കൊഴുപ്പ് അലിയിച്ചുകളയും, കൊളസ്ട്രോള്‍ കുറയ്ക്കും, ചര്‍മസംരക്ഷണത്തിനും നെല്ലിക്ക കഴിക്കാം

ജീവകങ്ങളും ധാതുലവണങ്ങളും ആന്റി ഓക്സിഡന്റുകളുംകൊണ്ട് സമ്പന്നമാണ് നെല്ലിക്ക. വിറ്റാമിന്‍-സിയുടെ പ്രകൃതിദത്തമായ ഉറവിടമാണ്. എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന വിറ്റാമിന്‍ സി-യാണ് നെല്ലിക്കയിലുള്ളത്. വിറ്റാമിന്‍ എ-യും ജലത്തില്‍ ലയിക്കുന്ന നാരുകളും ഇതില്‍ ധാരാളമുണ്ട്.
- ഒരാള്‍ക്ക് ഒരുദിവസം ആവശ്യമുള്ളതിനേക്കാള്‍ രണ്ട് ഇരട്ടിയിലധികം വിറ്റാമിന്‍ -സി നെല്ലിക്കയിലുണ്ട്.
- ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ പ്രയാസങ്ങള്‍ കുറയ്ക്കാനും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നെല്ലിക്കയിലെ വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ സഹായിക്കും.
- ഇതിലെ നാരുകള്‍ പൈല്‍സ്, മലബന്ധം, അര്‍ശസ് തുടങ്ങിയ രോഗാവസ്ഥയിലും ഫലപ്രദമാണ്.
- കൊഴുപ്പ് അലിയിച്ചുകളയാനുള്ള ഇതിന്റെ ഗുണം ഭാരനിയന്ത്രണത്തിന് സഹായിക്കും. ഒപ്പം പേശികളുടെ നിര്‍മാണത്തിന് സഹായിക്കുകയും ചെയ്യുന്നു.
- നെല്ലിക്കയിലെ നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ പോളിഫിനോള്‍സ് പോലുള്ള ഘടകങ്ങള്‍ നാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
- രക്തശുദ്ധീകരണത്തിനും നെല്ലിക്ക ഗുണകരമാണ്. മൂത്രത്തിലൂടെ ഓര്‍ഗാനിക് മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.
- നെല്ലിക്കയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കാനും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.
- മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക നല്ലതാണ്. മുടിവേരുകള്‍ക്ക് കരുത്ത് പകരാനും മുടി തഴച്ച് വളരാനും അകാലനര തടയാനും അറ്റം പിളരുന്നത് പ്രതിരോധിക്കാനുമെല്ലാം ഇതിലെ വിറ്റാമിന്‍ -സിയും മറ്റ് ആന്റി ഓക്സിഡന്റുകളും സഹായിക്കും.
- നെല്ലിക്കയിലെ പോളിഫിനോള്‍സ്, ആല്‍ക്കലോയ്ഡ്, ഫ്ളവനോയ്ഡ് എന്നിവയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്.
- നെല്ലിക്കയിലെ വിറ്റാമിന്‍-എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചെങ്കണ്ണ് രോഗാവസ്ഥയിലും കണ്ണിനുണ്ടാകുന്ന മറ്റ് രോഗങ്ങളിലും വിറ്റാമിന്‍-സി ഗുണപ്രദമാണ്.
- ഓര്‍മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നെല്ലിക്കയിലെ ഫൈറ്റോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഫലപ്രദമാണ്.
- ഓര്മക്കുറവുള്ളവരില് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നോറെപിനെഫ്രിന്റെ ഉത്പാദനത്തിന് വിറ്റാമിന്‍-സി സഹായിക്കും.
- നെല്ലിക്കയിലെ പോഷകഘടങ്ങള്‍ ഡി.എന്‍.എയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
- കോശങ്ങളിലുണ്ടാകുന്ന ഗുണപരമല്ലാത്ത മാറ്റങ്ങള്‍ തടയാനും നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും.
(തലശ്ശേരി മലബാർ കാൻസർ സെന്ററിലെ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)
Content Highlights: gooseberry helps weight loss cholesterol control