അവിചാരിതമായി എക്‌സിനെ കണ്ടുമുട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യും?

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഈ ലോകം വളരെ ചെറുതാണ്, ഒരിക്കല്‍ സ്‌നേഹിച്ചുപിരിഞ്ഞവരെ വീണ്ടും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാനുള്ള സാധ്യത പുതിയ ലോകത്ത് വളരെക്കൂടുതലാണ്. ഷോപ്പിങ് മാളിലോ, സുഹൃത്തുക്കളുടെ വിവാഹത്തിലോ, പൊതു ഇടങ്ങളിലോ എല്ലാം അത്തരം സാഹചര്യം കൈവന്നേക്കും. ആ നിമിഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ മനസ്സുകൊണ്ട് ഒരുങ്ങിയിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പുതിയ പങ്കാളിയെ കണ്ടെത്തി അവരുമായി മനോഹരമായ ജീവിതം നയിക്കുമ്പോഴും പഴയ ബന്ധങ്ങള്‍ നല്‍കിയ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ നിമിഷങ്ങള്‍ മനസ്സില്‍ ഓര്‍മകളായെത്തുന്നത് സ്വാഭാവികമാണ്. പഴയ പ്രണയം ഓര്‍ക്കുന്നതുപോലും ചിലരില്‍ പരിഭ്രാന്തിയുമുണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ അവരെ കണ്‍മുന്നില്‍ കാണുമ്പോള്‍ നിങ്ങള്‍ ഏറ്റവും പക്വത കാണിക്കേണ്ട സമയമാണത്. ആ ബന്ധത്തിനുശേഷം നിങ്ങള്‍ എത്രകണ്ട് മുന്നോട്ടുപോയെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രമാത്രം പരിഹരിച്ചിരിക്കുന്നുവെന്നും പ്രകടമാക്കേണ്ട സമയം.  

പരസ്പരം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഇല്ലെങ്കില്‍ വീണ്ടും കണ്ടുമുട്ടൽ വലിയ ഭാരമുള്ള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ക്കിപ്പോഴും ദേഷ്യമോ വേദനയോ ഗൃഹാതുരത്വമോ എല്ലാം ആ ബന്ധത്തില്‍ തോന്നുന്നുണ്ടെങ്കില്‍ അല്‍പം ശാന്തത പാലിക്കുന്നതാണ് നല്ലത്, അതിന് പറ്റിയില്ലെങ്കില്‍ അങ്ങനെ നടിക്കുകയെങ്കിലും ചെയ്യാം. 

നിങ്ങള്‍ വികാരഭരിതരാവാനുള്ള സാഹചര്യമുണ്ടായേക്കാം. എന്നാല്‍ അത് പ്രകടമാവാതെ നോക്കുന്നതാവും നല്ലത്. ദീര്‍ഘനിശ്വാസമെടുത്തത് സ്വയം വീണ്ടെടുത്ത് മുന്നോട്ടുപോകാം. കണ്ടുമുട്ടല്‍ അധികം നാടകീയമാവാതെ നോക്കാം. ശാന്തമായി ആ നിമിഷത്തെ ഭംഗിയായി കൈകാര്യം ചെയ്യാം. മാന്യമായ ഒരു തലയാട്ടല്‍, ഒരു പുഞ്ചിരി, ലളിതമായ ഒരു 'ഹായ്, സുഖമാണോ?' എന്നിവ മതി.

ദീര്‍ഘസംഭാഷണങ്ങള്‍ ഒഴിവാക്കാം- ദീര്‍ഘമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടരുത്. മാന്യവും, ഹ്രസ്വവുമായ പെരുമാറ്റമാണ് നല്ലത്. 

പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോവരുത്- പഴയ വിഷയങ്ങളും പരസ്പരമുള്ള ആരോപണങ്ങളുമൊന്നും വീണ്ടും എടുത്തിടരുത്. 

സാഹചര്യം നോക്കി സംസാരിക്കുക- നിങ്ങള്‍ ഏത് സാഹചര്യത്തിലാണ് കണ്ടുമുട്ടുന്നതെന്നും അവര്‍ സംസാരിക്കാനടക്കം തയ്യാറാണോ എന്നും നോക്കിവേണം സംഭാഷണത്തിലേര്‍പ്പെടാന്‍. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നുവെങ്കില്‍, മാന്യമായി അതില്‍നിന്ന് ഒഴിവാകാം. 

അകലം പാലിക്കുക- ആ വ്യക്തിയെ പൂര്‍ണമായി ഒഴിവാക്കണമെന്ന് തോന്നിയാല്‍ നല്ലരീതിയില്‍ അത് ചെയ്യുക. മുഖാമുഖം കാണേണ്ടിവന്നാൽ‍, മുഖംതിരിച്ച് പോവുന്നതിനുപകരം ന്യൂട്രല്‍ ആയി പെരുമാറുന്നതാണ് ഉചിതം. ആദരവോടും ഭംഗിയോടും പെരുമാറുന്നത് നിങ്ങളുടെ പക്വതയെ പ്രകടിപ്പിക്കും. 

പങ്കാളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക- നിങ്ങളുടെ ഇപ്പോഴത്തെ പങ്കാളിയിലും ചുറ്റുപാടിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പഴയവരുമായി അധികം ബന്ധപ്പെടുന്നത് ദോഷംചെയ്യാനാണ് സാധ്യതയേറെ. നിങ്ങള്‍ക്ക് നിലവില്‍ മറ്റു പങ്കാളികളില്ലെങ്കില്‍ വേറെന്തിലേക്കെങ്കിലും ശ്രദ്ധ മാറ്റി സാഹചര്യം കൈകാര്യം ചെയ്യാം.

ആകര്‍ഷണം തോന്നിയാല്‍- പഴയ കാമുകനോടോ കാമുകിയോടോ ഇപ്പോഴും ആകര്‍ഷണം തോന്നുന്നുവെങ്കില്‍, അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുക. പുതിയ ബന്ധത്തിന് അത് തടസ്സമാവും. 

(കടപ്പാട്: ഇന്ത്യ ടുഡെ)

Content Highlights: how to deal with ex when you least expect it