ധാരാളം സ്ത്രീകള്‍ 25-30 വയസ്സോടെ അണ്ഡങ്ങള്‍ ശീതീകരിച്ചുവയ്ക്കാന്‍ താത്പര്യപ്പെടുന്നുണ്ട്

വിശേഷമൊന്നുമായില്ലേ..? വിവാഹം കഴിഞ്ഞ് പുതുമോടി മായുംമുന്‍പേ ചോദ്യംവരികയായി. ഉടനെയൊന്നും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചവര്‍ ഈ ചോദ്യം അവഗണിക്കും. എന്നാല്‍ ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവര്‍ക്ക് ഇത് വലിയ പ്രയാസമുണ്ടാക്കും.
വന്ധ്യത ശാപമല്ല. ഇത് പരിഹരിക്കാന്‍ ഇന്ന് മികച്ച ചികിത്സാമാര്‍ഗങ്ങളുണ്ട്. ഇത്തരം മാര്‍ഗങ്ങളിലുടെ വന്ധ്യത എന്ന പ്രശ്‌നത്തെ ധാരാളം ദമ്പതിമാര്‍ മറികടക്കുന്നുണ്ട്.
എന്താണ് വന്ധ്യത
ഒരു വര്‍ഷത്തോളം സ്വാഭാവിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമാവാതെ വരുമ്പോഴാണ് വന്ധ്യതയായി കണക്കാക്കുന്നത്. പങ്കാളികളുടെ പ്രായം പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയും.
35 വയസ്സാകുമ്പോഴേക്കും സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് കുറഞ്ഞുവരാറുണ്ട്. മാത്രമല്ല പ്രായം കൂടുന്തോറും ലൈംഗിക താത്പര്യവും കുറഞ്ഞേക്കാം. ഇതും വന്ധ്യതയ്ക്ക് കാരണമാണ്.
വന്ധ്യതയുടെ കാരണങ്ങളില്‍ സ്ത്രീയ്ക്കും പുരുഷനും തുല്ല്യ പങ്കാളിത്തമുണ്ട്. അറിയപ്പെടാത്ത മറ്റ് കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം വൈകിയേക്കാം. സാധാരണഗതിയില്‍ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗര്‍ഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വര്‍ഷത്തിനകമാണെങ്കില്‍ 85 ശതമാനവും. 90 ശതമാനവും ഒന്നര വര്‍ഷത്തിനകവും 95 ശതമാനം രണ്ടുവര്‍ഷത്തിനകവും ഗര്‍ഭം ധരിക്കും.
സ്ത്രീകളിലെ പ്രശ്‌നങ്ങള്‍
അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഒരു ആര്‍ത്തവചക്രത്തില്‍ ഒരിക്കല്‍ ഒരു അണ്ഡം മാത്രമാണ് വിസര്‍ജിക്കപ്പെടുന്നത്. ഇത് കൃത്യമായി നടന്നില്ലെങ്കില്‍ ബീജസംയോഗം നടക്കില്ല. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, ഹൈപ്പര്‍ പ്രൊലാക്റ്റിനേമിയ, അണ്ഡങ്ങളുടെ ഗുണനിലവാരമില്ലായ്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാണ്.
- ഗര്‍ഭപാത്രത്തിലെയും അണ്ഡവാഹിനിക്കുഴലിലെയും തകരാറുകളാണ് മറ്റൊരു കാരണം. ഗര്‍ഭപാത്രത്തിനോ അണ്ഡവാഹിനിക്കുഴലിനോ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അണ്ഡത്തിന്റെ സഞ്ചാരം തടസ്സപ്പെടും. അപ്പോള്‍ സ്വാഭാവികമായി ഗര്‍ഭധാരണം നടക്കില്ല.
- ഗര്‍ഭാശയത്തില്‍ കാണുന്ന കാന്‍സര്‍ അല്ലാത്ത കോശവളര്‍ച്ചയെയാണ് ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയിഡ്) എന്നുപറയുന്നത്. ഇതും സ്ത്രീവന്ധ്യതയ്ക്ക് കാരണമാകുന്നു.
- പിറ്റിയൂട്ടറി, ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തന തകരാറുമൂലവും അണ്ഡോത്പാദനം നടക്കാതെ വരുന്നു.
- ഗര്‍ഭാശയത്തിനുള്ളിലെ സ്തരമാണ് എന്‍ഡോമെട്രിയം. ഇതിനു സമാനമായ കോശങ്ങള്‍ ഗര്‍ഭാശയത്തിനു പുറമെ വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഈ അവസ്ഥ ബീജസംയോഗത്തെ തടസ്സപ്പെടുത്തും.
പുരുഷന്റെ പ്രശ്‌നങ്ങള്‍
ശുക്ലത്തിലെ അപാകതകള്‍, ലൈംഗികബന്ധത്തിലെ അപാകങ്ങള്‍ എന്നിവ പുരുഷവന്ധ്യതയുടെ പ്രധാന കാരണങ്ങളാണ്.
- ബീജമില്ലാത്ത അവസ്ഥ, ബീജത്തിന് ചലനക്കുറവ്, ബീജത്തിന്റെ ആകൃതിയിലുള്ള അപാകങ്ങള്‍ എന്നിവയും പുരുഷവന്ധ്യതയ്ക്ക് ഇടയാക്കാം.
- വൃഷ്ണത്തിലെ അണുബാധ, വൃഷ്ണ കാന്‍സര്‍, വൃഷ്ണത്തിലെ ശസ്ത്രക്രിയ, വെരിക്കോസില്‍, ജനിതക തകരാറുകള്‍, മുണ്ടിനീര് രോഗം എന്നിവയും പ്രത്യുത്പാദനശേഷി കുറയ്ക്കാന്‍ ഇടയാക്കുന്ന കാരണങ്ങളാണ്.
പരിശോധനകള്‍
പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ പരിശോധനകളുണ്ട്. പുരുഷന്‍മാരില്‍ ശാരീരിക പരിശോധനയാണ് ആദ്യം. തുടര്‍ന്ന് ശുക്ലപരിശോധന നടത്തും. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത എന്നിവ തിരിച്ചറിയാനാകും. ആവശ്യമെങ്കില്‍ രക്തപരിശോധനയും അള്‍ട്രാസൗണ്ട് പരിശോധനകളും ചെയ്യാറുണ്ട്.
സ്ത്രീകളില്‍ ഹോര്‍മോണ്‍ നില, ഹീമോഗ്ലോബിന്‍ നില, അണ്ഡവിസര്‍ജന തോത് എന്നിവ മനസ്സിലാക്കാന്‍ രക്തപരിശോധന ചെയ്യും. ചിലരില്‍ ലാപ്രോസ്‌കോപിയും ആവശ്യമായിവരും. ഇവ കൂടാതെ ജനിതക പരിശോധന, പെല്‍വിക് അള്‍ട്രാസൗണ്ട്, തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും നടത്താറുണ്ട്.
അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയിഡ്), എന്‍ഡോമെട്രിയോസിസ് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ബീജസംഖ്യയിലെ അളവിലുണ്ടാകുന്ന കുറവ്, ലൈംഗികബന്ധത്തിലെ അപാകതകള്‍ എന്നിവ പുരുഷവന്ധ്യതയുടെ പ്രധാന കാരണമാണ്.
അണ്ഡങ്ങള്‍ ശീതീകരിച്ചുവെക്കാം
അണ്ഡം സൂക്ഷിച്ചുവെച്ച ശേഷം താത്പര്യമുള്ളപ്പോള്‍ ഗര്‍ഭധാരണത്തിന് ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നുണ്ട്. ധാരാളം സ്ത്രീകള്‍ 25-30 വയസ്സോടെ അണ്ഡങ്ങള്‍ ശീതീകരിച്ചുവയ്ക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ജോലിനേടി സ്വയം പര്യാപ്തരായശേഷം വിവാഹം കഴിക്കുകയും ഈ അണ്ഡങ്ങള്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
കൃത്രിമഗര്‍ഭധാരണ മാര്‍ഗങ്ങള്‍
കൃത്രിമമാര്‍ഗങ്ങളിലൂടെ ഗര്‍ഭധാരണം സാധ്യമാക്കുന്ന ചികിത്സാരീതികളെ പൊതുവെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നിക്‌സ് എന്ന് വിളിക്കുന്നത്.
- ഐ.യു.ഐ.-കത്തീറ്ററിന്റെ സഹായത്തോടെ ബീജം ഗര്‍ഭപാത്രത്തില്‍ നേരിട്ട് നിക്ഷേപിക്കുന്ന രീതിയാണ് ഇന്‍ട്രായൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ അഥവാ ഐ.യു.ഐ.
- ഐ.വി.എഫ്.-അണ്ഡവും ബീജവും ശരീരത്തിന് പുറത്ത് കൃത്രിമമായി സംയോജിപ്പിച്ച് വളര്‍ത്തിയെടുക്കുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐ.വി.എഫ്.). അറിയപ്പെടാത്ത കാരണങ്ങള്‍കൊണ്ടുള്ള വന്ധ്യത, അണ്ഡവാഹിനിക്കുഴലില്‍ തടസ്സം, മരുന്നുകളും ഐ.യു.ഐയും ഫലിക്കാതെവരിക എന്നീ അവസ്ഥകളിലാണ് ഐ.വി.എഫ്.നിര്‍ദേശിക്കാറുള്ളത്.
- ഇക്‌സി- ഒരേയൊരു ബീജം ഒരു അണ്ഡത്തിലേക്ക് കുത്തിവെക്കുന്ന ചികിത്സാ രീതിയാണ് ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ അഥവ ഇക്‌സി. ബീജക്കുറവുള്ളവര്‍ക്ക് ഫലപ്രദമാണ് ഈ രീതി.
- അസിസ്റ്റഡ് ഹാച്ചിങ്-ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നതിന് സഹായിക്കുന്ന രീതിയാണ് അസിസ്റ്റഡ് ഹാച്ചിങ്. ഭ്രൂണത്തിന് അതിന്റെ കവചം പൊട്ടിച്ച് പുറത്തേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ രീതി ആശ്രയിക്കാറുള്ളത്. ഐ.വി.എഫ്. ചികിത്സകള്‍ മുമ്പ് പരാജയപ്പെട്ടവര്‍, പ്രായമായ സ്ത്രീകള്‍ എന്നിവര്‍ക്ക് ഇത് നല്ലതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചില പുതിയ ചികിത്സാരീതികളും ആരംഭിച്ചിട്ടുണ്ട്.
- ത്രി പാരന്റ് ഐ.വി.എഫ്. -ഏറ്റവും നൂതനമായ ചികിത്സാരീതികളിലൊന്നാണ് ത്രി പാരന്റ് ഐ.വി.എഫ്. അമ്മയുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എയില്‍നിന്ന് ഉണ്ടാകാവുന്ന, ജനിതകരോഗങ്ങള്‍ക്ക് സാധ്യതയുള്ള ദമ്പതികളില്‍ നടത്തുന്ന നൂതന ചികിത്സ രീതിയാണിത്. ആരോഗ്യവതിയായ ദാതാവില്‍ നിന്ന് അണ്ഡം എടുത്ത്, അതിലെ ന്യൂക്ലിയസുകളെ സ്ട്രിപ് ചെയ്തുമാറ്റും. ആ അണ്ഡത്തിലെക്ക് അമ്മയുടെ ന്യൂക്ലിയസുകളെ നിക്ഷേപിക്കും. അച്ഛന്റെ ബീജവുമായി ഇതിനെ ബീജസങ്കലനം ചെയ്യിപ്പിക്കുകയും അവ ഭ്രൂണമാകുമ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പുനര്‍നിക്ഷേപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍.എയിലൂടെ വരുന്ന ജനിതകരോഗങ്ങള്‍ ഉണ്ടാകില്ല.
- പ്രി ഇംപ്ലാന്റേഷന്‍ ജനറ്റിക് ടെസ്റ്റിങ് എം (PGT-M)
ഈ ചികിത്സയില്‍ ഭ്രൂണങ്ങളെ ബയോപ്‌സി ചെയ്ത് പ്രത്യേക ജനിതക തകരാറിന് കാരണമായ ജീന്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നു. തുടര്‍ന്ന് ആരോഗ്യകരമായ ഭ്രൂണങ്ങളെ മാത്രം വേര്‍തിരിച്ചെടുത്ത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) പോലുള്ള ഗുരുതരമായ ജനിതകരോഗങ്ങള്‍ ഇല്ലാതാക്കി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ഈ രീതിയിലൂടെ കഴിയും.
പി.ജി.ടി.എ.ആണ് മറ്റൊരു രീതി. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ജനിതകവൈകല്യങ്ങളുള്ള കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പി.ജി.ടിഎ യില്‍ ഭ്രൂണം ബയോപ്‌സി ചെയ്ത്, നല്ലവ മാത്രം തിരികെ നിക്ഷേപിക്കുന്നു.
ഇക്‌സി, അസിസ്റ്റഡ് ഹാച്ചിങ്, സര്‍ജിക്കല്‍ സ്‌പേം റിട്രീവല്‍ എന്നീ രീതികളും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്.
സുരക്ഷിതം
കൃത്രിമ ഗര്‍ഭധാരണരീതികള്‍ ആരോഗ്യത്തിന് ഒരുവിധത്തിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നില്ല. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മറ്റേതു ചികിത്സയിലുമെന്നപോലെ ചില വിഷമങ്ങള്‍ നേരിട്ടേക്കാം. ഐ.വി.എഫ്. വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകരോഗം വരാറുണ്ട് എന്ന ആരോപണങ്ങളും തെറ്റാണ്. മാതാപിതാക്കളുടെ ജനിതകപ്രശ്‌നങ്ങള്‍ സ്വാഭാവികമായി കുട്ടികള്‍ക്കും കണ്ടേക്കാമെന്നുമാത്രം.
വിജയസാധ്യത
ഏകദേശം 30-40 ശതമാനം പേരിലാണ് ആദ്യഘട്ട ഐ.വി.എഫ്. ചികിത്സയില്‍ തന്നെ ഫലം ലഭിക്കാറുള്ളത്. അതായത് മൂന്നില്‍ ഒരാള്‍ക്ക്. വളരെ ചെറിയ പ്രായത്തില്‍തന്നെ ആര്‍ത്തവവിരാമം വരുന്നവരില്‍ ഐ.വി.എഫ്. ഫലപ്രദമാകാറില്ല. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ ചിലരെങ്കിലും ചികിത്സ നിര്‍ത്തുകയോ മറ്റ് സെന്ററുകളെ തേടിപ്പോവുകയോ ചെയ്യാറുണ്ട്. ഇത് ശരിയല്ല. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച് ഫലപ്രദമാകുന്നതുവരെ ചികിത്സ തുടരാനുള്ള മനസ്സ് ദമ്പതിമാര്‍ക്കുണ്ടാവണം.
പ്രതിരോധിക്കാം
വന്ധ്യത പ്രതിരോധിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. പി.സി.ഒ.ഡി., എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് നിയന്ത്രിക്കാനുള്ള ജീവിതരീതികള്‍ പിന്തുടരണം.
- സ്ത്രീകളില്‍ വന്ധ്യയുടെ പ്രധാന കാരണം പി.സി.ഒ.ഡി. ആണ്. അമിതവണ്ണം പി.സി.ഒ.ഡിയിലേക്ക് നയിക്കും.
- അമിതവണ്ണവും കുടവയറും പുരുഷന്‍മാരില്‍ ബീജത്തിന്റെ എണ്ണം കുറയ്ക്കും.
- സ്ഥിരമായ മദ്യപാനം ബീജത്തിന്റെ എണ്ണം കുറയ്ക്കുമെന്നതിനാല്‍ ഒഴിവാക്കണം.
- പൂരിത കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണം.
- അമിതമായ ടെന്‍ഷന്‍ ഒഴിവാക്കണം. അമിതമായ മാനസിക സമ്മര്‍ദം ആണിന്റെയും പെണ്ണിന്റേയും ഹോര്‍മോണ്‍ഘടനയില്‍ മാറ്റംവരുത്തും.
- വ്യായാമം ശീലമാക്കണം. വ്യായാമം ഇല്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ഹോര്‍മോണ്‍ നില തെറ്റാനും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ഇടയാക്കും.
- ഗര്‍ഭധാരണം വൈകാതിരിക്കുന്നതാണ് നല്ലത്. 23-25 വയസ്സാണ് ആദ്യ പ്രസവത്തിന് ഏറ്റവും അനുയോജ്യം. 35 വയസിന് ശേഷമുള്ള ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.
- ക്രമം തെറ്റിയ ആര്‍ത്തവവും അമിത ആര്‍ത്തവവും തുടക്കത്തില്‍ കണ്ടെത്തണം. വന്ധ്യതയ്ക്കിടയാക്കുന്ന പി.സി.ഒ.ഡി. ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടെയും ആരംഭം കൗമാരകാലമാണ്. അതുകൊണ്ട് ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ തേടണം
- എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടണം. വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍ എന്നിവ നല്ലതാണ്.
- ആര്‍ത്തവശുചിത്വം പാലിക്കണം. ഡയോക്‌സിന്‍ ബഹിര്‍ഗമിക്കാത്ത തരം പാഡുകള്‍ ഉപയോഗിക്കാന്‍ ശീലിക്കണം.
കടപ്പാട്: ഡോ. വിജയലക്ഷ്മി ജി.പിള്ള
ചീഫ് മെഡിക്കല്‍ ഓഫീസര്‍ & എച്ച്.ഒ.ഡി. , ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് & ഇന്‍ഫെര്‍ട്ടിലിറ്റി വിഭാഗം, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍, കൊച്ചി
Content Highlights: fertility treatment and artificial insemination