ചിയ സീഡ്‌സിനൊപ്പം ധാരാളം വെള്ളം കുടിക്കണം, ഒപ്പം എന്തൊക്കെ കഴിക്കാം?

സൂപ്പര്‍ഫുഡുകളുടെ ലോകത്ത് ചിയ സീഡ്‌സ് വളരെപ്പെട്ടെന്നാണ് ഇടംപിടിച്ചത്. ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്കിടയില്‍ ചിയ സീഡ്‌സിന് പ്രചാരമേറെയാണ്. ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പന്നമായ ചിയ ഭാരം കുറയ്ക്കാന്‍ മെനുവില്‍ ഉള്‍പ്പെടുത്താം.
ഒരുപാട് വെള്ളം വലിച്ചെടുക്കുന്ന സ്വഭാവമുണ്ട് ചിയ സീഡ്‌സിന്. അതുകൊണ്ടുതന്നെ ചിയ കഴിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. അമിതമായ അളവില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഏതെല്ലാം ഭക്ഷണത്തിനൊപ്പം ചിയ സീഡ്‌സ് ഉത്തമമായിരിക്കുമെന്ന് നോക്കാം.
യോഗേര്‍ട്ടിനൊപ്പം
പ്രോബയോട്ടിക്ക്, കാത്സ്യം, പ്രോട്ടീന്‍ സമ്പന്നമായ യോഗേര്‍ട്ട് ചിയ സീഡ്‌സിനൊപ്പം കഴിക്കാവുന്ന നല്ലൊരു കമ്പാനിയനയാണ്. യോഗേര്‍ട്ടിനൊപ്പം മിക്‌സ് ചെയ്യുമ്പോള്‍ ചിയ കട്ടിയുള്ള ക്രീം പോലെയാകുന്നു. ഇത് കുറേസമയം വയര്‍ നിറഞ്ഞിരിക്കുന്ന പ്രതീതി തരുന്നു.
ഓട്‌സിനൊപ്പം
നാരുകളാല്‍ സമ്പുഷ്ടമായ ഓട്സിനൊപ്പം ചിയ സീഡ്‌സ് കഴിക്കാം. മികച്ചൊരു ഭക്ഷണം എന്നതിനു പുറമെ ദഹനത്തിനും ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. പാലിലോ ബദാംമില്‍ക്കിലോ ഓട്‌സും ചിയ സീഡ്‌സും കുതിര്‍ത്തുവെച്ചശേഷം നട്‌സും പഴങ്ങളും ചേര്‍ത്ത് കഴിക്കാം.
കരിക്കിന്‍വെള്ളം
ചിയ സീഡ്‌സിനൊപ്പം തേങ്ങാവെള്ളം/കരിക്കിന്‍വെള്ളം ചേര്‍ത്തുകഴിക്കുന്നത് ദഹനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നല്ലതാണ്. ഒരു ഗ്ലാസ് തേങ്ങാവെള്ളത്തില്‍ ഒരു സ്പൂണ്‍ ചിയ സീഡ്‌സ് പത്തോ പതിനഞ്ചോ മിനിറ്റ് കുതിര്‍ത്തശേഷം ചെറുനാരങ്ങയും പുതിനയിലയും ചേര്‍ത്ത് കഴിക്കാം.
പഴങ്ങള്‍
പ്രകൃതിദത്തമായ നാരുകളാലും വിറ്റാമിനുകളാലും മിനറലുകളാലും സമ്പന്നമായ പഴങ്ങള്‍ക്കൊപ്പവും ചിയ സീഡ്‌സ് നല്ലൊരു ഓപ്ഷനാണ്. ആസക്തിയെ തടയുന്ന ലഘുഭക്ഷണമാണിത്. പപ്പായ, ആപ്പിള്‍, തണ്ണിമത്തന്‍ എന്നിവയ്‌ക്കൊപ്പം നല്ലതാണ്.
ഗ്രീന്‍ ടീ
മെറ്റബോളിസം വര്‍ധിപ്പിക്കുന്ന ഗ്രീന്‍ ടീ ചിയ സീഡ്‌സുമായി ചേര്‍ത്തുകഴിക്കാം. വിശപ്പ് നിയന്ത്രിച്ച് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡ്രിങ്കാണിത്.
Content Highlights: healthy diet foods to pair with chia seeds