കുഞ്ഞിന് മൂത്രമൊഴിക്കാൻ മടിയുണ്ടോ? അറിയാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങൾ

മൂത്രാശയ അണുബാധ കുട്ടികളിൽ സാധാരമാണ്. പലപ്പോഴും കുട്ടികൾ മൂത്രം പിടിച്ചുനിർത്തുന്നത് കാണാറുണ്ട്, പ്രത്യേകിച്ച് സ്‌കൂളിൽ. ശുചിമുറിയിൽ പോകാനുള്ള മടികൊണ്ടായിരിക്കാം ഇത്. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് അണുബാധയിലേക്ക് നയിച്ചേക്കാം. ജന്മനാലുള്ള പ്രവർത്തന വൈകല്യങ്ങളും ഇതിന് കാരണമാകാറുണ്ട്.
വൃക്കകൾ, മൂത്രസഞ്ചി, മൂത്രനാളി, മൂത്രദ്വാരം എന്നിവ ഉൾപ്പെടുന്നതാണ് മൂത്രാശയം. മൂത്രനാളിയെയും മൂത്രസഞ്ചിയെയുമാണ് അണുബാധ കൂടുതലായി ബാധിക്കാറുള്ളത്. ആൺകുട്ടികളേക്കാൾ പെൺകുട്ടികളിലാണ് മൂത്രാശയ അണുബാധ വരാൻ സാധ്യത.
അണുബാധയുണ്ടാക്കുന്ന രോഗാണുക്കളിൽ പ്രധാനി വൻകുടലിൽ കാണപ്പെടുന്ന ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിന് ചുറ്റും കൂടുതലായി കണ്ടുവരുന്ന ഇവ അനുകൂലസാഹചര്യം വരുമ്പോൾ മൂത്രനാളിയിലൂടെ ഉള്ളിൽ കടന്ന് അണുബാധയ്ക്ക് ഇടയാക്കുന്നു.
തിരിച്ചറിയാം ഈ ലക്ഷണങ്ങൾ
പനി, വയറുവേദന, പുറംവേദന, ഓക്കാനം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മൂത്രനാളി, മൂത്രസഞ്ചി എന്നിവയിലാണ് അണുബാധയെങ്കിൽ മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, കൂടെക്കൂടെ മൂത്രമൊഴിക്കുക, മൂത്രത്തിന് ദുർഗന്ധം എന്നീ ലക്ഷണങ്ങളും കണ്ടേക്കാം.
പരിഹാരം, ചികിത്സ
- വ്യക്തിശുചിത്വം പാലിക്കാൻ കുട്ടികളെ ശീലിപ്പിക്കണം.
- മൂത്രശങ്കവന്നാൽ ഉടൻ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെടണം.
- കൊച്ചുകുട്ടികളിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ ഡയപ്പർ ഉപയോഗം കുറയ്ക്കണം.
- ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ഡയപ്പർ ഉപയോഗിക്കേണ്ടിവന്നാൽ ഓരോ രണ്ട് മണിക്കൂറിലും അവ മാറ്റി പുതിയത് ഉപയോഗിക്കണം.
- ആൺകുട്ടികളിൽ ഒരിക്കൽ അണുബാധയുണ്ടായാൽ ശിശുരോഗവിദഗ്ധനെ കാണിച്ച് അൾട്രാസൗണ്ട് ഉൾപ്പടെയുള്ള പരിശോധനകൾ ചെയ്യാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Protect Your Child: Proven Ways to Prevent UTIs