മധുരപലഹാരങ്ങള്‍ ഉപേക്ഷിച്ചിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് പിന്നെയും കൂടുന്നോ? അറിയണം ഈ കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

മാറി വരുന്ന തലമുറകളില്‍ പല ജീവിതശൈലീ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്. ഇപ്പോള്‍ വ്യപകമായ ഒരു ട്രെന്‍ഡാണ് ഷുഗര്‍ കട്ട്. അതായത് ഡയറ്റിന്റെ ഭാഗമായി മധുരപലഹാരം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് മധുരപലഹാരങ്ങളും ഡെസ്സര്‍ട്ടുകളും മറ്റും കഴിക്കാതിരുന്നിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് പിന്നെയും കൂടുന്നു. എന്തുകൊണ്ടാണിത്? അതിനുപിന്നില്‍ ചില കാരണങ്ങളുണ്ട്.

മധുരപലഹാരങ്ങളുടെ രൂപത്തിലുള്ള പഞ്ചസാര മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനോ പ്രമേഹത്തിനോ കാരണമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ മധുരം കഴിക്കുന്നില്ലെങ്കില്‍ പോലും, വെള്ള ബ്രെഡ്, ഉരുളക്കിഴങ്ങ്, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ചില പഴങ്ങള്‍ തുടങ്ങിയവയായിരിക്കാം ഇവിടെ വില്ലൻ. ഇത്തരത്തിലുള്ള ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (ജിഐ) ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തിയേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ വലിയ അളവില്‍ കഴിക്കുന്നതും ഇതിന് കാരണമാകാം.

സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, മോശം ഉറക്കം, ചില മരുന്നുകള്‍ (സ്റ്റിറോയിഡുകള്‍ പോലുള്ളവ), പ്രമേഹത്തിനുള്ള മരുന്നുകളോ ഇന്‍സുലിനോ ഒഴിവാക്കുന്നത് തുടങ്ങിയ ഘടകങ്ങളും ഇതിന് കാരണമാകാം.

ചില മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ബ്രോങ്കിയല്‍ ആസ്ത്മ, ലൂപസ് പോലുള്ള ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാനാവും. കൂടാതെ ആന്റിഡിപ്രസന്റുകള്‍, ഡീകണ്‍ജസ്റ്റന്റുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാന്‍ കഴിയും.

വിട്ടുമാറാത്ത സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ഗ്ലൂക്കോസ് സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനും ശരീരത്തെ പ്രേരിപ്പിക്കും. അപര്യാപ്തമായതോ നിലവാരമില്ലാത്തതോ ആയ ഉറക്കവും കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും.

വ്യായാമമില്ലാത്ത ഉദാസീനമായ ജീവിതശൈലി ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ഇന്‍സുലിന്‍ പോലുള്ള ചില മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ രാത്രിയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്നുപോയാല്‍ സംഭരിച്ചുവെച്ച ഗ്ലൂക്കോസ് പുറത്തുവിട്ട് ശരീരം അത് പരിഹരിക്കും. ഇത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു.

ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവരിലോ ഇന്‍സുലിന്‍ സംവേദനക്ഷമതയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. മധുരം മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്. ജീവിതശൈലി, ഹോര്‍മോണ്‍, മെഡിക്കല്‍, ശാരീരിക ഘടകങ്ങള്‍ ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഒരു സമഗ്രമായ സമീപനം ആവശ്യമാണ്.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sugar isn`t the only culprit for high blood sugar. Learn about lifestyle, hormonal, and medical factors that impact glucose levels.