സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ എട്ട് എളുപ്പവഴികള്‍

പ്രതീകാത്മ ചിത്രം/ Shutterstock
പ്രതീകാത്മ ചിത്രം/ Shutterstock

ഇരുപത്തിനാല് മണിക്കൂറും മൊബൈല്‍ഫോണിലും ടിവിയും ചെലവഴിക്കുന്നവരാണോ നിങ്ങള്‍. സ്‌ക്രീന്‍ ടൈം കാരണം ചുറ്റുമുള്ള പലതും ശ്രദ്ധിക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ? മറ്റെന്തോ ആവശ്യത്തിന് എടുത്ത മൊബൈല്‍ ഫോണ്‍ താഴെ വയ്ക്കാതെ സ്‌ക്രോളും സ്വൈപ്പും ചെയ്ത് സമയം കളയുന്നവരാണ് ഭൂരിപക്ഷവും. ലൈക്കും ഷെയറും കിട്ടാനായി മാത്രം പോസ്റ്റ് ചെയ്യുന്നവരും അത് എത്രയായി എന്ന് ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പുതുതലമുറ ഇന്ന് നോമോഫോബിയയുടെ പിടിയിലാണ്. എങ്കിലും സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്കുവേണ്ടി ചില എളുപ്പവഴികള്‍ പരിചയപ്പെടാം.

1. സ്‌ക്രീന്‍ ടൈം സ്വയം ട്രാക്ക് ചെയ്യാം
ജോലിസ്ഥലത്തോ മറ്റോ അല്ലാതെ മറ്റിടങ്ങളിൽ ചെലവഴിക്കുന്ന സ്‌ക്രീന്‍ ടൈം പരിശോധിക്കുക. ഇതിനായി ഫോണിലോ കംപ്യൂട്ടറിലോ ടാബിലോ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ഉപയോഗം മനസ്സിലാക്കാന്‍ കഴിയുന്ന ഓപ്ഷനുകള്‍ സെറ്റ് ചെയ്യാം. സ്‌ക്രീന്‍ ടൈം സ്വയം പരിശോധിച്ച് അത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

2.സ്‌ക്രീന്‍ ടൈമിന് പരിധി നിശ്ചയിക്കാം.
ഭക്ഷണം കഴിക്കുമ്പോഴും ഔട്ടിങ്ങിന് പോകുമ്പോഴും കഴിവതും സ്‌ക്രീന്‍ ടൈം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഫോണിനോ ടിവിയ്‌ക്കോ പകരം പുസ്തകം വായിക്കുകയോ ബോര്‍ഡ് ഗെയിമുകള്‍ കളിക്കുകയോ ചെയ്യാം. ഒഴിവുസമയങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ എന്ന തോതില്‍ സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തുക. ഇ-മെയിലുകള്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനും കൃത്യമായി സമയം കണ്ടെത്തി ആ സമയങ്ങളില്‍ മാത്രം അവ ഉപയോഗിക്കുക.

3. 20-20-20 നിയമം പ്രയോജനപ്പെടുത്താം.
അമിതമായ സ്‌ക്രീന്‍ ടൈം നിങ്ങളുടെ കാഴ്ചയെ സാരമായി ബാധിച്ചേക്കാം. 20-20-20 നിയമം ഉപയോഗിച്ച് ഇത് പരിഹരിക്കാവുന്നതാണ്. ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കുക. ഇത് കണ്ണിലെ പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുന്നതിന് സഹായിക്കും.

4. ചുറ്റുമുള്ളവയെ കാണാന്‍ ശ്രമിക്കാം
ലൈക്കുകളും കമന്റുകളും നോക്കി സന്തോഷം കണ്ടെത്തുന്നവര്‍ക്ക് അതിന്റെ അളവ് കുറയുമ്പോള്‍ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ചുറ്റുമുള്ള ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പുകളെയും വെബ്‌സൈറ്റുകളെയും കുറിച്ച് ഇടയ്ക്ക് ആലോചിച്ച് അവയുടെ ഉപയോഗം കുറയ്ക്കണമെന്ന് സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുക. കിടക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും സ്‌ക്രീന്‍ ടൈം ഒഴിവാക്കുക.

5. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ടെക്‌നോളജി

  • സ്‌ക്രീന്‍ ടൈമിനായി ഫോണില്‍ അലാറം സെറ്റ് ചെയ്യാം.
  • എല്ലാത്തരം സോഷ്യല്‍മീഡിയാ നോട്ടിഫിക്കേഷനുകളും ഓഫ് ചെയ്യാം
  • ഫിറ്റ്‌നസ് ട്രാക്കര്‍ ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവിടാം.

6. വീട്ടില്‍ സ്‌ക്രീന്‍ ഫ്രീ സോണുകള്‍ സെറ്റ് ചെയ്യാം.
വീട്ടിലെ ഇഷ്ടപ്പെട്ട ഒരു സ്ഥലം സ്‌ക്രീന്‍ ഫ്രീ സോണായി തിരഞ്ഞടുക്കുക. അവിടെ ഡിന്നര്‍ ടേബിളോ ബീന്‍ ബാഗോ ക്രാഫ്റ്റോ കൊണ്ട് മനോഹരമാക്കാം. വീട്ടുകാരുമായി സംസാരിച്ചിരിക്കാനും ഒറ്റയ്ക്കിരിക്കാനും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുമുള്ള സ്ഥലമായി അവിടം മാറ്റുക.ക്ലോക്കുകള്‍ സെറ്റ് ചെയ്ത് ഫോണില്‍ സമയം നോക്കുന്ന പ്രവണത പതിയെ ഒഴിവാക്കാനും ശ്രമിക്കാം.

7. മെറ്റാഫോണ്‍ ഉപയോഗിക്കാം.
ഫോണിന്റെ രൂപമുള്ള അക്രിലിക്ക് പ്ലേറ്റുകളാണ് ഡമ്മി ഫോണ്‍ അഥവാ മെറ്റാഫോണ്‍. ഈ ഡമ്മിഫോണിന് സ്‌ക്രീനോ ഇന്റര്‍നെറ്റോ ഒന്നും തന്നെ ഉണ്ടാകില്ല. ഫോണ്‍ അഡിക്ഷന്‍ ഉള്ളവര്‍ക്ക് ഡിജിറ്റല്‍ കണ്ടന്റ് ഇല്ലാതെ തന്നെ ഇതിലൂടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും. അമേരിക്കന്‍ ഡെവലപ്പറായ എറിക് ആന്റ നോവാണ് മെറ്റാഫോണ്‍ എന്ന ഈ വ്യാജന്റെ സ്രഷ്ടാവ്.

8. സ്‌ക്രീന്‍ ഫ്രീ ആക്ടിവിറ്റിയില്‍ ഏര്‍പ്പെടാം.

  • പൂന്തോട്ടം നിര്‍മിക്കാം
  • ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യാം.
  • സംഗീതോപകരണങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് അതിലേക്ക് ശ്രദ്ധ തിരിക്കാം.
  • ക്രാഫ്റ്റുകള്‍ നിര്‍മിച്ച് സന്തോഷം കണ്ടെത്താം.
  • ഇഷ്ടമുള്ള ആളുകളുമായി സംസാരിച്ചിരിക്കാം.
  • യാത്ര പോകാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: eight simple tips to reduce your scree time and improve your well-being.