പുകവലി ഉപേക്ഷിച്ച് 15 വര്‍ഷമാകുമ്പോള്‍ ശരീരത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയാമോ?

ഓരോ 6 മിനിറ്റിലും ഒരാള്‍ പുകവലിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരണപ്പെടുന്നു എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ നമുക്ക് തടയാവുന്ന മരണ കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പുകവലി. വികസ്വര രാജ്യമായ ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ പുകവലി / പുകയില ഉത്പന്നങ്ങളില്‍ ആസക്തരാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കുന്ന ഒരു സാമൂഹിക വിപത്താണിത്. ഉപയോഗിക്കുന്നവര്‍ക്കൊപ്പം കൂടെ ജീവിക്കുന്നവരെയും ബാധിക്കുന്ന ഒരു ദുശീലമെന്ന രീതിയില്‍ ഇതിന്റെ വ്യാപ്തിയും, എത്രത്തോളം അപകടകരമായ രീതിയിലാണ് പൊതു ആരോഗ്യത്തെ ബാധിക്കുന്നത് എന്നും ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുത്തേ മതിയാവൂ.
പുകയിലയുടെ വിവിധ രൂപങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഗുഡ്ക്ക, ഖൈനി, പാന്‍മസാല തുടങ്ങിയവ വളരെ വേഗത്തില്‍ തന്നെ വായിലുള്ള ക്യാന്‍സറിന് കാരണമാകുന്നു. സുരക്ഷിതം എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹുക്ക, വാട്ടര്‍ പൈപ്പ്, ഇ സിഗരറ്റ്, വേപ്പിങ് മുതലായവയും ഒരുപാട് വിഷാശങ്ങള്‍ ശരീരത്തില്‍ എത്തിക്കുകയും നമ്മുടെ ഭൂരിഭാഗം അവയവങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. വായിലെ ദുര്‍ഗന്ധം/പല്ലുകളിലെയും മോണയിലെയും നിറവ്യത്യാസം, തുടര്‍ച്ചയായ ചുമ, ശ്വാസം മുട്ടല്‍ എന്നിവയില്‍ തുടങ്ങി COPD (ക്രോണിക് ഒബ്‌സ്ട്രാക്റ്റീവ് പള്‍മൊണറി ഡിസീസ് ) ശ്വാസകോശാര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം, വായ, തൊണ്ട, അന്നനാളം തുടങ്ങിയവയിലെ അര്‍ബുദത്തിനും പുകവലി കാരണമാകുന്നു.
സ്ത്രീകളില്‍ പുകവലി
വന്ധ്യത, മാസമുറയിലെ വ്യതിയാനങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത പുകവലിക്കാരില്‍ കൂടുതലാണ്. ഗര്‍ഭകാലത്ത് ആണെങ്കില്‍ ശിശുവിന്റെ തലച്ചോറിനെയും, ശരീര വളര്‍ച്ചയെയും ബാധിക്കുന്ന മഹാ വിപത്തായി മാറുന്നു.
പുകവലി നിര്‍ത്തുന്നതിന്റെ ഗുണങ്ങള്‍
- പുകവലി നിര്‍ത്തി 20 മിനുട്ടില്‍ ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ദവും കുറയുന്നു.
- 12 മണിക്കൂറില്‍ കാര്‍ബണ്‍ മോണോക്സൈഡ് അളവ് ശരീരത്തില്‍ കുറയുകയും പ്രാണവായുവായ ഓക്‌സിജന്‍ കൂടുകയും ചെയ്യുന്നു.
- 3 മാസമാകുമ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും രക്ത ചംക്രമണവും കൂടുന്നു.
- 6 മാസമാകുമ്പോള്‍ ചുമയും, ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള സാധ്യതയും കുറയുന്നു.
- ഒരു വര്‍ഷമാകുമ്പോള്‍ ഹൃദ്രോഗ സാധ്യത പകുതിയാകുന്നു.
- പുകവലി ഉപേക്ഷിച്ച് 15 വര്‍ഷമാകുമ്പോള്‍ ഹൃദ്രോഗ സാധ്യത വലിക്കാത്ത വ്യക്തിയുടേതിന് തുല്യമാകുന്നു.
പുകവലി എങ്ങനെ നിര്‍ത്താം?
പുകവലി ഉപേക്ഷിക്കാന്‍ മാനസികമായി സ്വയം തയ്യാറെടുക്കുക എന്നുഉള്ളതാണ് ഇതിലേക്കുള്ള ആദ്യപടി. പുകവലിയുടെ തീവ്രത അളക്കാന്‍ സഹായിക്കുന്ന ചോദ്യാവലികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഫാഗെര്‍സ്ട്രോം ചോദ്യാവലി ഇത്തരത്തില്‍ ഒന്നാണ്. ഇത് വഴി ലഭിക്കുന്ന സ്‌കോര്‍ ഏഴോ അതിനുമുകളിലോ ആണെങ്കില്‍ നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി (NRT) നോണ്‍ നിക്കോട്ടിന്‍ റീ പ്ലേസ്‌മെന്റ് തെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം .
പുകവലി നിര്‍ത്താനായി സ്റ്റാര്‍ട്ട് മെത്തേഡ് ഉപയോഗിക്കാവുന്നതാണ്.
S - Set a quit date-പുകവലി നിര്‍ത്താനുള്ള തീയതി നിശ്ചയിക്കുക. ഇത് വരാനിരിക്കുന്ന 2 ആഴ്ചകള്‍ക്കുള്ളില്‍ ആയിരിക്കണം
T - Tell family friends and co workser-നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതിനെക്കുറിച്ച് അറിയിക്കുക. അവരുടെ പ്രോത്സാഹനത്തിനും സഹായത്തിനുമായി അഭ്യര്‍ത്ഥിക്കുക.
A - Anticipipate and plan for the challenges-പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയെ നേരിടേണ്ട രീതികളെക്കുറിച്ചും മുന്‍കൂട്ടി തന്നെ ഒരു പദ്ധതി തയ്യാറാക്കുക.
R - Remove all tobaco products - നിങ്ങളുടെ വീട്, കാര്‍, ജോലിയിടം എന്നിവിടങ്ങളിലെല്ലാം പുകയില ഉത്പന്നങ്ങളുടെ സാന്നിധ്യം ഒഴിവാക്കുക.
T - Talk to your doctor getting help to quit - പുകവലി നിര്‍ത്താതാനുള്ള ചികിത്സക്കായി ഡോക്ടറോട് സംസാരിക്കുക
നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി ( NRT)
പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആണ് ലഹരിക്ക് കാരണമാകുന്നത്. പുകവലി നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ നിക്കോട്ടിന്റെ അളവ് പെട്ടെന്ന് കുറയുന്നതിനാല്‍ വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം ഇത്തരം ആളുകളില്‍ നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള NRT ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കടുത്ത വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. നിക്കോട്ടിന്‍ അടങ്ങിയ ച്യുയിങ് ഗം, പാച്, ലോസെഞ്ചസ്, ഇന്‍ഹേലര്‍, സ്‌പ്രേ, എന്നിവ ലഭ്യമാണ്.
നോണ്‍ നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി (NNRT)
Varenicline, Bupropion എന്നീ മരുന്നുകള്‍ ചികിത്സക്കായി ലഭ്യമാണ്, ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.
ആരോഗ്യ പരമായ ഒരു നല്ല നാളെക്കായി പുകവലി നമുക്ക് പൂര്‍ണ്ണമായി നിര്‍ത്താം. അത് നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കും കൂടെ സമൂഹത്തിനും നന്മ നല്‍കുന്ന ഒരു തീരുമാനമാകും. ഇതുവരെ വൈകീട്ടില്ല, ഇന്നുതന്നെ ജീവിത ഭാഗധേയം മാറ്റുന്ന ശക്തമായ ശക്തമായ എടുക്കാന്‍ നിങ്ങള്‍ സന്നദ്ധരാകൂ.
(കോഴിക്കോട് ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലിലെ പള്‍മനോളജി സ്‌പെഷ്യലിസ്റ്റാണ് ലേഖിക)
Content Highlights: how to stop smoking smoking causes cancer