ജിമ്മിലെ അമിതാവേശം കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയേക്കാം; നേത്രരോഗവിദഗ്ധന്റെ വെളിപ്പെടുത്തൽ

ജിമ്മിൽ ചെന്നാൽ ആവേശമാണ് ഏവർക്കും. പെട്ടെന്ന് എല്ലാ വര്‍ക്ക് ഔട്ടുകളും ചെയ്ത് ഭാരം കൂട്ടാനും കുറയ്ക്കാനുമുള്ള ആവേശത്തിനിടയിൽ പലപ്പോഴും ട്രെയിനറുടെ നിർദേശം പോലും ആരും ചെവിക്കൊള്ളാറില്ല. സമീപകാലത്തായി, ജിമ്മില്‍ വര്‍ക ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്.
വർക്ക് ഔട്ട് ചെയ്യുന്ന ആളുകളിൽ തലകറക്കം, ശരീരവേദന, ഓക്കാനം തുടങ്ങി പലവിധ ശാരീരിക ബുദ്ധിമുട്ടുകളും കാണാറുണ്ട്. എന്നാൽ ഈ അവസ്ഥകള്‍ക്കൊക്കെ പുറമെ, ജിമ്മില്‍ അമിതാവേശം കാണിച്ചാൽ കണ്ണിനും പണിയാകുമെന്ന് ഓര്‍മിപ്പിക്കുകയാണ് നേത്രരോഗ വിദഗ്ധനായ ഡോ. അനീഷ് മര്‍ക്കന്‍.
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കാഴ്ച നഷ്ടമായ ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജിമ്മിൽ ഭാരോദ്വഹനത്തിന് ശേഷം പെട്ടെന്ന് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിവന്ന 26 വയസ്സുള്ള ഒരു വ്യക്തിയുടെ കേസാണ് നേത്രശസ്ത്രക്രിയാവിദഗ്ദ്ധൻ പങ്കുവെച്ചത്.
പരിശോധനയിൽ,യുവാവിന്റെന റെറ്റിനയ്ക്കും വിട്രിയസിനും രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തുകയും ഇത് വൽസാൽവ റെറ്റിനോപ്പതിയാണെന്ന നിഗമനത്തിലും അദ്ദേഹം എത്തിച്ചേർന്നു.
വൽസാൽവ റെറ്റിനോപ്പതി എന്നത് നെഞ്ചിലും വയറിലുമുള്ള മർദ്ദം പെട്ടെന്ന് വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ഒരു തരം റെറ്റിനൽ രക്തസ്രാവമാണ്. ഇത് റെറ്റിനൽ കാപ്പിലറികൾ പൊട്ടുന്ന പ്രീറെറ്റിനൽ രക്തസ്രാവത്തിലേക്ക് നയിക്കുന്നു. അടിവയറ്റിൽ പെട്ടെന്ന് മർദ്ദം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത് പിന്നീട് രക്തക്കുഴലുകളിലേക്ക് വ്യാപിക്കുകയും തലയിലെയും കഴുത്തിലെയും കണ്ണിനുള്ളിലെയും സിരകളിൽ മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു.
ചുമ, ഭാരോദ്വഹനം, ഛർദ്ദി, മലബന്ധം, ലൈംഗിക ബന്ധം തുടങ്ങിയവയ്ക്കിടയിൽ പെട്ടെന്ന് സംഭവിക്കുന്ന വേദനയില്ലാതെ രക്തക്കുഴലുകൾ പൊട്ടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.
ഫണ്ടസ് പരിശോധന അല്ലെങ്കിൽ ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി സ്കാൻ എന്നിവയുടെ സഹായത്തോടെ രോഗനിർണയം നടത്താൻ കഴിയും. ശരിയായ വൈദ്യസഹായം ലഭിച്ചാൽ ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽത്തന്നെ ഈ അവസ്ഥ പരിഹരിക്കാനാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Doctor reveals Valsalva Retinopathy, a retinal bleed caused by sudden pressure increases during intense exercise like weightlifting.