നിങ്ങള്‍ക്കുണ്ടോ ഫൂഡ് അലര്‍ജി? ഈ ലക്ഷണങ്ങള്‍ പറയും

Representative image
Representative image

ചില പ്രത്യേകതരം ആഹാരങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് പാല്‍, മുട്ട, ഗോതമ്പ്, നിലക്കടല, കടുക്ക, ചെമ്മീന്‍ തുടങ്ങിയവ. ഏതാണ്ട് 10 ശതമാനത്തോളം ആളുകള്‍ ഈ അലര്‍ജിമൂലം കഷ്ടതയനുഭവിക്കുന്നുണ്ട്.  
ശരീരത്തില്‍ പ്രവേശിക്കുന്ന പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണമുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നുപറയുന്നു. ഭക്ഷണത്തിലൂടെയും വായുവിലൂടെയും ചര്‍മത്തിലൂടെയുമാണ് അലര്‍ജനുകള്‍ ശരീരത്തിനകത്തെത്തുന്നത്.

ഈലക്ഷണങ്ങളെ തിരിച്ചറിയാം 

അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ അകത്തെത്തിയാല്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

  • ദേഹം ചൊറിഞ്ഞുതടിക്കുന്നതാണ് പ്രധാനമായി കാണാറുള്ള ലക്ഷണം.
  • വയറുവേദന, ഛര്‍ദി, വായിലും നാക്കിലും ചൊറി എന്നിവയും അലര്‍ജിയുടെ ലക്ഷണങ്ങളാവാം.
  • ചിലര്‍ക്ക് കഠിനമായ ശ്വാസംമുട്ടലായിരിക്കും ഉണ്ടാവുക. വളരെ ചുരുക്കം പേരില്‍ ഇത് തീവ്രമായി അനഫിലാക്റ്റിക് ഷോക്കിലേക്ക് നയിക്കാം. അതുമൂലം രക്തസമ്മര്‍ദം പെട്ടെന്ന് താഴാനും ബോധക്ഷയത്തിനും സാധ്യതയുണ്ട്.
  • ചിലര്‍ക്ക് അലര്‍ജിക്ക് കാരണമായ ഭക്ഷണം കഴിച്ചാലുടന്‍ ഇത് പ്രകടമാവും. ചിലരില്‍ മണിക്കൂറുകള്‍ക്ക് ശേഷവും.

പ്രിസര്‍വേറ്റീവുകളും പ്രശ്‌നക്കാര്‍

ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറംകൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയും അലര്‍ജിക്ക് ഇടയാക്കുന്നുണ്ട്. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, ചോക്ലേറ്റുകൾ, അച്ചാറുകള്‍, ഐസ്‌ക്രീം തുടങ്ങിയവയാണ് ഇത്തരത്തില്‍ അലര്‍ജിയുണ്ടാക്കാറുള്ളത്. 

രോഗനിര്‍ണയവും ചികിത്സയും

ഏതിനോടൊക്കെയാണ് ശരീരത്തിന് അലര്‍ജിയെന്ന് മനസ്സിലാക്കാനായി അലര്‍ജി ടെസ്റ്റിങ് സഹായിക്കും. പലതരം അലര്‍ജനുകള്‍ തൊലിപ്പുറത്ത് ചെറിയ അളവില്‍ കുത്തിവെച്ചുണ്ടാകുന്ന റിയാക്ഷനുകള്‍ വിലയിരുത്തുന്നതാണ് ടെസ്റ്റിങ്.

ചികിത്സയില്‍ പ്രധാനം അലര്‍ജിയുണ്ടാക്കുന്ന ആഹാരം ഒഴിവാക്കുക എന്നതാണ്. അവയുടെ വര്‍ഗത്തില്‍പ്പെടുന്ന (ഉദാ: പയറുവര്‍ഗങ്ങള്‍) മറ്റ് ഭക്ഷ്യവസ്തുക്കളും ഒഴിവാക്കുന്നതാണ് നല്ലത്. കടുത്ത അലര്‍ജിക് റിയാക്ഷനുകള്‍ ഉണ്ടായാല്‍ ആന്റിഹിസ്റ്റമിനുകള്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Food allergy and its cure