കാണാന്‍ ചന്തമുള്ള പൂക്കള്‍, എന്നാല്‍ പലതും അപകടകാരികളാണ്

പ്രതീകാത്മകചിത്രം / ഫോട്ടോ: Shutterstock
പ്രതീകാത്മകചിത്രം / ഫോട്ടോ: Shutterstock

കാണാന്‍ ചന്തമുള്ള, പാട്ടിലും കവിതകളിലും നിറഞ്ഞുനിന്ന ചെടിയായിരുന്നു അരളി. എത്ര പെട്ടെന്നാണ് അതെല്ലാം മാറിമറിഞ്ഞത്. അരളി മാത്രമല്ല, നമ്മുടെ വീട്ടുപറമ്പിലും ചതുപ്പുകളിലും റോഡരികുകളിലും വിടര്‍ന്നുനില്‍ക്കുന്ന പല ചെടികളും ജീവന് ഭീഷണിയാണ്. 

അരളി

അരളിയുടെ ഇലയും പൂവും കായും വേരും പട്ടയുമെല്ലാം വിഷാംശമുള്ളതാണ്. പൂക്കുമ്പോള്‍ അരളിയുടെ വിഷാംശം വര്‍ധിക്കും. പൊന്നരളിയുടെ കായിലും ഇലയിലുമാണ് വിഷം കൂടുതല്‍. ഗ്ലൈക്കോസൈഡുകള്‍ എന്ന ഘടകമാണ് അരളിയെ വിഷകാരിയാക്കുന്നത്. രണ്ടോ മൂന്നോ ഇലകള്‍ ശരീരത്തിലെത്തിയാല്‍പോലും അപകടമാണ്. ഹൃദയസ്പന്ദന നിരക്കിനെയും താളത്തെയും ഗ്ലൈക്കോസൈഡുകള്‍ ബാധിക്കാം. ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നിവയാണ് വിഷം ഉള്ളിലെത്തിയാല്‍ കാണുന്ന പ്രധാനലക്ഷണങ്ങള്‍. മൂന്ന്-നാല് മണിക്കൂര്‍ കഴിയുമ്പോഴേക്കും വിഷം ആന്തരികാവയവങ്ങളെ ബാധിച്ചുതുടങ്ങും. എല്ലാവരിലും ഒരുപോലെയായിരിക്കില്ല വിഷത്തിന്റെ പ്രവര്‍ത്തനം. ഇത് പ്രായം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും.  ആശുപത്രിയില്‍ എത്തിച്ചാല്‍ വിഷാംശം പുറത്തുകളയുകയാണ് പ്രാഥമികമായി ചെയ്യുക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള മരുന്നുകളും നല്‍കും. 

''അരളിയിലെ വിഷം ഹൃദയത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. ഏത് വിഷവും ആമാശയത്തിലെത്തി രക്തത്തില്‍ ആഗിരണംചെയ്യുന്നതിന് ആറുമണിക്കൂര്‍വരെ സമയമെടുക്കും. അതിനിടയില്‍ ഛര്‍ദിപ്പിച്ചോ മറ്റ് മാര്‍ഗങ്ങളിലൂടെയോ വിഷം പുറത്തുകളഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം''-ഡോ. ബി. പത്മകുമാര്‍, പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ആലപ്പുഴ

ഒതളം

ഉപ്പുവെള്ളമുള്ള ജലാശയങ്ങളുടെ തീരത്തും കടല്‍ത്തീരങ്ങളിലുമാണ് ഒതളം സാധാരണ കാണാറുള്ളത്. ഇതിന്റെ കായ, വിത്ത്, കറ, ഇല, പട്ട ഇവയ്‌ക്കെല്ലാം വിഷസ്വഭാവമുണ്ട്. എങ്കിലും ഒതളത്തിന്റെ കായയിലാണ് കൂടുതല്‍ വിഷം. സെര്‍ബേറിന്‍ ആണ് വിഷഘടകം. ഹൃദയത്തെയാണ് വിഷം ബാധിക്കുക. ഒതളങ്ങ കഴിച്ചാല്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്ന ഹൈപ്പര്‍കലേമിയ എന്ന അപകടകരമായ അവസ്ഥയുണ്ടാകും. ഹൃദയമിടിപ്പ് കൂടുക, നെഞ്ചുവേദന, പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുക, തളര്‍ച്ച, കാഴ്ചമങ്ങല്‍, ക്രമമില്ലാത്ത ശ്വാസോച്ഛ്വാസം, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. 

കുന്നിക്കുരു

വെളുത്തത്, ചുവന്നത് എന്നിങ്ങനെ കുന്നിയുടെ രണ്ടിനങ്ങള്‍ക്കും വിഷസ്വഭാവമുണ്ട്. കുന്നിക്കുരു, ഇല, വേര്, പട്ട ഇവയിലെല്ലാം വിഷഘടകങ്ങളുണ്ട്. കുരുവിലാണ് വിഷം കൂടുതല്‍. കുരു ചവയ്ക്കുന്നതും സത്ത് മുറിവില്‍ പുരളുന്നതും മാരകമാണ്. കുന്നിവിഷം ബാധിച്ചാല്‍ രക്തം കലര്‍ന്ന അതിസാരവും ഛര്‍ദിയുമാണ് ആദ്യലക്ഷണം. ശക്തമായ വയറുവേദന, വിറയല്‍, രക്തംകലര്‍ന്ന മൂത്രം, അപസ്മാരം, ഭ്രമാവസ്ഥ, കുറഞ്ഞ രക്തസമ്മര്‍ദം, ഇവയുണ്ടാകും. കൂടാതെ ശ്വാസകോശം, കരള്‍, പ്ലീഹ ഇവയില്‍ മുറിവുകളും രക്തക്കട്ടകളുമുണ്ടാകും. 

ആവണക്ക്

നാട്ടിടങ്ങളില്‍ ആവണക്ക് സര്‍വസാധാരണമാണ്. ഇതിന്റെ ഇല, വിത്ത്, എണ്ണ, കാണ്ഡം ഇവയ്ക്ക് വിഷസ്വഭാവമുണ്ട്. ആവണക്കിന്‍വിത്തിന് വിഷമേറും. ആവണക്കിന്‍കുരു ആട്ടിയെടുത്തശേഷം ലഭിക്കുന്ന പിണ്ണാക്കിലും അപകടകാരിയായ റിസിന്‍ വളരെക്കൂടുതലാണ്. കരള്‍, വൃക്ക, പ്ലീഹ, ശ്വാസകോശങ്ങള്‍, രക്തക്കുഴല്‍ ഇവയെ ആവണക്കിന്‍വിഷം ബാധിക്കും. ആമാശയം, കുടല്‍ ഇവയില്‍നിന്നുള്ള രക്തസ്രാവം, രക്തം കലര്‍ന്ന ഛര്‍ദി, വയറിളക്കം, വയറുവേദന, അമിത ദാഹം, തളര്‍ച്ച, അപസ്മാരം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.  

മേന്തോന്നി

നാട്ടിടങ്ങളില്‍ സാധാരണമാണ് മേന്തോന്നി. അതിമനോഹരമായ പൂക്കളുള്ള മേന്തോന്നിയുടെ കിഴങ്ങാണ് വിഷം. ഇത് ഉള്ളില്‍ച്ചെന്നാല്‍ ആദ്യഘട്ടത്തില്‍ ചുണ്ടിലും വായിലും തൊണ്ടയിലും മരവിപ്പ്, പൊള്ളല്‍, ഛര്‍ദി, രക്തത്തോടെ വയറിളക്കം, വയറുവേദന ഇവ പ്രകടമാകും. തുടര്‍ന്ന് ഹൃദയം, തലച്ചോറ്, കരള്‍, വൃക്ക, മജ്ജ ഇവയെ ബാധിക്കുന്നു.

ഉമ്മം

ഒരു കളസസ്യമായ ഉമ്മം സമൂലം വിഷമയമാണ്. ഉമ്മത്തിന്റെ എല്ലാ ഇനങ്ങള്‍ക്കും വിഷമുണ്ട്. നീലപ്പൂവുള്ള ഉമ്മത്തിന് വിഷശക്തി കൂടുതലാണ്. ഉള്ളില്‍ ചെന്നാല്‍ തലച്ചോറ്, കരള്‍, വൃക്ക, ഹൃദയം ഇവയെ അപകടകരമായി ബാധിക്കാറുണ്ട്. വായിലും തൊണ്ടയിലും ചുട്ടുനീറ്റല്‍, ചര്‍മം ചുവക്കുക, ശ്വാസതടസ്സം, ഭ്രമാവസ്ഥ, മറവി, പെരുമാറ്റത്തില്‍ വ്യത്യാസം കാണുക, കൃഷ്ണമണി വികസിക്കുക, കാഴ്ചയില്‍ അവ്യക്തത എന്നിവയാണ് വിഷം ഉള്ളില്‍ ചെന്നാല്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍.

ചേര്

ചേരിന്റെ കായും കറയും വിഷകരമാണ്. കറ തൊട്ടാല്‍ ഉടനെ പൊള്ളലുണ്ടാക്കും. പഴുത്ത് വ്രണമാകും. അകത്ത് ചെന്നാല്‍ അന്നനാള-ആമാശയ വീക്കവും സംഭവിക്കാം. പൊള്ളല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ്, ശ്വാസംമുട്ടല്‍, ദേഹം കരുവാളിപ്പ്, കൃഷ്ണമണി വികസിക്കും, ശരീരത്തിന് നീല നിറം എന്നിവ ലക്ഷണങ്ങളാണ്. കാഞ്ഞിരത്തിന്റെ വിത്ത്, വേര്, ഇല, തടി എന്നിവയിലാണ് വിഷാംശം അടങ്ങിയിട്ടുള്ളത്. വിഷം ഉള്ളിലെത്തിയാല്‍ പേശികള്‍ക്ക് ബലക്ഷയം, ഉത്കണ്ഠ, കഠിനമായ വേദന, ശരീരം അമിതമായി ചൂടാവുക എന്നിവ ലക്ഷണങ്ങള്‍.

എരുക്ക്‌

എരുക്കിന്റെ കറ, ഇല, പൂവ്, വേര് എന്നിവയിലാണ് വിഷമുള്ളത്. അമിതമായ ഉമിനീര്‍സ്രാവം, ഛര്‍ദി, കൃഷ്ണമണി വികസിക്കുക, അപസ്മാരം എന്നിവ ലക്ഷണങ്ങളില്‍പ്പെടുന്നു. 

ഇവ കൂടാതെ കമുക്, ഇലക്കള്ളി, കാട്ടാവണക്ക്, കാട്ടുചേന, കായം, കുടകപ്പാല, കുരുട്ടുപാല, കൊടിത്തൂവ, നായ്ക്കുരുള, മരോട്ടി, നാഗദന്തി എന്നീ സസ്യങ്ങളിലും വിഷമുണ്ട്. ഇവ വൈദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതാണ് ഉചിതം. 

Content Highlights: beautiful but poisonous flowers