ചര്‍മാരോഗ്യം മെച്ചപ്പെടുത്തും, പ്രതിരോധശേഷി കൂട്ടും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും മുഖത്തിന് തിളക്കം കൂട്ടാനും ചുളിവുകളകറ്റാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണം. മധുരക്കിഴങ്ങാണ് ഈ മാജിക്ക് ഫുഡ്. ചക്കരക്കിഴങ്ങ്, ഉണ്ടക്കിഴങ്ങ് എന്നൊക്കെയാണ് വിളിപ്പേരുകള്‍. തണ്ടും ഇലയും കിഴങ്ങുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഏത് തരം മണ്ണിലും നന്നായി വിളയും. അന്നജം, പഞ്ചസാര എന്നിവ വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ മധുരക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. അടിമുടിയുള്ള പോഷകഗുണങ്ങളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്
1. വിറ്റമിന്‍ സി, വിറ്റമിന്‍ ബി6, പൊട്ടാസ്യം എന്നിവ മധുരക്കിഴങ്ങില്‍ ധാരാളമുണ്ട്. ചെറിയ അളവില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.
2. പൊട്ടാസ്യം ധാരാളമടങ്ങിയതിനാല്‍ പേശിവലിവുപോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ മധുരക്കിഴങ്ങ് ശീലമാക്കുന്നത് സഹായിക്കും.
3. ഇതിലടങ്ങിയ കരോട്ടിനോയിഡുകളും ആന്തോസിയാനിനും ശരീരത്തെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഓര്‍മശക്തി വര്‍ധിപ്പിക്കാനും മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് നിത്യേനഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
4. മധുരക്കിഴങ്ങിലെ ട്രിപ്‌ടോഫാന്‍ ശരീരത്തില്‍ മെലാടോണിന്റെ അളവ് കൂട്ടുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
5. ഇതിലടങ്ങിയ വിറ്റമിന്‍ എയും ബീറ്റാകരോട്ടിനും കാഴ്ചപ്രശ്‌നങ്ങളെ പരിഹരിക്കും
6. മധുരക്കിഴങ്ങിലെ വിറ്റമിന്‍ സി വെളുത്തരക്താണുക്കളെ വര്‍ധിപ്പിക്കുന്നു. കോളാജന്റെ ഉത്പാദനം കൂട്ടി കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
7. ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും മിതമായ അളവില്‍ കഴിക്കാം. വെളുത്തതൊലിയുള്ള മധുരക്കിഴങ്ങ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതായി പഠനങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്ലോ റിലീസ് കാര്‍ബോഹൈഡ്രേറ്റുകളും മധുരക്കിഴങ്ങിലുണ്ട്.
8. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും.
9. ഇതിലടങ്ങിയ ബീറ്റാകരോട്ടിന്‍ ചര്‍മത്തിന്റ ആരോഗ്യം മെച്ചപ്പെടുത്തും. കലോറിയുടെ അളവ് വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ്.
- പ്രമേഹരോഗമുള്ളവര്‍ക്ക് വൈകുന്നേരത്തെ പലഹാരമായി മധുരക്കിഴങ്ങ് വേവിച്ചത് ഉപയോഗിക്കാം.
- മധുരക്കിഴങ്ങുകൊണ്ട് ധാരാളം വിഭവങ്ങളൊരുക്കാം. വേവിച്ചോ ഫ്രൈചെയ്‌തോ സാലഡുകള്‍ക്കൊപ്പമോ കറിയാക്കിയോ ദോശ, ഇഡ്ഡലി, ഇടിയപ്പം, പറാത്ത എന്നിങ്ങനെയുള്ള വിഭവങ്ങളാക്കിയോ ഉപയോഗിക്കാം.
ശ്രദ്ധിക്കാന്‍
- ഹൃദ്രോഗമുള്ളവരും, ബീറ്റാേബ്ലാക്കറുകള്‍ ഉപേയാഗിക്കുന്നവരും വൃക്കസംബന്ധമായ ്രപശ്‌നങ്ങളുള്ളവരും മധുരക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം.
- അമിതഭാരമുള്ളവരും മധുരക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്.
മധുരക്കിഴങ്ങ് ഇടിയപ്പം
ചേരുവകള്‍
അരിപ്പൊടി: ഒരു കപ്പ്
മധുരക്കിഴങ്ങ്: ഒന്ന് (ഇടത്തരം)
വെള്ളം: ഒരു കപ്പ്
ഉപ്പ്: ആവശ്യത്തിന്
വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍
തേങ്ങ: അരക്കപ്പ്
ഉണ്ടാക്കുന്നവിധം
മധുരക്കിഴങ്ങ് തൊലികളഞ്ഞ് ക്യൂബുകളാക്കി മുറിച്ച് നന്നായി വേവിക്കുക. ചൂടാറിയ ശേഷം കട്ടകളൊന്നുമില്ലാതെ ഉടച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് തിളപ്പിക്കുക. ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും ഉരുളക്കിഴങ്ങും എടുത്ത ശേഷം തിളച്ചവെള്ളമൊഴിച്ച് പാകത്തിന് കുഴച്ചെടുക്കുക. അച്ചില്‍ നിറച്ച് ഇഡ്ഡലി ത്തട്ടിലേക്ക് പകര്‍ന്ന് 10-12 മിനിറ്റ് ആവിയില്‍ വേവിക്കാം. മുകളില്‍ തേങ്ങ വിതറി വിളമ്പാം.
തയ്യാറാക്കിയത്: മിനു മരിയ എബ്രഹാം
ക്ലിനിക്കല്‍ ഡയറ്റീഷന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്
Content Highlights: health benefits of sweet potato sweet potato calories