കൂടുന്ന ശരീരഭാരം, മുടികൊഴിച്ചില്‍...വില്ലന്‍ ഹോര്‍മോണ്‍ വ്യതിയാനമാവാം, ശ്രദ്ധയോടെ വേണം ഭക്ഷണം

യാതൊരു കാരണവുമില്ലാതെ ശരീരം പെട്ടെന്ന് വിയര്‍ക്കുക. അല്ലെങ്കില്‍ മുഖമൊക്കെ ചുവന്ന നിറമാവുക, ഹൃദയമിടിപ്പ് കൂടുക, മുടി വല്ലാതെ കൊഴിയുക, ഭാരം കുറയുക അല്ലെങ്കില്‍ കൂടുക, മനസ്സില്‍ കാരണമില്ലാത്ത ആകുലതകള്‍... ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ. ശരീരത്തിലെ ഹോര്‍മോണ്‍വ്യതിയാനങ്ങളാവാം ഇതിന് കാരണം. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്ക് വളരെ വലുതാണ്. പ്രായമാകുന്തോറും ശരീരത്തിലെ ചില ഹോര്‍മോണുകളുടെ ഉത്പാദനം കുറയും. അതേസമയം മറ്റുചില ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും ചെയ്യും.
പ്രത്യുത്പാദനമടക്കം ശരീരത്തിലെ ഒരുപാട് ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന് പ്രാധാന്യമുണ്ട്. ഉറക്കം. ലൈംഗികജീവിതം, വിശപ്പ്, മുഖക്കുരു എന്നിങ്ങനെ ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ് പല കാര്യങ്ങളും. പുരുഷനും സ്ത്രീക്കും ഹോര്‍മോണ്‍വ്യതിയാനംകൊണ്ട് പ്രശ്‌നങ്ങളുണ്ടാകും. സ്ത്രീകളില്‍ ഹോര്‍മോണ്‍വ്യതിയാനങ്ങള്‍ ആര്‍ത്തവവിരാമം, ഗര്‍ഭം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയിലൂടെയാകാം. ചിലതരം ഭക്ഷണങ്ങളുടെ നിത്യേനയുള്ള ഉപയോഗം ഹോര്‍മോണ്‍വ്യതിയാനംകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.
1. അവക്കാഡോ
അവക്കാഡോ ധാരാളം നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ സി, ഇ, ഫോളിക് ആസിഡ് എന്നിവയാല്‍ സമൃദ്ധമാണ്. ഇതിലെ ഫാറ്റി ആസിഡുകള്‍ ഓവുലേഷനെയും ആര്‍ത്തവചക്രത്തെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കും. സ്ത്രീകളില്‍ ഈസ്ട്രജന്റെ ഉത്പാദനം കൂട്ടുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെയും അളവ് കൂടാനും അവക്കാഡോ നല്ലതാണ്. നല്ലൊരു ഒരു ആന്റി ഏജിങ് ഏജന്റുമാണ്.
2. നട്‌സ്
ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് നട്‌സിന് പ്രധാന പങ്കുണ്ട്. പിസ്ത, കപ്പലണ്ടി, ബദാം, വാള്‍നട്ട് എന്നിവയില്‍ ധാരാളം ഈസ്ട്രജനുണ്ട്. അതുപോലെ ആല്‍മണ്ട് അഡിപോനെക്ടിന്‍ എന്ന ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ സ്ത്രീകളില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറച്ച് സ്ത്രീഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യും.
ബ്രസില്‍ നട്ട്‌സ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയ സെലിനിയം പ്രവര്‍ത്തനക്ഷമതയില്ലാത്ത തൈറോയ്ഡ് ഹോര്‍മോണിനെ (T4) പ്രവര്‍ത്തനയോഗ്യമായ ഹോര്‍മോണായി (T3) മാറ്റുന്നതിനും സഹായിക്കും. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ഉണ്ടാകുന്ന ഓര്‍മക്കുറവ്, തലവേദന, ഡിപ്രഷന്‍, മുടി കൊഴിച്ചില്‍, ഉറക്കമില്ലായ്മ എന്നിവ ഇല്ലാതാക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ശീലമാക്കാം.
3. മഞ്ഞള്‍
ഇസ്ട്രജന്‍ ഹോര്‍മോണിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് മഞ്ഞളിന്. ആര്‍ത്തവ സമയത്തെ വേദനകള്‍ കുറയ്ക്കാന്‍ ഇതിലും നല്ലൊരു മരുന്നില്ല. ശരീരത്തിലുണ്ടാകുന്ന പലതരം നീര്‍വീക്കങ്ങള്‍, വാതം മൂലമുള്ള വേദനകള്‍ എന്നിവ കുറയ്ക്കാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
4. ബ്രൊക്കോളി
ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്ത്രീകളുടെ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയ്ക്കും അവയുടെ ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കല്‍സ് അമിത ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുക വഴി, അമിത വണ്ണം, അസ്ഥിതേയ്മാനം, ആര്‍ത്തവവിരാമ ആരോഗ്യപ്രശ്‌നങ്ങള്‍, സ്ട്രസ് എന്നിവ കുറയ്ക്കുന്നു. മാത്രമല്ല ബ്രെസ്റ്റ്, യൂട്രസ് കാന്‍സറിനെ തടയുകയും ചെയ്യും. ബ്രൊക്കോളി ആന്റി ഓക്‌സിഡന്റ് വിറ്റാമിനുകളുടെയും നാരുകളുടെയും കലവറയാണ്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇത് ശീലമാക്കാം. കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ സാന്നിധ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഉത്തമമാണ്. ഇതിന്റെ ഉപയോഗം കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കും. മാത്രമല്ല ഹൃദയം, കണ്ണ്, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
5. ഫ്‌ളാക്‌സ് സീഡ്
ഫ്‌ളാക്‌സ് സീഡ് പ്രോജസ്‌ട്രോണ്‍ ഈസ്ട്രജന്റെ അനുപാതം നിയന്ത്രിക്കുന്നു. ഇതിന്റെ ഉപയോഗം ഫൈബ്രോയ്ഡ്‌സ്, പി.സി.ഒ.ഡി., എന്‍ഡോമെട്രിയോസിസ്, ആര്‍ത്തവവിരാമ ആരോഗ്യ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കും. വന്ധ്യത പരിഹരിക്കുന്നതിനും ഫ്‌ളാക്‌സ് സീഡ് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ ഇസ്ട്രജന്റുകളായ ലിഗന്‍സ് ഈസ്ട്രജന്‍ മെറ്റബോളിസത്തിനെ ക്രമീകരിച്ച് ബ്രെസ്റ്റ് കാന്‍സറിനെ തടയുന്നു. ഇതിലെ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
6. സോയ
ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ ഈസ്ട്രജന്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സോയ സഹായിക്കും. ആര്‍ത്തവവിരാമമായ സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ശരീരത്തിനുണ്ടാകുന്ന അമിത വിയര്‍പ്പും ചൂടും. സോയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകും. അതുപോലെ സോയബീനിന്റെ ഉപയോഗം ബ്രെസ്റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും.
7. മാതളം
അദ്ഭുതഫലമെന്ന് പറയപ്പെടുന്ന മാതളം പല രോഗങ്ങള്‍ക്കും ഒരു ഔഷധമായി ആദികാലം മുതല്‍ ഉപയോഗിച്ചുവരുന്നു. ഇതിന്റെ തൊലി, ജ്യൂസ്, പൂക്കള്‍, ഓയില്‍, അല്ലികള്‍ എന്നിവ എല്ലാം വിവിധ ഹോര്‍മോണുകളെ നിയന്ത്രണവിധേയമാക്കുന്നതിനും ക്രമം തെറ്റിയുള്ള ആര്‍ത്തവം, വന്ധ്യത, പ്രീമെനോപ്പോസല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്. ഇതിലെ ആന്റി ആരോമലേയ്‌സ് ഫൈറ്റോ കെമിക്കല്‍സ് ബ്രെസ്റ്റ് കാന്‍സറിനെ നിയന്ത്രിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
സ്ത്രീകളുടെ ഒരു ആരോഗ്യസംരക്ഷണ പഴവര്‍ഗമാണ് മാതളമെന്ന് പറയാം. അമിതവണ്ണം, പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്, എന്റൊമെട്രിയോസിസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, മെനോപ്പോസിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ തടയാന്‍ മാതളം ശീലമാക്കാം. മാതളത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ സി,ബി,കെ,യു, പൊട്ടാസ്യം, നാരുകള്‍ എന്നിവയുമുണ്ട്. അതിനാല്‍ ഇത് ഹൃദ്രോഗങ്ങള്‍, ഡയബെറ്റിസ്, അല്‍ഷിമേഴ്‌സ്, പ്രോസ്റ്റേറ്റ് കാന്‍സര്‍, ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് പ്രതിവിധിയും കൂടിയാണ്.
8. ഇലവര്‍ഗ്ഗങ്ങള്‍
പലതരം പോഷകഗുണങ്ങളുടെ കലവറയാണ് പച്ചിലവര്‍ഗ്ഗങ്ങള്‍. ആന്റി ഓക്‌സിഡന്റുകളും ധാരാളം. സ്‌ട്രെസ്സ് കുറക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇലവര്‍ഗ്ഗങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ബാലന്‍സ് ശരിയായി നിലനിര്‍ത്താനും ഇവ സഹായിക്കും. പലതരം ചീരകള്‍, കാബേജ്, ബീറ്റ് ഗ്രീന്‍സ്... എന്നവയെല്ലാം ശരീരത്തിന് ആവശ്യമായ ഇരുമ്പ് നല്‍കുന്നു.
കടപ്പാട്: ഡോ. കരുണ എം.എസ്.
ചീഫ് കണ്‍സള്‍ട്ടന്റ് ഇന്‍ ഫുഡ് & ന്യൂട്രീഷ്യന്‍
ഡോ. കരുണ ഡയറ്റ് കെയര്‍ സെന്റര്‍, തൃശ്ശൂര്‍
Content Highlights: foods that help to prevent hormone imbalance