ഫ്‌ളമിംഗോയെ പോലെ വെറുതേ നിന്നാല്‍ മതി.… ഗുണകരമാണോ ഫ്‌ളമിംഗോ സ്‌ക്വാട്ട് ?

പ്രതീകാത്മക ചിത്രം /എഐ
പ്രതീകാത്മക ചിത്രം /എഐ

ഫ്‌ളമിംഗോ സ്‌ക്വാട്ടിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഒറ്റക്കാലില്‍ നില്‍ക്കുകയും മറ്റേ കാല്‍ നിലത്തുനിന്ന് ഉയര്‍ത്തുകയും ചെയ്യുന്ന ഫ്ളമിംഗോയുടെ നില്‍പ്പിനോട് സാമ്യമുള്ള ഒരു വ്യായാമമാണിത്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും കാലിന്റെ ശക്തിയും വിലയിരുത്തി കായികക്ഷമത നിര്‍ണ്ണയിക്കുന്ന 'ഫ്‌ളമിംഗോ ടെസ്റ്റും' സമാനമായ രീതിയില്‍ തന്നെയാണ് നടത്തുന്നത്. പ്രഥമദൃഷ്ട്യാ ഇത് യോഗാസനമായുംതോന്നാം.

ആദ്യം ചെറുതായി കാല്‍പ്പാദങ്ങള്‍ അകത്തി വെച്ച് നില്‍ക്കുക. തുടര്‍ന്ന് ശരീരഭാരം ഒരു കാലിലേക്ക് മാറ്റുക. മറ്റേ കാല്‍ മടക്കി ചെറുതായി പിന്നോട്ട് ഉയര്‍ത്തുക. വ്യായാമം ചെയ്യുമ്പോള്‍ ഉടനീളം അത് ഉയര്‍ത്തി വെക്കുക. ബാലന്‍സ് നിലനിര്‍ത്തി ഇരിക്കുന്നതുപോലെ ചെറുതായി ശരീരം താഴ്ത്തുക. ശേഷം ചലനം നിയന്ത്രിച്ച് പഴയ സ്ഥാനത്തേക്ക് തിരികെ ഉയരുക. രണ്ട് കാലുകളിലും ഒരേ രീതി ആവര്‍ത്തിക്കുക. ഇങ്ങനെയാണ് ഫ്‌ളമിംഗോ സ്‌ക്വാട്ട് ചെയ്യുന്നത്. ഇതിന് നിയന്ത്രണവും ഏകോപനവും ആവശ്യമാണ്. സാവധാനത്തിലുള്ള നിയന്ത്രിതമായ ഒരു ചലനമായതുതന്നെയാണ് വ്യായാമത്തെ ഇത്ര ഫലപ്രദമാക്കുന്നത്.

ഫ്‌ളമിംഗോ സ്‌ക്വാട്ട് നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്തുന്നു. കാല്‍മുട്ടിലെയും കണങ്കാലിലെയും സന്ധികളെയും ഇത് ബലപ്പെടുത്തുന്നു. പേശികള്‍ക്ക് ശക്തിയും ദൃഢതയും നല്‍കുക മാത്രമല്ല, ശരീരത്തിന്റെ അസന്തുലിതാവസ്ഥയെ ശരിയാക്കാനും സഹായിക്കും. ഓട്ടം, ചാട്ടം, മറ്റ് കായിക വിനോദങ്ങള്‍ എന്നിവയില്‍ മികച്ച പ്രകടനത്തിന് ശരീരത്തെ പരിശീലിപ്പിക്കാനും ഈ വ്യായാമം നല്ലതാണ്.

സന്ധികളില്‍ അമിത സമ്മര്‍ദ്ദം ചെലുത്താതെയുള്ള രീതിയാണിത്. ആയാസം കുറഞ്ഞതാണെങ്കിലും ഇതിനെ തീവ്രത കുറഞ്ഞതായി തെറ്റിദ്ധരിക്കരുത്. പ്രായമായവര്‍ക്കും പരിക്കില്‍ നിന്ന് കരകയറുന്നവര്‍ക്കും സന്ധികളുടെ ദീര്‍ഘായുസ്സിന് മുന്‍ഗണന നല്‍കുന്നവര്‍ക്കും ഒക്കെ ഇത് ഉപകരിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: boost balance, coordination & leg strength with the flamingo squat exercise. Learn how to do it and its benefits.