ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരുപിടി നട്സ്; ആരോഗ്യഗുണങ്ങൾ ഏറെ

ആഘോഷങ്ങളും മധുരപലഹാരങ്ങളും നിറഞ്ഞ ദിവസങ്ങൾക്കുശേഷം ഭക്ഷണക്രമം പഴയരീതിയിലേക്ക് കൊണ്ടുവരാൻ വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല. പതിവ് പ്രഭാതഭക്ഷണത്തിനൊപ്പം അൽപം ബദാമോ വാൾനട്ടോ ഉൾപ്പെടുത്തുന്നതുപോലുള്ള ചെറിയ ശീലങ്ങൾമാത്രം പിന്തുടരാം. പോഷകഗുണം വർധിപ്പിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞ സംതൃപ്തി നിലനിർത്താനും ഇത് സഹായിച്ചേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ആരോഗ്യകരമായ കൊഴുപ്പ്, സസ്യപ്രോട്ടീൻ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് നട്സ്. ഇവ ഉൾപ്പെടുത്തിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ സ്വാധീനിക്കുമെന്നത് ഗവേഷകർ പരിശോധിച്ചിട്ടുണ്ട്. 2026-ൽ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രീഡയബറ്റിസ് ഉള്ള 60 മധ്യവയസ്കരായ ഇന്ത്യക്കാരിൽ ബദാം ഉൾപ്പെടുത്തിയ ഭക്ഷണക്രമം പിന്തുടർന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മെച്ചമുണ്ടായതായി കണ്ടെത്തി. എന്നാൽ ഇത് ബദാം കഴിക്കുന്ന എല്ലാവർക്കും ഒരേ ഫലം ലഭിക്കുമെന്നതിന് ഉറപ്പല്ല.
പതിവ് ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ
പ്രത്യേക വിഭവങ്ങൾ തയ്യാറാക്കാതെ തന്നെ നട്സ് ഭക്ഷണത്തിൽ എങ്ങനെയൊക്കെ ഉൾപ്പെടുത്താമെന്നുനോക്കാം.
അവലിനൊപ്പം ബദാം: ചെറുതായി അരിഞ്ഞ ബദാം അവലിൽ ചേർക്കാം. രുചിയും പോഷകഗുണവും വർധിപ്പിക്കാൻ ഇത് സഹായിക്കും.
ഉപ്പുമാവിനൊപ്പം വാൾനട്ടോ കശുവണ്ടിയോ: ഉപ്പുമാവിൽ അൽപം നട്സ് ചേർക്കുന്നത് ഭക്ഷണത്തിന് വ്യത്യസ്തമായ രുചിയും ക്രഞ്ചി സ്വഭാവവും നൽകും.
തൈരിനൊപ്പം നട്സ്: ഒരു ചെറിയ അളവ് നട്സ് തൈരിൽ ചേർത്തു കഴിക്കാം.
വറുത്ത നട്സ്: ഉപ്പും മറ്റ് ചേരുവകളും അധികം ചേർക്കാത്ത നട്സ് ചെറിയ പാത്രത്തിൽ സൂക്ഷിക്കാം. വിശക്കുമ്പോൾ പോഷകസമൃദ്ധമായ ലഘുഭക്ഷണമായി ഉപയോഗിക്കാം.
ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്സും ഭക്ഷണത്തിൽ വൈവിധ്യം കൊണ്ടുവരും. ഇവയിൽ നാരുകൾ അടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചസാരയും ഊർജവും കൂടുതലായതിനാൽ അളവ് ശ്രദ്ധിക്കണം. എളുപ്പത്തിൽ തുടരാൻ കഴിയുന്ന ഇത്തരം ചെറിയ ശീലങ്ങളാണ് ആരോഗ്യകരമായ ഭക്ഷണക്രമം വളർത്താൻ സഹായിക്കുന്നത്.
ശ്രദ്ധിക്കുക: നട്സ് അലർജിയുള്ളവർ അവ ഒഴിവാക്കണം. പ്രമേഹമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ അനുയോജ്യമായ ഭക്ഷണവും അളവും സംബന്ധിച്ച് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi