ദിവസവും 5 കപ്പ് കാപ്പി വരെയാവാം, പക്ഷേ ആ രീതിയിൽ കഴിക്കരുത്

ദിവസവും എത്ര കപ്പ് കാപ്പി കുടിക്കാം? ആരോഗ്യത്തിന് സുരക്ഷിതമാണോ? കാപ്പിയെ ചുറ്റിപ്പറ്റി ഒരുപാട് സംശയങ്ങളുണ്ട് ആളുകൾക്ക്. എന്നാൽ ദിവസവും അഞ്ചു കപ്പു വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് മുതിർന്നവർക്ക് സുരക്ഷിതമാണെന്ന് കാണിക്കുകയാണ് പുതിയ പഠനത്തിൽ. ഹൃദയ സംബന്ധമായ (heart health) രോഗങ്ങളുടെ അപകട സാധ്യത ഇത് വർധിപ്പിക്കില്ലെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ജൂലൈ 20-ന് പുറത്തിറക്കിയ പുതിയ ശാസ്ത്രീയ പഠനത്തിൽ പറയുന്നു. ഒപ്പം മിതമായ കാപ്പി ഉപഭോഗം ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുടെ അപകട സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാമെന്നും. കാപ്പി പഞ്ചസാര, ക്രീം, ഫ്ലേവർ സിറപ്പുകൾ എന്നിവ ചേർക്കാതെ കഴിക്കുന്നതിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. അതേസമയം, കഫീൻ ഓരോ വ്യക്തിയിലും വ്യത്യസ്തഫലങ്ങളാണ് ഉണ്ടാക്കുക.
"കാപ്പിയിൽ നിന്നുള്ള കഫീൻ ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്, ഞങ്ങളുടെ അവലോകനത്തിൽ, മിക്ക മുതിർന്നവർക്കും ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കുന്നത് സുരക്ഷിതമാണ്"-കാലിഫോർണിയ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസർ ഡോ. ഗ്രിഗറി എം. മാർക്കസ് പറഞ്ഞു. എന്നാൽ എനർജി ഡ്രിങ്കുകളിലൂടെ ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. സാധാരണ കാപ്പിയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ ഇവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിരീക്ഷിക്കപ്പെട്ട ആരോഗ്യ ഗുണങ്ങൾ കഫീനിൽ നിന്ന് മാത്രമാണോ അതോ കാപ്പിയിലെ മറ്റ് സ്വാഭാവിക സംയുക്തങ്ങളിൽ നിന്നാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാ കഫീൻ പാനീയങ്ങളും ഒരുപോലെയല്ല, എനർജി ഡ്രിങ്കുകൾ പോലുള്ള ഉയർന്ന കഫീൻ ഉൽപ്പന്നങ്ങൾ രക്തസമ്മർദ്ദം കൂട്ടാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ചിലർക്ക് ഗുണങ്ങൾ നൽകിയേക്കാമെങ്കിലും എല്ലാവർക്കും കാപ്പി യോജിച്ചതാവണമെന്നില്ല. ഒരാൾക്ക് സുരക്ഷിതമായ അളവ് മറ്റൊരാൾക്ക് പ്രശ്നങ്ങളുണ്ടാക്കാം. നിങ്ങളുടെ ശരീരം കഫീനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിച്ച് മുന്നോട്ടുപോവുന്നതാണ് നല്ലതെന്നും സംഘം പറയുന്നു. സർക്കുലേഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Up to 400mg of caffeine (approx. 5 cups) is generally safe for most adults., Moderate coffee intake is linked to reduced risks of heart disease, stroke, and Type 2 diabetes., Avoid high-caffeine energy drinks which pose higher cardiovascular risks., Health benefits are most associated with black coffee without added sugar or cream., Individual response to caffeine varies based on genetics and metabolism.