ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നുണ്ടോ, എങ്കില്‍ ഭക്ഷണശീലം മാറ്റൂ

പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാവുമോ? മുടി കൊഴിയുമോ? ഒരുഘട്ടം കഴിയുമ്പോള്‍ നമ്മളില്‍ പലരെയും അലട്ടുന്ന ചിന്തകളിതാണ്. സൗന്ദര്യം വയസ്സിനോട് ചേര്‍ത്തുവെക്കേണ്ടതില്ല. അത് ജീവിതശൈലിക്കും, ശരിയായ ഭക്ഷണശീലങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു പ്രതിഫലനമാണ്. പോഷകസമൃദ്ധമായ ഭക്ഷണക്രമവും ശരിയായ ജീവിതരീതിയും പിന്തുടര്‍ന്നാല്‍, അറുപത് കഴിഞ്ഞാലും ചര്‍മം തിളങ്ങുമെന്നുറപ്പ്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങളാണ് 'പണി'തരുന്നത്. കേശ-ചര്‍മ്മ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഓരോന്നായി തല പൊക്കുന്നത് അപ്പോഴാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗന്ദര്യവര്‍ധക വസ്തുക്കളും ചികിത്സകളും സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും മറക്കരുത്.
ദിവസവും നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തില്‍ തെളിഞ്ഞുകാണാന്‍ സാധിക്കും. ശരിയായ പോഷകങ്ങള്‍ ചേര്‍ന്ന ഭക്ഷണക്രമം ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താനും, മുടിക്ക് കരുത്തും മൃദുലതയും നല്‍കാനും സഹായിക്കുന്നു. അതേസമയം, ആവശ്യത്തിന് പോഷകങ്ങൾ കഴിക്കാത്തവരുടെ ചർമ്മം വരണ്ടുണങ്ങാനും മുടികൊഴിച്ചില്‍ കൂട്ടാനും കാരണമാകുകയും ചെയ്യും. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ശരിയായ ഭക്ഷണശീലം ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ്.
പോഷകങ്ങള്‍ പലവിധം
വിറ്റാമിന്‍ എ: ആരോഗ്യമുള്ള ത്വക്കിനും മുടിക്കും വേണ്ട അത്യാവശ്യഘടകം. ഇവ കൊഴുപ്പിനെ അലിയിച്ചുകളയുന്നു. ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലും കൊളാജന്റെ ഉത്പാദനം കൂട്ടുന്നതിലും എണ്ണമയം ഇല്ലാതാക്കുന്നതിലുമൊക്കെ വിറ്റാമിന്‍ എ കാര്യമായ പങ്ക് വഹിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്, പച്ച ഇലക്കറികള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ സി: ചര്‍മ്മകോശങ്ങളെ സംരക്ഷിക്കാന്‍ ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. കൊളാജന്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇലാസ്തികത നല്‍കുന്നതിലൂടെ മുടി പൊട്ടുന്നത് തടയും. സിട്രസ് പഴങ്ങള്‍, സ്‌ട്രോബെറി, മണി കുരുമുളക് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബയോട്ടിന്‍: ഇത് വിറ്റാമിന്‍ ബി7 എന്നും അറിയപ്പെടുന്നു. ഇത് വെള്ളത്തില്‍ അലിഞ്ഞുപോകുന്ന ഒരു ബി കോംപ്ലക്‌സ് ഐ വിറ്റാമിന്‍ ആണ്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും രോമകൂപങ്ങളുടെ ആരോഗ്യത്തിനുമൊക്കെ ബയോട്ടിന്‍ അനിവാര്യമാണ്. ചര്‍മ്മത്തിലെ നീര് കുറയ്ക്കാനും സഹായിക്കുന്നു. മൃതകോശങ്ങളെ പുറന്തള്ളി ചര്‍മ്മകോശങ്ങളെ വേഗത്തില്‍ പുനരുജ്ജീവിപ്പിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തി, കൂടുതല്‍ തിളക്കം നല്‍കുന്നു. രോമകൂപങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്നതിനാല്‍ മുടിക്ക് കട്ടിയും മൃദുലതയും ആരോഗ്യവും ലഭിക്കും. മുടികൊഴിച്ചില്‍ തടയാനും ഇത് നല്ലതാണ്. മുട്ടയുടെ മഞ്ഞ, അവോക്കാഡോ, വാള്‍നട്ട്, ചിയ സീഡ്, സോയ, നട്ട്‌സ്, ബീന്‍സ്, ധാന്യങ്ങള്‍, ബെറി, കടല്‍ വിഭവങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
സിങ്ക്: മുടിയുടെ കോശ വളര്‍ച്ച കൂട്ടാന്‍ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എണ്ണഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കുന്ന ഫോളിക്കിളുകളെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. മാംസം, തോടുള്ളമത്സ്യം, പയറുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍ എന്നിവയില്‍ സിങ്ക് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ഉത്തമമാണ്.
ഇരുമ്പ്: ശരീരത്തിലെ മതിയായ ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്ക് കാരണമായേക്കാം. മുടി കൊഴിച്ചിലിന്റെ മുന്‍നിര കാരണങ്ങളിലൊന്നാണിത്. ചുവന്ന മാംസം, പയറ്, പച്ച ഇലക്കറികള്‍ എന്നിവയില്‍ ഇരുമ്പ് സമ്പന്നമാണ്. ഇവ കഴിക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കും.
വേണം ആരോഗ്യകരമായ കൊഴുപ്പ്
ഒമേഗ 3 ഫാറ്റി ആസിഡുകള്‍: ചര്‍മ്മാരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കൊഴുപ്പുകളാണ് ഇവ. ചര്‍മ്മത്തിന് ദൃഢതയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുപോലെ തലയോട്ടി വരണ്ടതാക്കുന്നതും തടയുന്നു. ഫ്‌ളാക്‌സ് സീഡ്, സാല്‍മണ്‍, അയല എന്നിവ കഴിക്കുന്നത് നല്ലതാണ്.
ആവശ്യത്തിന് പ്രോട്ടീനുകള്‍
കൊളാജന്‍: ചര്‍മ്മത്തിന് ചന്തം കൂട്ടുന്ന പോഷകമാണ് കൊളാജന്‍. ചര്‍മ്മത്തിന് തിളക്കവും ഇലാസ്തികതയും കൂട്ടാന്‍ കൊളാജന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങി പോഷകങ്ങള്‍ ധാരാളമടങ്ങിയ ഭക്ഷണക്രമത്തിലൂടെ കൊളാജന്റെ അളവ് വര്‍ധിപ്പിക്കാം.
കെരാറ്റിന്‍: മുടിയുടെ ആരോഗ്യത്തിന് കെരാറ്റിന്‍ കൂടിയേ തീരൂ. കോഴി, മത്സ്യം, മുട്ട, ബീന്‍സ് തുടങ്ങിയവയില്‍ കെരാറ്റിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിക്ക് മിനുസവും നല്‍കുന്നു.
ജലാംശം: ചര്‍മ്മകോശങ്ങള്‍ക്ക് അവശ്യ പോഷകങ്ങള്‍ കൈമാറാന്‍ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ വരണ്ട ചര്‍മ്മം തടഞ്ഞ് സ്വാഭാവികമായ ചര്‍മം സ്വന്തമാക്കാന്‍ കഴിയുന്നു.
ഒഴിവാക്കാം ചിലത്: അമിതമായി പാല്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. അമിത മധുരവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്നു. കൂടാതെ, ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്. ശരിയായ പോഷകാഹാരവും കൃത്യമായ വ്യായാമവും ശീലമാക്കിയാല്‍ തന്നെ ആരോഗ്യവും സൗന്ദര്യവും താനേ വന്നുചേരും.
വിവരങ്ങള്‍ക്ക് കടപ്പാട്: ശുഭശ്രീ പ്രശാന്ത് (ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്, ആറ്റുകാല്‍ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രൈ.ലിമിറ്റഡ്)
Content Highlights: Diet secrets for glowing skin and strong hair