ഷാംപൂ ആഴ്ചയിൽ എത്രതവണ ഉപയോഗിക്കാം? ഹെയർമാസ്കിന്റെ ഗുണങ്ങളെന്തൊക്കെ?

ഓരോരുത്തരുടെയും മുടിയുടെ പ്രകൃതം വ്യത്യസ്തമാണ്. ഒരേ ഷാംപൂവോ എണ്ണയോ എല്ലാവർക്കും ഒരേ ഫലം നൽകണമെന്നില്ല. മുടിയുടെ തരം തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
എണ്ണമയമുള്ള മുടി
തലയോട്ടിയിൽ അമിതമായി സെബം (Sebum) ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് മുടി ഒട്ടിപ്പിടിക്കുന്നത്.
- മുടി കഴുകുന്ന രീതി: ആഴ്ചയിൽ മൂന്നോ നാലോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയോട്ടിയിലെ അധിക എണ്ണമയം നീക്കാൻ ഇത് സഹായിക്കും.
- കണ്ടീഷണിങ്: കണ്ടീഷണർ തലയോട്ടിയിൽ തേക്കരുത്. മുടിയിഴകളിൽ മാത്രം ഉപയോഗിക്കുക.
വരണ്ട മുടി
ക്യൂട്ടിക്കിൾ കേടുവരുമ്പോഴോ ആവശ്യത്തിന് സെബം ഇല്ലാതിരിക്കുമ്പോഴോ ആണ് മുടി വരണ്ടുപോകുന്നത്.
മുടി കഴുകുന്ന രീതി: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ചെയ്യുക. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
- കണ്ടീഷണിങ്: നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കൽ ഡീപ്പ് കണ്ടീഷണിങ് ചെയ്യുന്നത് മുടിക്ക് തിളക്കം നൽകും.
- കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് ചെറുചൂടുള്ള വെളിച്ചെണ്ണയോ ഒലിവ് ഓയിലോ തേക്കുന്നത് നല്ലതാണ്.
സാധാരണ മുടി
എണ്ണമയവും വരൾച്ചയും കൃത്യമായ അളവിലുള്ള മുടിയാണിത്.
- മുടിയുടെ സ്വാഭാവികഘടന നിലനിർത്താൻ മിതമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.
- അമിതമായ കെമിക്കൽ പരീക്ഷണങ്ങളും ഹീറ്റ് സ്റ്റൈലിങ്ങും ഒഴിവാക്കിയാൽ മുടിയുടെ ആരോഗ്യം നിലനിർത്താം.
ഹെയർ മാസ്കുകൾ
മുടിയിഴകളിലും ശിരോചർമ്മത്തിലും ആഴത്തിൽ പോഷകങ്ങൾ നൽകുന്ന ഒരു കണ്ടീഷണിങ് ട്രീറ്റ്‌മെന്റാണ് ഹെയർമാസ്‌ക്. കണ്ടീഷണറുകൾ മുടിയുടെ പുറംഭാഗം മാത്രം സോഫ്റ്റ് ആക്കുമ്പോൾ, ഹെയർമാസ്‌ക് ശിരോചർമ്മത്തിനുള്ളിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. എല്ലാ ഹെയർ മാസ്‌കുകളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. മുടിയുടെ സ്വഭാവത്തിന് അനുസരിച്ചാണ് ഹെയർ മാസ്‌ക്കുകൾ തിരഞ്ഞെടുക്കേണ്ടത്.
ഗുണങ്ങൾ
- മുടിക്കുള്ളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
- ക്യൂട്ടിക്കിളിനെ പൊതിഞ്ഞു സംരക്ഷിച്ച് മുടിക്ക് മിനുസവും തിളക്കവും നൽകുന്നു.
- മുടിത്തണ്ടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് കേടുപാടുകൾ തീർത്ത് മുടിക്ക് ബലം നൽകാൻ സഹായിക്കുന്നു.
(തയ്യാറാക്കിയത്:
ഡോ. അനുരാധ കാക്കനാട്ട് ബാബു
സീനിയർ കൺസൽട്ടന്റ്:
ഡെർമറ്റോളജി & വെനറോളജി,
ആസ്റ്റർ മെഡിസിറ്റി, കൊച്ചി)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Customized hair care based on hair type (oily, dry, normal)., Proper washing techniques and conditioner application., Benefits of deep conditioning with hair masks., Expert advice from a senior dermatologist.