നഖങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നോ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം / ഫോട്ടോ: freepik
പ്രതീകാത്മക ചിത്രം / ഫോട്ടോ: freepik

നമ്മുടെ വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കൃത്യമായ അളവുകോലാണ് നമ്മുടെ ഓരോരുത്തരുടെയും നഖങ്ങൾ. പലപ്പോഴും വൃത്തിയില്ലാത്ത നഖങ്ങൾ കാരണം നമ്മുടെ ആത്മവിശ്വാസം വരെ ചോർന്നുപോകാം. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കാനൊക്കെ ഇന്ന് മികച്ച മാർഗങ്ങളുണ്ട്. സലൂണുകളിൽ പോയി മാനിക്യൂർ ട്രീറ്റ്‌മെന്റുകൾ പോലുള്ളവ ചെയ്യാം.

എന്നാൽ സലൂൺ മാനിക്യൂറുകൾ മികച്ചതാണെങ്കിലും അവയ്ക്ക് വലിയ വില നൽകേണ്ടിവരും! അങ്ങനെ വരുമ്പോൾ നിങ്ങളുടെ നഖങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ എല്ലാ മാസവും സലൂൺ സന്ദർശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിൽ തന്നെ മികച്ച രീതിയിൽ നഖ സംരക്ഷണം നമുക്ക് ചെയ്യാവുന്നതേയുള്ളൂ. 

എല്ലാവർക്കും അറിയുന്നതു പോലെ തന്നെ നഖങ്ങൾ വൃത്തിയായി വെട്ടി വയ്ക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. നേർത്ത തരികളുള്ള നെയിൽ ഫയൽ ഉപയോഗിച്ച് സൗമ്യമായി നഖങ്ങൾക്ക് ആകൃതി നൽകുക. ഇത് നഖങ്ങൾ അനാവശ്യമായി പൊട്ടിപ്പോകുന്നത് ഒഴിവാക്കും.

നഖങ്ങളുടെ മൂലകളിലുള്ള ലോലമായ ചർമമാണ് ക്യൂട്ടിക്കിളുകൾ. അവ പൂർണമായും മുറിച്ച് കളയുന്നത് ഒഴിവാക്കുക. കാരണം നഖത്തിന്റെ അരികുകളെ അണുബാധയിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നത് ഈ ക്യൂട്ടിക്കിളുകളാണ്. മുറിക്കുന്നതിനു പകരം ഇളം ചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം അവയെ പതുക്കെ പിന്നോട്ട് തള്ളാം.

ശേഷം നഖങ്ങൾക്ക് തിളക്കം നൽകാനും കറകൾ നീക്കം ചെയ്യാനും ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീര് കലർത്തുക. ഇതിൽ ഒലിവ് ഓയിലും ചേർക്കാം. ശേഷം നഖങ്ങൾ 10-15 മിനിറ്റ് മുക്കിവെക്കുക. നഖങ്ങൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ എളുപ്പം നീക്കം ചെയ്യാൻ ഇതിനു സാധിക്കും. തുടർന്ന് കൂടുതൽ മൃദുത്വത്തിനായി ഹാൻഡ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക. ആഴ്ചയിലൊരിക്കൽ നിങ്ങളുടെ നഖങ്ങൾ എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും നഖങ്ങൾക്കും കൈകൾക്കും ചുറ്റുമുള്ള നിർജ്ജീവ ചർമ്മകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

എപ്പോഴും വൃത്തിയാക്കിയതിനു ശേഷം ഇഷ്ടാനുസരണമുള്ള നെയിൽ പെയിന്റുകൾ കൊണ്ട് നഖങ്ങൾക്ക് നിറവും നൽകാം. കഠിനമായ നെയിൽ പോളിഷുകളും അസെറ്റോൺ അടങ്ങിയ റിമൂവറുകളും ഒഴിവാക്കാൻ ശ്രമിക്കണം. വാട്ടർ ബേസ്‌ഡോ വിഷരഹിതമായതോ ആയ നെയിൽ പെയിന്റുകളും അസെറ്റോൺ രഹിത റിമൂവറുകളും ആണ് നല്ലത്. എന്നാൽ നെയിൽ പോളിഷുകൾ ഒഴിവാക്കി കുറച്ചു ദിവസങ്ങൾ നഖങ്ങൾക്ക് അവയുടെ സ്വാഭാവികത തിരിച്ചെടുക്കാൻ നൽകണം.

പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ച് നഖങ്ങളുടെ വളർച്ചയും ശക്തിയും മെച്ചപ്പെടുത്തുക. മുട്ട, നട്‌സ്, ചീര, മധുരക്കിഴങ്ങ്, മത്സ്യം എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉള്ളിൽ നിന്ന് നഖങ്ങൾക്ക് ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.

(പൊതുവായ നിർദേശങ്ങൾ മാത്രമാണിവ)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi