തടി കുറയ്ക്കാൻ; അറിയാം 18 മിനിറ്റ് ജാപ്പനീസ് വോക്കിങ് ഫോർമുല

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ജിമ്മിൽ പോകാതെയും കഠിനമായ വ്യായാമങ്ങൾ ചെയ്യാതെയും ജപ്പാനിലെ ആളുകൾ എങ്ങനെയാണ് എന്നും ശരീരവടിവും ആരോഗ്യവും നിലനിർത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കൃത്യമായ ഭക്ഷണരീതിക്കൊപ്പം അവരുടെ ജീവിതശൈലിയുടെ ഭാഗമായ പ്രത്യേക വ്യായാമമാണ് ഇതിന് പിന്നിലെ പ്രധാന രഹസ്യം. '3-3-3 വോക്കിങ് ഫോർമുല' അഥവാ 'ഇന്റർവൽ വോക്കിങ് ട്രെയിനിങ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസവും വെറും 18 മിനിറ്റ് മാത്രം നീളുന്ന ഈ എളുപ്പത്തിലുള്ള വ്യായാമം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റാബോളിസം കൂട്ടാനും സഹായിക്കും. പ്രായഭേദമന്യേ ആർക്കും ചെയ്യാൻ കഴിയുന്ന ഈ രീതിയെന്താണെന്ന് പരിശോധിക്കാം.

ഒരേ വേഗതയിൽ തുടർച്ചയായി നടക്കുമ്പോൾ ശരീരം ആ വേഗതയുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും കലോറി കത്തുന്നത് കുറയുകയും ചെയ്യാറുണ്ട്. എന്നാൽ ജാപ്പനീസ് 3-3-3 രീതിയിൽ, നടത്തത്തിന്റെ വേഗത ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ആദ്യം 3 മിനിറ്റ് സാധാരണ വേഗതയിലും, തുടർന്ന് 3 മിനിറ്റ് സാധാരണ വേഗതയുടെ മൂന്നിരട്ടി വേഗത്തിലും നടക്കണം. ഈ 6 മിനിറ്റ് പ്രക്രിയ തുടർച്ചയായി 3 തവണ ആവർത്തിക്കുമ്പോൾ ആകെ 18 മിനിറ്റ് കൊണ്ട് ഒരു സെറ്റ് പൂർത്തിയാകും. തിരക്കുള്ള ദിവസങ്ങളിൽ പോലും എളുപ്പത്തിൽ ചെയ്തുതീർക്കാവുന്നതാണ് ഈ വ്യായാമം. കൂടുതൽ ഫലം ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഒരു സെറ്റ് കൂടി ആവർത്തിക്കാവുന്നതാണ്.

സാവധാനത്തിലും വേഗത്തിലും മാറിമാറി നടക്കുമ്പോൾ ശരീരത്തിലെ പേശികൾക്ക് കൂടുതൽ ആയാസം ലഭിക്കുകയും വ്യായാമശേഷവും കലോറി എരിയുന്നത് തുടരുകയും ചെയ്യുന്നു. ഇത് അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എളുപ്പത്തിൽ അലിയിച്ചു കളയാൻ സഹായിക്കും. ഓട്ടമത്സരങ്ങളോ കഠിനമായ വ്യായാമങ്ങളോ മുട്ടുകൾക്കും കണങ്കാലുകൾക്കും വരുത്തുന്ന പരിക്കുകളോ ആയാസമോ ഈ രീതിയിലില്ല. അതിനാൽ തന്നെ മുതിർന്നവർക്കും സന്ധിവേദനയുള്ളവർക്കും ഇത് ധൈര്യമായി പരിശീലിക്കാം. കൂടാതെ, വ്യത്യസ്ത തീവ്രതയിലുള്ള നടത്തം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിച്ച് ശരീരത്തിന്റെ മൊത്തത്തിലുള്ള സ്റ്റാമിന കൂട്ടുകയും ചെയ്യുന്നു.

എന്നാൽ വ്യായാമം കൊണ്ട് മാത്രം ഭാരം കുറയ്ക്കാനാവില്ല എന്നതും ഓർക്കേണ്ടതുണ്ട്. ദിവസവും വെറും 18 മിനിറ്റ് നീളുന്ന ജാപ്പനീസ് 3-3-3 നടത്തവും കൃത്യമായ ഭക്ഷണക്രമവും ശരിയായ ഉറക്കവും ശീലമാക്കിയാൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ദീർഘകാലം ഉന്മേഷത്തോടെയിരിക്കാനും സാധിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Requires only 18 minutes a day using the 3-3-3 interval walking method., Alternates between normal and fast pace to boost metabolism and burn belly fat., Safe for joints, seniors, and people with joint pain compared to intense workouts., Improves heart health, stamina, and blood pressure control.