രാവിലത്തെ പ്രമേഹനില എങ്ങനെ നിയന്ത്രിക്കാം?

ഇന്നത്തെ ജീവിതസാഹചര്യങ്ങൾ അനുസരിച്ച്, ഏറ്റവുമധികം ആളുകൾ മരുന്നുകൾ ഉപയോഗിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഇതിനെ പ്രീ-ഡയബറ്റിക്, ഡയബറ്റിക് അവസ്ഥകൾ എന്ന് വിളിക്കുന്നു. മരുന്നുപയോഗിക്കുന്ന പ്രമേഹരോഗികളിൽ ഭക്ഷണത്തിന് ശേഷം ഉള്ള പൊതുവെ ഷുഗർ നോർമൽ ആയിരിക്കും. പക്ഷെ, രാവിലെ ഉറക്കമെഴുന്നേറ്റ് പരിശോധിക്കുമ്പോൾ ഷുഗർ കൂടുതലായി കാണപ്പെടാറുണ്ട്. ആഹാരത്തിലും മരുന്നിലും ഏറെ ശ്രദ്ധിച്ചിട്ടും ഫാസ്റ്റിംഗ് ഷുഗർ മാത്രം ഇങ്ങനെ ഉയർന്നു നിൽക്കുന്ന അവസ്ഥയെയാണ് 'ഡോൺ ഫിനോമിനൻ' (Dawn Phenomenon) എന്ന് പറയുന്നത്. പ്രമേഹമുള്ളവരിൽ 50 ശതമാനത്തിലധികം ആളുകളിലും ഈ അവസ്ഥ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എന്താണ് ഡോൺ ഫിനോമിനൻ
പുലർച്ചെ ഏകദേശം 3 മണിക്കും 8 മണിക്കും ഇടയിൽ നമ്മുടെ ശരീരം കോർട്ടിസോൾ, ഗ്രോത്ത് ഹോർമോൺ തുടങ്ങിയവ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ കരളിന് സിഗ്നൽ നൽകുകയും നമുക്ക് ഉണർന്നെഴുന്നേൽക്കാൻ ആവശ്യമായ ഊർജത്തിനായി (ഗ്ലൂക്കോസ്) കരൾ കൂടുതൽ ഷുഗർ ഉത്പാദിപ്പിച്ച് രക്തത്തിൽ കലർത്തുകയും ചെയ്യുന്നു. ഉണരുന്നതിന് ആവശ്യമായ ഊർജ്ജം നൽകുന്നതിനായുള്ള ഒരു സ്വാഭാവിക ശാരീരിക പ്രവർത്തനമാണിത്. എന്നാൽ, പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ (Insulin resistance) ഉള്ളവരിൽ ഇത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുന്നു.
ഇൻസുലിന്റെ താളംതെറ്റൽ
ആരോഗ്യമുള്ള വ്യക്തികളിൽ, ഇതിനോടൊപ്പം തന്നെ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ പുറപ്പെടുവിക്കുകയും, 'ഇത്രയും പഞ്ചസാര മതി' എന്ന് കരളിന് നിർദ്ദേശം നൽകി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. എന്നാൽ പ്രമേഹമുള്ളവരിൽ പാൻക്രിയാസിന്റെ ഈ പ്രവർത്തനം കാര്യക്ഷമമായി നടക്കാതിരിക്കുകയും, തന്മൂലം കരൾ അമിതമായി ഷുഗർ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് അതിരാവിലെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ അധികമായി കാണാൻ കാരണം.
ആയുർവേദ ചര്യകൾ
ഡോൺ ഫിനോമിനൻ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ…
1. അത്താഴം ക്രമീകരിക്കുക:
ദിവസത്തെ അവസാനത്തെ ഭക്ഷണമോ അത്താഴമോ വൈകുന്നേരം നേരത്തെ തന്നെ കഴിക്കുക.
2. രാത്രിയിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കുക:
അന്നജം അടങ്ങിയ ഭക്ഷണങ്ങൾ, വൈറ്റ് ബ്രെഡ്, പാസ്ത, അരി അല്ലെങ്കിൽ ഉറങ്ങുന്നതിനു തൊട്ടുമുമ്പ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് തുടങ്ങിയവ ഒഴിവാക്കുക. പകരം പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അന്നജം ഇല്ലാത്ത പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
3. അത്താഴത്തിന് ശേഷമുള്ള നടത്തം:
അത്താഴത്തിന് ശേഷം അല്പനേരം സാവധാനം നടക്കുകയോ ലഘുവായ വ്യായാമങ്ങൾ ചെയ്യുകയോ ആകാം. ഇത് പേശികളെ രാത്രിയിൽ ഗ്ലൂക്കോസ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
4. രാവിലെയുള്ള വ്യായാമം:
ഉറക്കമുണർന്ന ഉടനെ വ്യായാമം ചെയ്യുകയോ വേഗത്തിൽ നടക്കുകയോ ചെയ്യുന്നത് കരൾ പുറത്തുവിടുന്ന അധിക ഗ്ലൂക്കോസിനെ എരിച്ചുകളയാൻ സഹായിക്കും.
5. സമ്മർദ്ദവും ഉറക്കവും നിയന്ത്രിക്കുക:
മാനസിക സമ്മർദ്ദവും ഉറക്കക്കുറവും കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ അളവ് വർധിപ്പിക്കും. ഇത് കരളിനെ കൂടുതൽ ഗ്ലൂക്കോസ് പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. അതിനാൽ ഉറങ്ങുന്നതിനുമുമ്പ് മനസ്സ് ശാന്തമാക്കാനായി ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുന്നത് നല്ലതാണ്.
6. ചിട്ടയായ ജീവിതശൈലി:
യോഗ, നടത്തം, പ്രാണായാമം, സന്തുലിതമായ ആഹാരം എന്നിവ ശീലമാക്കുന്നത് രക്തത്തിലെ അമിതമായ പഞ്ചസാരയെ തടയാൻ സഹായിക്കും.
7. ആയുർവേദ ഔഷധങ്ങൾ:
നിശാകതകാദി കഷായം, കതകഖദിരാദി കഷായം, അമൃതോത്തരം കഷായം, നിശാമ്ളകി ചൂർണം, പ്രമേഹ ഔഷധി ചൂർണം, കൈശോരഗുഗ്ഗുലു, ചന്ദ്രപ്രഭ ഗുളിക എന്നീ ആയുർവേദ ഔഷധങ്ങൾ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണ്. (എന്നാൽ ഇവയൊക്കെയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക).
ചിട്ടയായ ആഹാരക്രമവും കൃത്യമായ ഔഷധോപയോഗവും ടെൻഷൻ രഹിതമായ ദിനചര്യയുമുണ്ടെങ്കിൽ ആരോഗ്യപൂർണമായ ജീവിതം നിലനിർത്താൻ തീർച്ചയായും സാധിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dawn phenomenon causes high fasting blood sugar in the early morning hours due to hormone surges., Occurs in over 50% of diabetes patients when the liver overproduces glucose and insulin response is impaired., Can be managed naturally through early dinners, low carbohydrate night meals, post-dinner walks, and stress reduction., Ayurvedic remedies like Nishakathakadi kashayam and lifestyle modifications help regulate blood sugar.