ഗർഭധാരണം ഇനി ഇഷ്ടമുള്ളപ്പോൾ; ഇന്ത്യയിൽ എഗ്ഗ് ഫ്രീസിംഗിന് പ്രചാരമേറുന്നു

സമീപവർഷങ്ങളിൽ ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ എഗ്ഗ് ഫ്രീസിംഗ് അഥവാ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന രീതിക്ക് പ്രചാരം വർധിച്ചിട്ടുണ്ട്. വ്യക്തിപരമോ വൈദ്യപരമോ ആയ വിവിധ കാരണങ്ങളാൽ തങ്ങളുടെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കിടയിലാണ് ഇതിന് സ്വീകാര്യതയേറുന്നത്. എന്താണ് എഗ്ഗ് ഫ്രീസിംഗ്?
വൈദ്യശാസ്ത്രപരമായി 'ഊസൈറ്റ് ക്രയോപ്രിസർവേഷൻ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയയിലൂടെ സ്ത്രീകൾക്ക് അവരുടെ അണ്ഡങ്ങൾ ആരോഗ്യപരവും ജീവിതശൈലീപരവുമായ ഘടകങ്ങളാൽ ബാധിക്കപ്പെടാതെ സംരക്ഷിക്കാൻ സാധിക്കുന്നു. ഈ അണ്ഡങ്ങൾ പിന്നീട് ഗർഭധാരണത്തിനായി ഉപയോഗിക്കാം. ഇത് ഒരുതരം 'അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി' ആണ്.
സ്ത്രീകൾ ഒരു നിശ്ചിതഎണ്ണം അണ്ഡങ്ങളുമായാണ് ജനിക്കുന്നത്. മുപ്പതുകളുടെ അവസാനത്തിൽ ഇവയുടെ ഗുണനിലവാരവും അളവും കുറയാൻ തുടങ്ങുന്നു. അതിനാൽ അണ്ഡങ്ങൾ പിന്നീട് ഉപയോഗിക്കുന്നതിനായി സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് എഗ്ഗ് ഫ്രീസിംഗ്. മനുഷ്യശരീരത്തിന് പ്രായമാകുന്നതുപോലെ അണ്ഡകോശങ്ങൾക്കും പ്രായമാകും. ലളിതമായി പറഞ്ഞാൽ അണ്ഡങ്ങൾ ശീതീകരിക്കുന്നത് വഴി അവയെ പ്രായമാകാതെ സൂക്ഷിക്കാം. അതായത് ഏത് പ്രായത്തിലാണോ അവ ശീതീകരിക്കുന്നത് അതേ പ്രായത്തിൽത്തന്നെ ആ അവയെ സംരക്ഷിക്കാൻ സാധിക്കുന്നു. ഈ സാങ്കേതികവിദ്യ സ്ത്രീകൾക്ക് അവരുടെ സ്വന്തം അണ്ഡങ്ങൾ പിന്നീട് ഉപയോഗിക്കുന്നതിനായി സഹായിക്കുക മാത്രമല്ല, മറ്റൊരാളുടെ അണ്ഡം ഉപയോഗിച്ച് ഗർഭം ധരിക്കാനും സഹായിക്കുന്നു.
ജലാംശം അടങ്ങിയ സൈറ്റോപ്ലാസത്തിലെ ജലം നീക്കം ചെയ്ത് അതിനെ ചുരുക്കുകയും നെഗറ്റീവ് താപനിലയിൽ ദ്രവ നൈട്രജനിൽ കോശത്തെ സംരക്ഷിക്കുകയുമാണ് ഈ പ്രക്രിയയിൽ ചെയ്യുന്നത്. ഇത് അണ്ഡത്തിന്റെ എല്ലാ ഉപാപചയ പ്രവർത്തനങ്ങളെയും മരവിപ്പിക്കുന്നു. പക്ഷേ അണ്ഡം നശിച്ചുപോകുന്നില്ല. ദ്രവ നൈട്രജനിൽ നിന്ന് പുറത്തെടുത്ത് ജലാംശം തിരികെ നൽകി അതിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. പുനരുജ്ജീവിപ്പിച്ച ഈ കോശത്തെ ബീജവുമായി സംയോജിപ്പിച്ച് ബീജസങ്കലനം നടത്താം. ഇൻ വിട്രോ ഫെർട്ടിലൈസേഷന്റെ ഒരു രൂപമായ ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജെക്ഷൻ വഴി ഗർഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. മുൻപ് സ്ലോ ഫ്രീസിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അണ്ഡകോശങ്ങൾ സംരക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ക്രയോപ്രിസർവേഷനിലൂടെയാണ് ചെയ്യുന്നത്.
അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ തിരഞ്ഞെടുക്കുന്നത് സ്ത്രീകൾക്ക് അവരുടെ പ്രത്യുത്പാദനപരമായ തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള സ്വാതന്ത്ര്യവും ശാക്തീകരണവും നൽകുന്നു. ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ മിക്ക ദമ്പതികളും വൈകിയുള്ള ഗർഭധാരണം തിരഞ്ഞെടുക്കുന്നു. മെച്ചപ്പെട്ട കരിയർ കെട്ടിപ്പടുക്കുന്നതും സാമ്പത്തികഭദ്രത നേടുന്നതും സ്ത്രീകൾ വിവാഹവും കുട്ടികളും വൈകി മതി എന്ന് തീരുമാനിക്കുന്നതിനുള്ള കാരണങ്ങളാണ്.
സ്വാഭാവിക ഗർഭധാരണത്തിന് തടസ്സമായേക്കാവുന്ന എൻഡോമെട്രിയോസിസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറീസ് പോലുള്ള രോഗാവസ്ഥകൾ ഉള്ളവരോ അല്ലെങ്കിൽ പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ളവരോ ആയ സ്ത്രീകൾക്കും ഇതൊരു മികച്ച അവസരമായി മാറുന്നു. ഈ പ്രക്രിയ ജനിതക രോഗങ്ങൾ നിർണ്ണയിക്കാനും സഹായിക്കും. ഈ നടപടിക്രമം തിരഞ്ഞെടുക്കുന്നതിന് മുൻപ് സ്ത്രീകൾക്ക് ഒരു സ്‌ക്രീനിംഗ് നടത്താവുന്നതാണ്. ജനിതക മാപ്പിംഗിലൂടെ എന്തെങ്കിലും ജനിതകരോഗ സാധ്യതകളുണ്ടോ എന്ന് കണ്ടെത്താൻ കഴിയും.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പരിശീലനം നേടിയ ഒരു മെഡിക്കൽ ഡോക്ടറും ഭ്രൂണശാസ്ത്രജ്ഞയുമായ ഡോ. തനയ നരേന്ദ്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തെക്കുറിച്ച് പതിവായി പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഈയിടെ ഇന്ത്യയിൽ എഗ്ഗ് ഫ്രീസിംഗിന് എത്ര ചിലവാകും എന്ന തലക്കെട്ടിൽ അവർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ എഗ്ഗ് ഫ്രീസിംഗിന്റെ ചെലവ് സ്ഥലം, ക്ലിനിക്കിന്റെ പ്രശസ്തി, ഉപയോഗിക്കുന്ന മരുന്നുകൾ, സംഭരണ ഫീസ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം എന്നാണ് അവർ പറഞ്ഞത്.
അവരുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ എഗ്ഗ് ഫ്രീസിംഗിന്റെ മൊത്തം ചെലവ് ഏകദേശം 1 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ്. ഇതിൽ നിങ്ങളുടെ രോഗനിർണയ പരിശോധനകൾ, മരുന്നുകൾ, ഹോർമോണുകൾ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ഫ്രീസിംഗ് പ്രക്രിയ, വാർഷിക പരിപാലന ചെലവുകൾ എന്നിവയും ഉൾപ്പെടും. ഗർഭധാരണം വൈകിപ്പിക്കാൻ ആഗ്രഹിക്കുകയും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു പങ്കാളി നിങ്ങൾക്കുണ്ടെങ്കിൽ അണ്ഡങ്ങൾക്ക് പകരം ഭ്രൂണങ്ങൾ ശീതീകരിക്കുന്നത് പരിഗണിക്കണമെന്നും അത് നിങ്ങൾക്ക് മികച്ച ഫലം നൽകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Egg freezing offers Indian women reproductive autonomy. Learn about the process, benefits, costs, & more.