ഗര്‍ഭിണികള്‍ക്ക് രക്തദാനം ചെയ്യാമോ? രക്തം ദാനം ചെയ്യും മുന്‍പ് അറിയേണ്ടത്

രക്തദാനം
രക്തദാനം

ക്തദാനം മഹത്തായൊരു സത്കര്‍മമാണ്. മനുഷ്യരക്തത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അതുകൊണ്ടുതന്നെ സഹജീവികള്‍ക്ക് ആവശ്യമായിവരുമ്പോള്‍ രക്തം നല്‍കേണ്ടത് നമ്മുടെ ചുമതലകൂടിയാണ്. എന്നാല്‍ എല്ലാവര്‍ക്കും തോന്നുമ്പോഴെല്ലാം രക്തദാനം ചെയ്യാന്‍ കഴിയില്ല. 
രക്തദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പതിനെട്ടുവയസ്സ് തികഞ്ഞവരും പൂര്‍ണാരോഗ്യമുള്ളവരായിരിക്കണം. തലേദിവസം നന്നായി ഉറങ്ങി, രാവിലെ നന്നായി ഭക്ഷണം കഴിച്ചശേഷം വേണം രക്തദാനം ചെയ്യാന്‍. രക്തം നല്‍കുന്ന വ്യക്തി 24 മണിക്കൂറിനുള്ളില്‍ മദ്യപിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. 

* ആരോഗ്യമുള്ള പുരുഷന് മൂന്നുമാസം കൂടുമ്പോഴും സ്ത്രീക്ക് നാലുമാസം കൂടുമ്പോഴും രക്തദാനം ചെയ്യാവുന്നതാണ്. 
* ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, ആസ്ത്മ, അപസ്മാരം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് രക്തദാനം പാടില്ല. 
* ഗര്‍ഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം ചെയ്യരുത്. 
* ശരീരത്തില്‍ പച്ചകുത്തുകയോ പേവിഷബാധയ്ക്കുള്ള കുത്തിവെപ്പെടുക്കുകയോ ചെയ്തവര്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞാല്‍ രക്തദാനം ചെയ്യാവുന്നതാണ്. 
 

​​​​​​രക്തദാനത്തിന്റെ
ഗുണങ്ങള്‍

കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നത് സത്കര്‍മം മാത്രമല്ല, ശാരീരികാരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍രോഗത്തിനുള്ള സാധ്യത കുറയുന്നു. എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, മലേറിയ, സിഫിലിസ് എന്നീ പരിശോധനകള്‍ രക്തദാനം ചെയ്യുമ്പോള്‍ നടത്തുന്നതിനാല്‍ ഒരു മിനി ചെക്കപ്പിന്റെ ഫലവും ലഭിക്കുന്നു. 

ആഘോഷിക്കാം
രക്തദാനത്തിലൂടെ

മറ്റൊരു ജീവനെ താങ്ങിനിര്‍ത്തുന്ന പ്രവൃത്തിയായതിനാല്‍ രക്തദാനം ആഘോഷമാക്കാന്‍ നാം പഠിക്കണം. ജന്‍മദിനങ്ങള്‍, വിവാഹവാര്‍ഷികങ്ങള്‍ എന്നീ വേളകളിലെല്ലാം രക്തം ദാനം ചെയ്യുമെന്ന തീരുമാനമെടുക്കാം. നമുക്കൊപ്പമുള്ളവരെയും രക്തദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്യാം.

Content Highlights: Can pregnant women donate blood