍
4. ചുവന്നുള്ളി അഞ്ചല്ലി
5. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
6. ഉപ്പ് ആവശ്യത്തിന്
7. വെള്ളം അര ലിറ്റര്‍
വെള്ളം ഒഴിച്ച് അരി വേവിച്ച് അതില്‍ ജീരകം, തേങ്ങ അരച്ചത്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ നല്ലപോലെ അരച്ചതുചേര്‍ത്ത് ചൂടാക്കി ഇറക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ദഹനശക്തിക്കും മലബന്ധം അകറ്റാനും പനിക്കും നല്ലതാണ്.
(വായനക്കാര്‍ക്കും കര്ക്കടകവുമായി ബന്ധപ്പെട്ട പ്രാദേശികവിഭവങ്ങള്‍ അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ ഗൃഹലക്ഷ്മി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. email:grihalakshmi@mpp.co.in)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: three easy to make immunity boosting karkidaka recipes