പുകവലി നിര്‍ത്തിയ ഉടനെ ഹൃദയാരോഗ്യം തിരിച്ചുവരുമോ?

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

കാലങ്ങളോളം പുകവലിശീലമുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് അത് നിര്‍ത്തിയെന്നു കരുതുക, അടുത്ത ദിവസം തന്നെ ശരീരം മെച്ചപ്പെട്ടുതുടങ്ങുമെന്ന് തീര്‍ച്ച. പക്ഷേ പുകവലി തീര്‍ത്ത ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ആന്തരികാവയവങ്ങള്‍ മോചിതരാവണമെങ്കില്‍ ദീര്‍ഘകാലം തന്നെ വേണ്ടിവന്നേക്കും. ശ്വാസകോശരോഗങ്ങള്‍ക്കൊപ്പം മരണകാരിയായ ഹൃദ്രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു.

ചെറിയരീതിയില്‍ പുകവലിശീലം വര്‍ഷങ്ങളോളം കൊണ്ടുനടന്ന ഒരാള്‍ പതിയെ പുകവലി നിര്‍ത്തുകയാണെങ്കില്‍ അടുത്ത അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയെടുത്തേ അതുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്ന് ഹൃദയത്തിന് സുഖംപ്രാപിക്കാനാവൂ. ദക്ഷിണകൊറിയയിലെ കൊറിയ യൂണിവേഴ്‌സിറ്റി അന്‍സാന്‍ ഹോസ്പിറ്റല്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരമുള്ളത്. അതേസമയം, കടുത്ത പുകവലിശീലമുള്ളവരാണെങ്കില്‍ 25 വര്‍ഷമെങ്കിലുമെടുത്തേ ഹൃദയം സുഖപ്പെടുകയുള്ളൂ. 

ദക്ഷിണകൊറിയയിലെ 58 ലക്ഷത്തോളം പുരുഷന്മാരിലാണ് പഠനം നടത്തിയിരിക്കുന്നത്. പുകവലി നിര്‍ത്തിയശേഷം എത്രകാലമെടുത്താണ് ഒരാള്‍ സുഖം പ്രാപിക്കുന്നതെന്നറിയാനായിരുന്നു പഠനം. കഴിയുന്നത്രയും വേഗത്തില്‍ പുകവലി നിര്‍ത്തണമെന്നതിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. ജാമ നെറ്റ്വര്‍ക്കിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

എങ്ങനെയാണ് പുകവലി ഹാനികരമാകുന്നത്?
പുകവലി ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ വര്‍ധിപ്പിക്കും. രക്തധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടാന്‍ ഇടയാക്കും. പുകവലി രക്തക്കുഴലുകളുടെ ഭിത്തികളെ നശിപ്പിക്കുകയും അവയെ ചുരുക്കുകയും ചെയ്യും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഉയരാന്‍ ഇത് കാരണമാകുന്നു, മാത്രമല്ല ഹൃദയം സമ്മര്‍ദ്ദത്തിലാവാനും. പുകവലി ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡുകള്‍ക്കൊപ്പം ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. പുകവലി രക്തത്തെ കട്ടിയാക്കുകയും ഹൃദയാഘാതത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 

ശ്വാസകോശം
പുകവലി നിര്‍ത്തുന്നതോടെ രക്തം നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് മുക്തമാകും. ഹൃദയത്തിലേക്കും പേശികളിലേക്കും നന്നായി ഓക്‌സിജനെത്തുന്നു. രണ്ടുമാസമോ അതിലധികമോ എടുത്തേ മ്യൂക്കസ്, ടാര്‍, പൊടി എന്നിവ നീക്കം ചെയ്ത് ശ്വാസകോശത്തിന് ആരോഗ്യമുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താനാവുകയുള്ളൂ. എളുപ്പത്തില്‍ ശ്വസിക്കാവുന്ന നിലയിലേക്ക് ശരീരത്തെ സ്വയം മെച്ചപ്പെടുത്തിയെടുക്കാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. അതിന്റെ ഗുണം ഹൃദയത്തിനു ലഭിക്കണമെങ്കില്‍ അഞ്ചുകൊല്ലമെങ്കിലും എടുക്കുമെന്നതാണ് മറ്റൊരു വസ്തുത.

മുന്‍പ് പുകവലി ശീലിച്ചവരാണെങ്കില്‍ അത് നിര്‍ത്തിയശേഷം കൃത്യമായി ഡയറ്റ് പിന്തുടരണം. പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കൃത്യമായി നിയന്ത്രിക്കുകയും വേണം. 
 

Content Highlights: heart will take time to heal once you give up smoking