ആർക്കൊക്കെ വന്നേക്കാം, എങ്ങനെ പരിഹരിക്കാം വളംകടി?

സുഖജീവനം
സുഖജീവനം

മഴക്കാലത്തും മഞ്ഞുകാലത്തുമൊക്കെ കാൽവിരലുകൾക്കിടയിൽ വട്ടത്തിൽ പടരുന്ന പാടുകൾ കണ്ടിട്ടുണ്ടാകാം. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവും ഉണ്ടാക്കുന്നവയാണ് ഈ പാടുകൾ. ഇത് ഒരു പകർച്ചവ്യാധിയായ ഫംഗസ് അണുബാധയാണ്. ഈ അവസ്ഥയെ 'അത്‌ലറ്റ്സ് ഫൂട്ട്' (Athlete's Foot) അല്ലെങ്കിൽ 'വളംകടി' എന്ന് വിളിക്കുന്നു.

എന്താണ് വളംകടി അഥവാ അത്‌ലറ്റ്സ് ഫൂട്ട്?

അത്ലറ്റ്സ് ഫൂട്ട് ഒരു സാധാരണ ഫംഗസ് അണുബാധയാണ്. ഇത് കാലിലെ ചർമ്മത്തിൽ ചൊറിച്ചിൽ, നീറ്റൽ, പുകച്ചിൽ എന്നിവയോടുകൂടിയ ചുണങ്ങുണ്ടാക്കുന്നു. കാൽവിരലുകൾക്കിടയിലാണ് ഇത് സാധാരണയായി കാണപ്പെടുന്നതെങ്കിലും പാദങ്ങളുടെ മുകൾഭാഗത്തെയും താഴ്ഭാഗത്തെയും കുതികാലിനെയും ഇത് ബാധിച്ചേക്കാം. ചർമ്മം ചെതുമ്പൽ പോലെയാകുക, വിള്ളലുകൾ വീഴുക എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ചിലപ്പോൾ പാദങ്ങൾക്ക് ദുർഗന്ധവും ഉണ്ടാകാം.

'റിംഗ് വേം' (Ringworm) എന്ന ഒരിനം ഫംഗസ് ആണ് ഇതിന് കാരണം. അത്‌ലറ്റ്സ് ഫൂട്ടിനെ 'ടിനിയ പെഡിസ്' (Tinea Pedis) എന്നും വിളിക്കാറുണ്ട്. 'ടിനിയ' എന്നാൽ റിംഗ് വേം എന്നും, 'പെഡിസ്' എന്നാൽ പാദങ്ങൾ എന്നുമാണ് അർഥം.

ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

കാൽവിരലുകൾക്കിടയിലുള്ള ചർമ്മം, പാദങ്ങളുടെ അടിഭാഗം, മുകൾഭാഗം, അരികുകൾ, കുതികാൽ എന്നിവിടങ്ങളെ വളംകടി ബാധിച്ചേക്കാം. ചർമ്മം ചുവപ്പ്, പർപ്പിൾ, വെള്ള അല്ലെങ്കിൽ ചാരനിറത്തിലോ കാണപ്പെട്ടേക്കാം. ചർമ്മം അടർന്നുപോകുന്നതായും കാണാം.

വരാനുള്ള സാധ്യത ആർക്കൊക്കെ?

വളംകടി ആരെയും ബാധിക്കാം, എന്നാൽ പുരുഷന്മാരിലും 60 വയസ്സിനു മുകളിലുള്ളവരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. താഴെ പറയുന്നവർക്ക് രോഗസാധ്യത കൂടുതലാണ്:

  • പ്രമേഹ രോഗികൾ.
  • അമിതവണ്ണമുള്ളവർ.
  • ദുർബലമായ പ്രതിരോധശേഷി ഉള്ളവർ.
  • കാലുകളിൽ മുറിവുകളോ ക്ഷതങ്ങളോ ഉള്ളവർ.

രോഗകാരണങ്ങൾ

പലതരം ഫംഗസുകൾ വളംകടിക്ക് കാരണമാകുന്നു. ഇതൊരു പകർച്ചവ്യാധിയാണ്. ഫംഗസ് വളരാൻ ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷം ആവശ്യമാണ്.

  • നനഞ്ഞ സോക്‌സും ഇറുകിയ ഷൂസും ധരിക്കുന്നത് ഫംഗസ് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നു.
  • രോഗം ബാധിച്ച ചർമ്മവുമായോ, രോഗി ഉപയോഗിച്ച വസ്തുക്കളുമായോ ഉള്ള സമ്പർക്കത്തിലൂടെ ഇത് പകരാം.
  • നീന്തൽക്കുളങ്ങൾ, ലോക്കർ റൂമുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിന്ന് ഇത് പകരാം.
  • രോഗമുള്ള ഒരാളുടെ ടവൽ, സോക്സ്, ഷൂസ് എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം ലഭിക്കാം.

സങ്കീർണതകൾ

ചികിത്സിച്ചില്ലെങ്കിൽ, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം:

നഖങ്ങൾ: നഖങ്ങളിലെ ഫംഗസ് ബാധ ചികിത്സിക്കാൻ പ്രയാസമാണ്.

കൈകൾ: പാദങ്ങൾ ചൊറിയുന്നതിലൂടെ കൈകളിലേക്കും അണുബാധ പടരാം.

തുടയിടുക്ക് (Groin): വളംകടിക്ക് കാരണമാകുന്ന ഫംഗസ് തുടയിടുക്കിലേക്ക് പടർന്ന് 'ജോക്ക് ഇച്ച്'  എന്ന അവസ്ഥയ്ക്ക് കാരണമാകാം. ടവൽ ഉപയോഗിച്ച് ശരീരം തുടയ്ക്കുമ്പോഴാണ് ഇത് സാധാരണയായി പടരുന്നത്.

എങ്ങനെ തടയാം?

  • ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് പാദങ്ങളും കാൽവിരലുകൾക്കിടയിലുള്ള ഭാഗവും നന്നായി കഴുകുക.
  • കുളിച്ചതിന് ശേഷം കാൽവിരലുകൾക്കിടയിലുള്ള ഭാഗം നന്നായി തുടച്ചു ഉണക്കുക.
  • ഈർപ്പം മാറാൻ കാലിൽ ടാൽക്കം പൗഡറോ ആന്റിഫംഗൽ പൗഡറോ പുരട്ടുക.
  • വായുസഞ്ചാരം ലഭിക്കുന്ന ചെരിപ്പുകൾ ധരിക്കുക. റബ്ബർ/സിന്തറ്റിക് ഷൂസുകൾ ദീർഘനേരം ധരിക്കുന്നത് ഒഴിവാക്കുക.
  • ഈർപ്പം വലിച്ചെടുക്കുന്ന കോട്ടൺ സോക്‌സുകൾ ഉപയോഗിക്കുക. സോക്‌സുകൾ, ടവലുകൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകുക.

ആയുർവേദ പരിഹാരങ്ങൾ

  • ത്രിഫല ചൂർണം കൊണ്ട് കഷായം വെച്ച് അരിച്ച്, അത് ഉപയോഗിച്ച് വളംകടി ബാധിച്ച ഇടം വൃത്തിയാക്കുക.
  • വേപ്പ്, അല്ലെങ്കിൽ വേപ്പിൻ പട്ട ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കാൽ കഴുകാം.
  • കറ്റാർവാഴയുടെ നീര് കാലിൽ പുരട്ടുന്നത് ഫംഗസ് ബാധ കുറയ്ക്കാൻ സഹായിക്കും.
  • ആഴ്ചയിലൊരിക്കൽ ഇന്തുപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ കാൽ അല്പസമയം മുക്കി വെക്കുന്നത് അണുബാധ തടയാൻ സഹായിക്കും.

മരുന്നുകൾ (വൈദ്യനിർദ്ദേശപ്രകാരം മാത്രം):

പുറമെ പുരട്ടാൻ: രസോത്തമാദി ലേപം, മഹാതിക്തക ലേപം, ശതധൗത ഘൃതം, ഗന്ധകദി മലഹാരം.

കഴിക്കാൻ (പ്രതിരോധശേഷി വർധിപ്പിക്കാൻ): ആരോഗ്യവർധിനി വടി, മഞ്ചിഷ്ഠാദി കഷായം/ഗുളിക, നിംബാദി ഗുളിക, കൈശോര ഗുഗ്ഗുളു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn about Athlete`s Foot (Valamkadi), a common fungal infection. Discover its causes, symptoms, who`s at risk, prevention tips, and natural/Ayurvedic remedies.