ഗര്‍ഭപാത്രം നീക്കിയശേഷം സെക്‌സ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Representative Illustration/Ulliyerikkaran
Representative Illustration/Ulliyerikkaran

ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്ട്രക്ടമി) ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. എങ്കിലും ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സെക്‌സ് സാധ്യമാകുമോ എന്ന കാര്യത്തിലാണ് ആശങ്ക കൂടുതല്‍.
സര്‍ജറി എപ്പോള്‍
മറ്റ് ചികിത്സകള്‍ പരാജയപ്പെടുമ്പോഴോ രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാവുമ്പോഴോ മാത്രമാണ് ശസ്ത്രക്രിയ എന്ന തീരുമാനത്തില്‍ എത്തുന്നത്. ഗര്‍ഭാശയ കാന്‍സര്‍, അമിതമായ ആര്‍ത്തവരക്തസ്രാവം, ഗര്‍ഭാശയ മുഴകള്‍, അഡിനോമയോസിസ്, ഗര്‍ഭാശയത്തിന്റെ ഇറക്കം, ഗര്‍ഭിണിയായിരിക്കുമ്പോള്‍ പ്ലാസന്റ ഒട്ടിയിരിക്കുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിലാണ് ഹിസ്ട്രക്ടമി ചെയ്യാറുള്ളത്.

ഗര്‍ഭപാത്രം മാത്രം നീക്കം ചെയ്യുക അല്ലെങ്കില്‍ ഗര്‍ഭപാത്രത്തോടൊപ്പം അണ്ഡാശയവും നീക്കം ചെയ്യുക എന്നിവയാണ് രണ്ട് രീതികള്‍. വയറുകീറിയുള്ള ശസ്ത്രക്രിയ, യോനി കീറിയുള്ള ശസ്ത്രക്രിയ, താക്കോല്‍ദ്വാര ശസ്ത്രക്രിയ തുടങ്ങി റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയകള്‍ വരെ ഇപ്പോള്‍ നിലവിലുണ്ട്. ഇവ ഏറെ ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞവയുമാണ്.

ഓപ്പണ്‍ സര്‍ജറിക്കുശേഷം ചിലരില്‍ ഒരാഴ്ചയോളം മുറിവിന് ചുറ്റും വേദനയും പുകച്ചിലും അനുഭവപ്പെടാം. ഇത് കുറയ്ക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികള്‍ ഉപയോഗിക്കാം. മൂത്രതടസ്സം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
മാറട്ടെ ലൈഫ്‌സ്റ്റൈല്‍
സര്‍ജറിക്കുശേഷം മുഴുവന്‍ സമയവും വിശ്രമിക്കേണ്ടതില്ല. മാത്രമല്ല ആരോഗ്യകരമായ ജീവിതരീതി പിന്തുടരുകയും വേണം.

  •  സര്‍ജറി കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ മെല്ലെ നടന്നുതുടങ്ങാം.
  • രണ്ടാഴ്ച കഴിഞ്ഞാല്‍ തുണി മടക്കുക, പച്ചക്കറി അരിയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
  • മൂന്നോ നാലോ ആഴ്ചകള്‍ക്കുശേഷം മുന്‍പ് ചെയ്തിരുന്ന ജോലികള്‍ തുടരാം.
  • മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍കൊണ്ട് ഉണ്ടാവാം. അതിന് മരുന്നു കഴിക്കേണ്ടതില്ല.
  • ഉറക്കക്കുറവ്, മറവി, മറ്റ് വൈകാരികപ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ വൈദ്യസഹായം തേടാം.

ഭക്ഷണം ഇങ്ങനെ
രക്തക്കുറവ് പരിഹരിക്കാനായി അയണ്‍ കൂടുതല്‍ അടങ്ങിയ ആഹാരം ശീലമാക്കാം. മാതളം, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ നല്ലതാണ്. ദിവസവും എട്ടുമുതല്‍ പത്തുഗ്ലാസ് വരെ ശുദ്ധജലം കുടിക്കണം.

  • പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഉണങ്ങിയ പഴങ്ങള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡയറ്റ് ശീലമാക്കണം.
  • ഫൈറ്റോഈസ്ട്രജനുകള്‍ അടങ്ങിയ ചേമ്പ്, ചേന, കാച്ചില്‍, കുമ്പളങ്ങ, സോയാബീന്‍ എന്നിവ കഴിക്കുന്നത് ഫലപ്രദമാണ്.
  • ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

സെക്‌സ് സാധ്യമാണോ
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതുകൊണ്ട് ലൈംഗികജീവിതത്തിന് തടസ്സമില്ല. എന്നാല്‍ ചിലരില്‍ സര്‍ജറിക്കുശേഷം സെക്‌സിലുള്ള മരവിപ്പും സംതൃപ്തിക്കുറവും കണ്ടുവരാറുണ്ട്. ടെന്‍ഷന്‍ കാരണം ലൂബ്രിക്കേഷന്‍ കുറയാനുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡോക്ടറെ കണ്ട് ഇതിനുള്ള പരിഹാരം തേടാവുന്നതാണ്. ശസ്ത്രക്രിയക്കുശേഷം ആറുമുതല്‍ എട്ട് ആഴ്ച വരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: sex after histeroctomy surgery; things to remember