സ്ഥിരമായി മീൻ കഴിക്കാറുണ്ടോ? ഹൃദയാരോഗ്യം മുതൽ അസ്ഥികളുടെ ബലം വരെ; പാചകരീതിയിൽ വേണം പ്രത്യേക ശ്രദ്ധ

സ്ഥിരമായി മീൻ കഴിക്കുന്നതിന്റെ ഗുണമെന്താണ്? പാചകരീതിയിൽ വേണം പ്രത്യേക ശ്രദ്ധ
രുചികരമായ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ രുചിക്ക് പുറമേ, നമ്മുടെ ആരോഗ്യത്തിന് അവ നൽകുന്ന ഗുണങ്ങൾ വളരെ വലുതാണ്. എങ്കിലും എല്ലാത്തരം മീനുകളിലും ഒരുപോലെയല്ല പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്. ശരിയായ മീൻ തിരഞ്ഞെടുക്കുന്നതും അത് കൃത്യമായ രീതിയിൽ പാകം ചെയ്ത് കഴിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യന്താപേക്ഷിതമാണ്. ദിവസവും മീൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യഗുണങ്ങൾ എന്തെന്ന് നോക്കാം.
ഹൃദയാരോഗ്യത്തിന്
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മീനിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. സാൽമൺ, മത്തി, അയല തുടങ്ങിയ മീനുകളിൽ ഇ.പി.എ (EPA), ഡി.എച്ച്.എ (DHA) എന്നീ അവശ്യ ഘടകങ്ങൾ ധാരാളമുണ്ട്. ഇവ രക്തസമ്മർദ്ദം ക്രമീകരിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ വിഭവമാണ് മീൻ. ഉയർന്ന അളവിലുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വയർ നിറഞ്ഞ അനുഭവം നൽകും. ഇത് ഇടവേളകളിലെ അനാവശ്യമായ ലഘുഭക്ഷണംഒഴിവാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പാചകരീതിയിൽ വേണം പ്രത്യേക ശ്രദ്ധ
മീൻ വാങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് അത് പാകം ചെയ്യുന്ന രീതിയും. ധാരാളം എണ്ണയിൽ വറുത്ത് (Deep frying) കഴിക്കുന്നത് അനാവശ്യ കലോറിയും കൊഴുപ്പും (Saturated fats) കൂട്ടും. ഇതിന് പകരം കുറഞ്ഞ എണ്ണയിൽ വറ്റിച്ചോ, കറിവെച്ചോ, ആവിയിൽ വേവിച്ചോ കഴിക്കുന്നത് പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കും.
അസ്ഥികളുടെ ബലത്തിന്
ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് പുറമേ കാൽസ്യത്തിന്റെ മികച്ച കലവറ കൂടിയാണ് മത്തി പോലുള്ള ചെറിയ മീനുകൾ. ഇത് അസ്ഥികളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ്. കൂടാതെ, വലിയ മീനുകളെ അപേക്ഷിച്ച് ചെറിയ മീനുകളിൽ മെർക്കുറിയുടെ (Mercury) അളവ് വളരെ കുറവാണ് എന്നതും ഇവയെ കൂടുതൽ സുരക്ഷിതമാക്കുന്നു.
വിറ്റാമിൻ ഡി, വിറ്റാമിൻ ബി12
ആരോഗ്യകരമായ കൊഴുപ്പുകൾക്ക് പുറമേ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയും മീനുകളിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അസ്ഥികളുടെ ഘടന ശക്തമായി നിലനിർത്തുമ്പോൾ, വിറ്റാമിൻ ബി12 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നാഡീവ്യൂഹത്തിന്റെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കുന്നു.
പ്രത്യേക രോഗാവസ്ഥയുള്ളവർ, അലർജിയുള്ളവർ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഡയറ്റ് നിയന്ത്രണങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ ഉപദേശം തേടേണ്ടതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Fish rich in omega-3 fatty acids for heart health, High protein content helps in weight management and appetite control, Small fish like sardines provide calcium for bone strength, Good source of Vitamin D and Vitamin B12, Proper cooking methods like steaming or curry preserve nutrients better than deep frying