കുട്ടികൾക്ക് പനി വന്നാൽ സ്‌കൂളിൽ വിടേണ്ടതുണ്ടോ? ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് എന്തെല്ലാമാണ്?

Image/Shutterstock
Image/Shutterstock

മഴക്കാലമാണ്. കുട്ടികളിൽ ഇടയ്ക്കിടെ പനിവരുന്ന സമയമാണ് ഇത്. സ്‌കൂളിൽ നിന്നെത്തുക പനിയും ജലദോഷവുമായിട്ടായിരിക്കും. കുട്ടികളുടെ പനി ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്നത് മാതാപിതാക്കൾക്കാണ്. സ്‌കൂളിൽ വിടണോ, വിടാതിരുന്നാൽ ക്ലാസ് നഷ്ടമാവില്ലേ? തുടങ്ങി സംശയങ്ങൾ തീരില്ല.

ശരീര ഊഷ്മാവ് ഉയരുക, കൈകാലുകളിൽ വേദന എന്നീ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ പനി സംശയിക്കാം. ഇതോടൊപ്പം ചർമത്തിൽ തടിച്ച പാടുകൾ, അപസ്മാരലക്ഷണങ്ങൾ, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുള്ള വർധന എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണമാവാം.

ഫസ്റ്റ് എയ്ഡ് ഇങ്ങനെ
സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളംകൊണ്ട് ശരീരം നനച്ചുതുടക്കുന്നതാണ് പ്രാഥമികമായി നൽകാവുന്ന ചികിത്സ. കക്ഷം, തുടയുടെ മേൽഭാഗത്തെ മടക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നന്നായി തുടക്കണം. പനി കുറയുന്നില്ലെങ്കിലും സ്വയംചികിത്സയ്ക്ക് നിൽക്കരുത്. ഉടൻ വൈദ്യസഹായം തേടാം.

പനിക്കുള്ള പാരസെറ്റാമോൾ മരുന്ന് ഡോക്ടർ നിർദേശിച്ച അളവിൽ നൽകണം. ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ നൽകുന്നതും ഗുണകരമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുലയൂട്ടുന്ന കുഞ്ഞിന് പനിയുണ്ടെങ്കിലും അത് തുടരാം. മരുന്ന് നൽകിയിട്ടും പനി കുറയാതിരിക്കുകയും മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്താൽ ഉടൻ ആസ്പത്രിയിൽ കൊണ്ടുപോകണം.

സ്‌കൂളിൽ അയക്കണോ?
പനിയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. സ്‌കൂളിൽ പോകുമ്പോൾ ഓടിക്കളിക്കാനും മറ്റും ഇടയുള്ളതിനാൽ പനി മാറാൻ വൈകും. മാത്രമല്ല മറ്റ് കുട്ടികൾക്ക് പകരാനും സാധ്യതയുണ്ട്. അതിനാൽ പരമാവധി വിശ്രമം നൽകണം.
പനിയുള്ളപ്പോൾ അവർക്ക് ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡും നൽകരുത്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ ശുദ്ധജലം ധാരാളം കുടിക്കാം. വ്യക്തിശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് കൊണ്ട് വായും മൂക്കും പൊത്താൻ കുട്ടികളെ പഠിപ്പിക്കണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: How to Manage Childhood Fever: Symptoms, Care, and Recovery