‘ജിം കഴിഞ്ഞുള്ള ആ ശീലമാണ് ശരീരഭാരം ഇങ്ങനെ കൂട്ടിയത്, ഞാൻ വലിയ രീതിയിൽ പരിഹസിക്കപ്പെട്ടു’

2021-ൽ മിസ് യൂണിവേഴ്‌സ് പട്ടം നേടിയ താരമാണ് ഹർനാസ് സന്ധു. ഈ നേട്ടത്തിന് പിന്നാലെ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും തന്റെ ശാരീരികമാറ്റങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണവർ. ടൈഗർ ഷ്രോഫിനൊപ്പമുള്ള ബോളിവുഡ് അരങ്ങേറ്റ ചിത്രം, 'ബാഗി 4'-ന് (Baaghi 4) മുന്നോടിയായി അവർ നടത്തിയ മേക്കോവർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, തന്റെ ശരീരത്തെ ബാധിച്ച ഒരു ശീലത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഒറിജിൻ സ്റ്റോറി' (Origin Story) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ന്യൂയോർക്കിലെ താമസത്തിനിടയിൽ തനിക്കുണ്ടായിരുന്ന ഒരു മോശം ശീലത്തെക്കുറിച്ച് ഹർനാസ് സംസാരിച്ചത്. ജിമ്മിൽ പോയതിന് ശേഷം കുടിച്ചിരുന്ന മധുരമേറിയ ഒരു കാപ്പിയാണ് തന്റെ ശരീരഭാരം വർദ്ധിപ്പിച്ചതെന്ന് താരം പറയുന്നു.
"ന്യൂയോർക്കിലെ എന്റെ താമസസ്ഥലത്ത് ഒരു സ്റ്റാർബക്സ് ഉണ്ടായിരുന്നു. കോഫിയുടെ മണം വരുമ്പോൾ തന്നെ ഞാൻ അങ്ങോട്ട് പോകും. അവിടെ നിന്ന് ഒരു 'വെന്റി കാരമൽ ഫ്രാപ്പുച്ചിനോ' (Venti Caramel Frappuccino) ഓർഡർ ചെയ്യും. അതിൽ കൂടുതൽ മധുരവും ക്രീമും ഒക്കെ ചേർക്കുമായിരുന്നു. സത്യത്തിൽ അതൊരു ഡെസേർട്ട് (മധുരപലഹാരം) പോലെയാണ്. ജിം കഴിഞ്ഞ ഉടനെയാണ് ഞാൻ ഇത് കഴിച്ചിരുന്നത് എന്ന് ഓർക്കണം," ഹർനാസ് വെളിപ്പെടുത്തി.
പരിഹാസങ്ങളും തിരിച്ചുവരവും
ശരീരഭാരം വർദ്ധിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പരിഹസിക്കപ്പെട്ടപ്പോൾ, താൻ സീലിയാക് (Celiac disease) എന്ന രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർനാസ് മുമ്പ് വ്യക്തമാക്കിയിരുന്നു (ഗോതമ്പ്, ബാർലി തുടങ്ങിയവയിലെ ഗ്ലൂട്ടൺ എന്ന പ്രോട്ടീൻ ശരീരത്തിന് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണിത്).
മാനസിക വിഷമം മാറ്റാൻ ഭക്ഷണത്തെ ഒരു ആശ്രയമായി (crutch) കണ്ടിരുന്ന കാലത്തെക്കുറിച്ച് താരം വിവരിച്ചു:
“ജിമ്മിൽ പോയിട്ടും ആദ്യ ഘട്ടങ്ങളിൽ മാറ്റം കാണാത്തതിൽ നിരാശയായിരുന്നു. തൂക്കം നോക്കുന്ന മെഷീനിലേക്ക് നോക്കാതെ, കണ്ണടച്ച് ലക്ഷ്യത്തിനായി പരിശ്രമിക്കാൻ തീരുമാനിച്ചു.” ഏകദേശം ആറ് മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ശരീരത്തിൽ വ്യക്തമായ മാറ്റം കണ്ട് തുടങ്ങിയതെന്ന് ഹർനാസ് പറഞ്ഞു.
അച്ചടക്കത്തോടെയുള്ള ജീവിതശൈലിയും സ്ഥിരതയുമാണ് തന്റെ ഈ വലിയ മാറ്റത്തിന് പിന്നിലെ രഹസ്യമെന്നും താരം കൂട്ടിച്ചേർത്തു. സീലിയാക് ഡിസീസ് പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് താരം നടത്തിയ ഈ തിരിച്ചുവരവ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Harnaaz Sandhu attributes past weight gain to post-workout sugary coffee habits in New York., The former Miss Universe struggled with Celiac disease during her weight gain journey., Preparation for her Bollywood debut in Baaghi 4 led to a significant lifestyle overhaul., Emphasis on discipline and consistency over scale-watching for effective fitness results.