ചീസ് കഴിക്കുമ്പോള്‍ സൂക്ഷിക്കണം; അര്‍ബുദം, പ്രമേഹം, അകാല വാര്‍ധക്യം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം

ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടരുചികളില്‍ പ്രധാനിയാണ് ചീസ്. കേക്കിലും സാൻഡ്വിച്ചിലും പാസ്തയിലും ഉള്‍പ്പെടെ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും ചീസ് ഇടംപിടിക്കുന്നു. എന്നാല്‍, ചീസ് ഒരു പാല്‍ ഉല്‍പ്പന്നം കൂടിയാണ്. അതായത്, എല്ലാ പാല്‍ ഉല്‍പ്പനങ്ങളിലുമെന്നപോലെ ഉയര്‍ന്ന പൂരിത കൊഴുപ്പ്, ഉയര്‍ന്ന കലോറി, ഉയര്‍ന്ന സോഡിയം നിരക്ക് തുടങ്ങിയ അപകടസാധ്യതകള്‍ ചീസിനും ബാധകമാണ് എന്നര്‍ഥം. അതുകൊണ്ട് മിതത്വം പാലിക്കാതെ ചീസ് കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
പാല്‍ ഉല്‍പ്പന്നങ്ങളുടെ വളരെ അമിതമായ ഉപയോഗം നിരവധി അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചീസ്, ഐസ്‌ക്രീം, കൊഴുപ്പ് നിറഞ്ഞ പാല്‍ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ സ്തനാര്‍ബുദ സാധ്യതയും മരണനിരക്കും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
അമിതമായാല്‍ ചീസിലെ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അല്‍ഷിമേഴ്‌സ് രോഗം എന്നിവയ്ക്ക് കാരണമായേക്കാം. 70% വരെ കൊഴുപ്പ് അടങ്ങിയ ചീസില്‍, ധമനികളില്‍ തടസ്സമുണ്ടാക്കുന്ന പൂരിത കൊഴുപ്പ് പ്രത്യേകിച്ചും കൂടുതലാണ്.
പാല്‍ ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ഇത് മുഖക്കുരുവിനും മറ്റ് ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ, എക്‌സിമ, സോറിയാസിസ് പോലുള്ള അവസ്ഥകള്‍ക്ക് ചീസ് ഉള്‍പ്പെടെയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ കാരണമായേക്കാം. ഇതിനുപുറമെ, ചീസ് ടെലോമിയറുകളുടെ നീളം കുറച്ച് അകാല വാര്‍ധക്യത്തിനും ചുളിവുകള്‍ക്കും കാരണമാകുന്നു.
ചീസിലും മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളിലും ഉയര്‍ന്ന അളവില്‍ കലോറി, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചീസില്‍ കലോറി കൂടുതലാണ്. ഒരു ഔണ്‍സിന് ഏകദേശം 100 കലോറിയുണ്ട്. മാത്രമല്ല, വലിയ അളവില്‍ പൂരിത കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിക്കുന്നതിനും രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദ്രോഗത്തിനും കാരണമായേക്കാം. നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ അമിതമായ ഉപയോഗം മലബന്ധത്തിനും ഇടയാക്കും.
ചില മൃദുവായ, സംസ്‌കരിക്കാത്ത പാലില്‍ നിന്നും നിര്‍മിച്ച ചീസുകളില്‍ ലിസ്റ്റീരിയ അണുബാധയ്ക്ക് സാധ്യതയുണ്ട്. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. പാസ്ചറൈസ് ചെയ്യാത്ത പാലില്‍ നിന്ന് നിര്‍മ്മിക്കുന്ന ബ്രീ, കാമംബെര്‍ട്ട്, ക്വെസോ ഫ്രെസ്‌കോ, ക്വെസോ ബ്ലാങ്കോ, പനേല, ഫെറ്റ, ബ്ലൂ-വെയ്ന്‍ഡ് തുടങ്ങിയ ചീസുകളിലാണ് അണുബാധയ്ക്ക് സാധ്യത കൂടുതല്‍. ഗര്‍ഭിണികള്‍, ശിശുക്കള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ ഇത്തരം ചീസുകള്‍ ഒഴിവാക്കുന്നതാകും നല്ലത്.
കുട്ടികള്‍ക്ക് ലാക്ടോസ് ദഹിപ്പിക്കാന്‍ കഴിയുമെങ്കിലും, പ്രായമാകുമ്പോള്‍ പലര്‍ക്കും ഈ കഴിവ് നഷ്ടപ്പെടുന്നു. ഇതാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. വയറിളക്കം, ഗ്യാസ്, വയറുവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ലോകത്ത് ഏകദേശം 68% ആളുകളെയും ബാധിക്കുന്ന ഈ അവസ്ഥ ചീസ് ഉപയോഗിക്കുന്നതിലൂടെ വഷളായേക്കാം.
(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the potential health risks associated with excessive cheese consumption, including cancer, skin issues, heart disease, and lactose intolerance. Learn more about healthy eating.